യുക്രൈനിലെ ആക്രമണ മേഖകളിൽ നിന്ന് പലായനം ചെയ്ത് ജനം

യുദ്ധ സാഹചര്യത്തിൽ യുക്രൈനിലെ ആക്രമണ മേഖകളിൽ നിന്ന് പലായനം ചെയ്ത് ജനം. യുക്രൈനിലുള്ള പൗരന്മാരെ ഒഴിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന് അമേരിക്ക അറിയിച്ചു. ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് നിർദേശം. സുരക്ഷിത ഇടങ്ങളിൽ തുടരാൻ ഇന്ത്യക്കാരോട് യുക്രൈനിലെ നയതന്ത്ര കാര്യാലയം നിർദേശിച്ചു. യുക്രൈനിന്റെ പടിഞ്ഞാറൻ അതിർത്തികൾ കേന്ദ്രീകരിച്ച് മാത്രം നീങ്ങണമെന്നും കീവ് നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തു നിന്ന് തത്ക്കാലം പലായനം ചെയ്യരുതെന്നും നിർദേശം. പുതിയ നിർദേശം ലഭിക്കുന്നതുവരെ സ്വന്തമായി തീരുമാനമെടുത്ത് യാത്ര ചെയ്യരുതെന്നും നിർദേശിച്ചിട്ടുണ്ട്.
യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം തുടങ്ങിയ റഷ്യക്ക് കനത്ത തിരിച്ചടി നൽകിയതായി യുക്രൈൻ. അഞ്ച് റഷ്യൻ വിമാനങ്ങൾ വെടിവച്ചിട്ടതായാണ് അനൗദ്യോഗിക വിവരം. റഷ്യയിൽ സ്ഫോടനമുണ്ടായതായി റോയിറ്റേഴ്സും റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുക്രെയ്ന്റെ തലസ്ഥാനമായ കീവിൽ ആറിടത്ത് സ്ഫോടനമുണ്ടായതിന് പിന്നാലെയാണ് തിരിച്ചടിച്ചത്. റഷ്യൻ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടുവെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ പട്ടാളം ഏതറ്റം വരെയും പോകുമെന്ന് യുക്രൈൻ അറിയിച്ചു. റഷ്യയെ സ്വയം പ്രതിരോധിക്കുമെന്നും പരാജയപ്പെടുത്തുമെന്നും യുക്രൈൻ വിദേശകാര്യമന്ത്രി ദിമിട്രി കുലേബ അറിയിച്ചു. പട്ടാളനിയമം രാജ്യത്ത് യുക്രൈൻ നടപ്പിലാക്കിയിട്ടുണ്ട്. തലസ്ഥാന നഗരമായ കീവ് യുക്രൈൻ പട്ടാളത്തിന്റെ കീഴിലായി. എല്ലാവരോടും വീടുകളിൽ തന്നെ തങ്ങണമെന്നും പുറത്തിറങ്ങരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
Read Also : റഷ്യൻ സൈനിക നീക്കത്തെ ചെറുക്കാൻ ഇന്ത്യ സഹായിക്കണമെന്ന് യുക്രൈൻ
റഷ്യ ലക്ഷ്യം വെയ്ക്കുന്നത് സൈനിക കേന്ദ്രങ്ങളെയാണ്. കര, വ്യോമ, നാവിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണം തുടരുകയാണ്. ബഹുമുഖ ആക്രമണ പദ്ധതിയാണ് റഷ്യ നടപ്പാക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ യുക്രെയ്ന്റെ പ്രധാന നഗരങ്ങളിലെല്ലാം റഷ്യ വ്യോമാക്രമണം നടത്തിയിരുന്നു.
Story Highlights: ukraine crisis people evacuation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here