നിലവില്‍ വലിയ പ്രതിസന്ധികളില്ല, പക്ഷേ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്; യുക്രൈനിലെ മലയാളി ഡോക്ടര്‍ 24നോട്

യുക്രൈനിലെ സംഘര്‍ഷ സാഹചര്യങ്ങളില്‍ പ്രതികരിക്കുകയാണ് നാല് പതിറ്റാണ്ടുകളായി യുക്രൈനില്‍ ജീവിക്കുന്ന മലയാളിയായ ഡോ.യു.പി.ആര്‍ മേനോന്‍ ട്വന്റിഫോറിനോട്. തലസ്ഥാനമായ കീവിലാണ് യു.പി.ആര്‍ മേനോന്‍ കുടുംബ സമേതം താമസിക്കുന്നത്. എറണാകുളം ഇടപ്പള്ളി സ്വദേശിയാണ്.
യുദ്ധം നടക്കുന്നത് സൈനിക കേന്ദ്രങ്ങളിലാണെങ്കിലും യുക്രൈനിലെ ജനങ്ങള്‍ പരിഭ്രാന്തിയിലാണെന്ന് യു.പി.ആര്‍ മേനോന്‍ 24നോട് പറഞ്ഞു. കഴിഞ്ഞ പല മണിക്കൂറുകളിലായി പല ശബ്ദങ്ങളും കേള്‍ക്കുന്നുണ്ട്. പക്ഷേ സ്‌ഫോടനമാണോ ആക്രമണമാണോ എന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഡോ.യു.പി.ആര്‍ മേനോന്റെ വാക്കുകള്‍;
യുക്രൈന്‍ തലസ്ഥാനമായ കീവിലാണ് വര്‍ഷങ്ങളായി താമസിക്കുന്നത്. നിലവില്‍ യുദ്ധം നടക്കുന്നത് വേറെ സ്ഥലങ്ങളിലാണ്. പക്ഷേ ജനങ്ങളെല്ലാം പരിഭ്രാന്തരാണ്. ആരും ഇപ്പോള്‍ പുറത്തിറങ്ങുന്നില്ല. പല ശബ്ദങ്ങളും കഴിഞ്ഞ ദിവസങ്ങളായി കേള്‍ക്കുന്നുണ്ടെങ്കില്‍ സ്‌ഫോടനമാണോ ആക്രമണമാണോ എന്നൊന്നും വ്യക്തമായിട്ടില്ല.
Read Also : യുക്രൈനില്‍ കുടുങ്ങിയ മലയാളികൾക്കായുള്ള ഹെൽപ് ലൈൻ ആരംഭിച്ചു
റഷ്യ പിടിച്ചെടുത്ത കിഴക്കന്‍ വിമത പ്രദേശങ്ങളിലാണ് ആക്രമണങ്ങള്‍ കൂടുതലായി സംഭവിക്കുന്നത്. സിവിലിയന്‍ ഏരിയകളില്‍ ആക്രമണങ്ങളുണ്ടാകുമ്പോള്‍, സൈറണ്‍ ലഭിക്കുന്നതാണ്. സുരക്ഷയ്ക്കുള്ള പരിശീലനമൊക്കെ കിട്ടിയിട്ടുണ്ട്. ഓരോ വീടുകളിലും ബങ്കറുണ്ടാകും. സൈറണ്‍ കേട്ടുകഴിഞ്ഞാല്‍ ബങ്കറിലേക്ക് പോകണമെന്നാണ്. കടകളൊക്കെ തുറക്കുന്നുണ്ട്. നിലവില്‍ വലിയ പ്രതിസന്ധികളില്ല’. ഡോ.യു.പി.ആര്‍ മേനോന്‍ പറഞ്ഞു. മലയാളികളടക്കം ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് യുക്രൈനില്‍ താമസിക്കുന്നത്.
Story Highlights: ukraine russia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here