ആരോഗ്യ മേഖലയില്‍ ഇന്ത്യ-ബഹ്‌റൈന്‍ സഹകരണം ശക്തമാക്കാന്‍ നടപടികള്‍

ആരോഗ്യ മേഖലയില്‍ ഇന്ത്യ-ബഹ്‌റൈന്‍ സഹകരണം ശക്തമാക്കാനായി രൂപവത്കരിച്ച സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ആദ്യ യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നു. ഇന്ത്യന്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം എന്നിവ ചേര്‍ന്നാണ് വര്‍ക്കിംഗ് ഗ്രൂപ്പിന് രൂപം നല്‍കിയത്. ആരോഗ്യ രംഗത്തെ സഹകരണത്തിന് 2018 ജൂലൈയില്‍ ഒപ്പുവെച്ച ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്.
രോഗ നിര്‍ണയം, ഫാര്‍മസ്യൂട്ടിക്കല്‍ – മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ് നിലവിലെ ചര്‍ച്ചകള്‍. ഓണ്‍ലൈന്‍ യോഗത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചത് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളും ബഹ്‌റൈന്‍ സംഘത്തിന് നേതൃത്വം നല്‍കിയത് പൊതുജനാരോഗ്യ വിഭാഗം ഡയറക്ടറും ആക്ടിംഗ് അണ്ടര്‍ സെക്രട്ടറിയുമായ ഡോ. നജാത്ത് മുഹമ്മദ് അബുല്‍ ഫത്തേയുമാണ്. ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവയും യോഗത്തില്‍ പങ്കെടുത്തു.
Read Also : ഒമാനില്‍ കൊവിഡ് കുറയുന്നു; പ്രതിദിന കേസുകള്‍ ആയിരത്തില്‍ താഴെ
ആരോഗ്യ രംഗത്തെ ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മരുന്നുകള്‍ക്കുള്ള അംഗീകാര നടപടിക്ക് ഏകരൂപം നല്‍കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു. കൊവിഡ് വ്യാപനം കൈകാര്യം ചെയ്ത രീതി ഇരുഭാഗവും വിശദമായി അവതരിപ്പിച്ചു.
ഇന്ത്യയും ബഹ്‌റൈനും ഫലപ്രദമായാണ് കൊവിഡിനെ നേരിട്ടതെന്നും വിലയിരുത്തി. ഇതിന് പുറമേ മെഡിക്കല്‍ പ്രഫഷണലുകളുടെയും വിഗദ്ധരുടെയും പരസ്പര കൈമാറ്റം, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വൈദ്യ സംബന്ധമായ യാത്രകള്‍ പ്രോത്സാഹിപ്പിക്കല്‍, ഇരു രാജ്യങ്ങളുടെയും മെഡിക്കല്‍ ബിരുദങ്ങള്‍ പരസ്പരം അംഗീകരിക്കല്‍ തുടങ്ങിയവയും ചര്‍ച്ചയായി.
Story Highlights: Steps to strengthen India-Bahrain cooperation in the health sector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here