Advertisement

തെക്കൻ റഷ്യയിലെ വിമാനത്താവളങ്ങൾ മാർച്ച് മൂന്നുവരെ അടച്ചു

February 24, 2022
1 minute Read

തെക്കൻ റഷ്യയിലെ വിമാനത്താവളങ്ങൾ മാർച്ച് മൂന്നുവരെ അടച്ചു. രാജ്യത്തെ പ്രധാനപ്പെട്ട 11 വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. റൊസ്‌തോവ്,ക്രസ്‌നൊദാർ, എനാപ, ഗെലൻഷിക്, എലിസ്റ്റ, സ്റ്റോവ്‌റോപോൾ, ബെൽഗോറോഡ്, ബ്രയാൻസ്‌ക്, ക്രിസ്‌ക്, വൊറോനെഷ്, സിംഫെറോപോൾ എന്നിവയാണ് അടച്ചിട്ടത്.

അതേസമയം യുക്രൈനില്‍ പട്ടാള നിയമം നിലവില്‍ വന്നു. ആയുധങ്ങള്‍ കൈവശമുള്ളവര്‍ക്ക് സൈന്യത്തിന്റെ ഭാഗമാകണമെന്ന് യുക്രൈന്‍ പ്രസിഡന്റ് ഉത്തരവിട്ടു. യുക്രൈനില്‍ റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് പ്രതിരോധിക്കുകയാണ് യുക്രൈന്‍. യുക്രൈന്റെ സൈന്യവും റഷ്യയ്ക്കെതിരെ ചടുലമായ നീക്കമാണ് നടത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതിന് വേണ്ടി ആയുധങ്ങള്‍ കൈവശമുള്ള ഏതൊരു വ്യക്തിയ്ക്കും രാജ്യത്തിന്റെ ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സില്‍ ചേരാമെന്നാണ് പ്രതിരോധ മന്ത്രി ഒലക്സി റെസ്നികോവും വ്യക്തമാക്കി.

യുക്രൈന്‍ സായുധ സേനയുടെ കരുതല്‍ സൈന്യമാണ് ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സ്. ഇതില്‍ സൈനികര്‍ക്കും അതേപോലെ സാധാരണക്കാര്‍ക്കും അംഗമാകാന്‍ സാധിക്കും. യുക്രൈന്റെ പ്രധാന സൈന്യത്തിന് ചില അവശ്യഘട്ടങ്ങളില്‍ സേവനം നല്‍കുക എന്നതാണ് ഇവരുടെ പ്രധാന കര്‍ത്തവ്യം. നിലവില്‍ രാജ്യത്തെ സങ്കീര്‍ണ സാഹചര്യം പരിഗണിച്ചാണ് പ്രതിരോധ മന്ത്രി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Read Also : ‘മോദി പുടിനുമായി സംസാരിക്കണം’; ഇന്ത്യയുടെ സഹായമഭ്യർത്ഥിച്ച് യുക്രൈൻ

ഇന്ന് പുലര്‍ച്ചെയാണ് യുക്രൈനില്‍ ആക്രമണം നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉത്തരവിട്ടത്. യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് പുടിന്‍ സൈനിക നടപടി പ്രഖ്യാപിച്ചത്. യുക്രൈനിലെ സൈനിക നടപടി അനിവാര്യമാണെന്ന് പറഞ്ഞ പുടിന്‍ നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.

Story Highlights: Airports in southern Russia closed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top