Advertisement

18 വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഒരു തവണ ‘ഐ ലവ് യു’ പറയുന്നത് പോക്‌സോ കേസല്ലെന്ന് മുംബൈ കോടതി

February 25, 2022
3 minutes Read

18 വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഒരു തവണ ‘ഐ ലവ് യു’ എന്ന് പറയുന്നത് പോക്‌സോ നിയമപ്രകാരമുള്ള ലൈംഗിക കുറ്റകൃത്യമായി കാണാനാകില്ലെന്ന് ഗ്രേറ്റര്‍ മുംബൈയിലെ പോക്‌സോ സ്പെഷ്യല്‍ കോടതി. പതിനേഴുകാരിയായ പെണ്‍കുട്ടിയോട് ഒരു തവണ ഐ ലവ് യു എന്ന് പറഞ്ഞ ഇരുപത്തിമൂന്നുകാരന് എതിരായ പോക്‌സോ കേസ് റദ്ദാക്കിക്കൊണ്ട് വിധി പറയവേ പോക്‌സോ സ്പെഷ്യല്‍ കോടതി ജഡ്ജി കല്‍പന പാട്ടീലാണ് ഇത്തരത്തിലൊരു അഭിപ്രായപ്രകടനം നടത്തിയത്.

2016 ഫെബ്രുവരി 7 നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ കുടുംബം അയല്‍വാസിയായ യുവാവിനെതിരെ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടി ഗ്രാമത്തിലെ പൊതു കുളിമുറിയിലേയ്ക്ക് പോകവേ പ്രതി പെണ്‍കുട്ടിയെ പിന്തുടരുകയും ഐ ലവ് യൂ എന്ന് പറയുകയുമായിരുന്നു. ഇതിനൊപ്പം യുവാവ് പെണ്‍കുട്ടിയെ കണ്ണിറുക്കിക്കാണിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

Read Also : ബൈക്ക് യാത്രക്കാരെ ആക്രമിച്ച് ഫോണ്‍ കവരുന്ന ആറംഗ സംഘം പിടിയില്‍

പോക്‌സോ നിയമത്തിലെ 12-ാം വകുപ്പ് പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509, 506 വകുപ്പുകള്‍ പ്രകാരവുമാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇക്കാര്യത്തില്‍ യുവാവിനെതിരെ കേസെടുക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. ഒരു തവണ ഇഷ്ടമാണെന്ന് പറയുന്നത് പെണ്‍കുട്ടിയുടെ മാനം നശിപ്പിക്കാന്‍ വേണ്ടിയാണെന്ന് കരുതാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. കണ്ണിറുക്കി കാണിച്ചു എന്നതിന് തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല എന്നും കോടതി സൂചിപ്പിച്ചു.

പ്രതി ലൈംഗിക ഉദ്ദേശത്തോടെ ഇരയോട് ഏതെങ്കിലും വിധത്തില്‍ പെരുമാറിയിട്ടുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും ജഡ്ജി കല്‍പ്പന പാട്ടീല്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. വീടിന് സമീപത്തെ കുളിമുറിയില്‍ വെച്ചാണ് സംഭവം നടന്നതെന്ന് അമ്മ പറയുമ്പോള്‍ മറ്റൊരു കുളിമുറിയില്‍ വെച്ചാണെന്നാണ് യുവതി പറയുന്നത്. ഇരുവരുടെയും വാദങ്ങള്‍ തമ്മില്‍ ആശയവൈരുദ്ധ്യമുണ്ടെന്നും കോടതി പറഞ്ഞു.

Story Highlights: ‘I love you’ to a girl under the age of 18 is not a POCSO case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top