നയതന്ത്ര നീക്കം നടത്തി ഫ്രാന്‍സ്; പുടിനുമായി ഫോണില്‍ സംസാരിച്ചു

യുക്രൈനിലെ സാഹചര്യം അനുനിമിഷം വഷളാകുന്ന പശ്ചാത്തലത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്ര ചര്‍ച്ചകളുടെ സാധ്യത തേടി ഫ്രാന്‍സ്. സ്ഥിതിഗതികള്‍ മനസിലാക്കാനും യുദ്ധം ഒഴിവാക്കാനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചു. ഇമാനുവല്‍ മാക്രോണുമായി തുറന്ന സത്യസന്ധമായ സംഭാഷണം നടന്നുവെന്ന് ക്രെംലിന്‍ പ്രസ് സര്‍വീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
കീവ് റെജിമിന് കീഴില്‍ കൂട്ടക്കൊലയുടെ ഭീഷണിയിലും അപമാനത്തിലും കഴിയുന്ന യുക്രൈന്‍ ജനതയെ സംരക്ഷിക്കാനാണ് താന്‍ ഇത്തരമൊരു സൈനിക നീക്കം പദ്ധതിയിട്ടത് എന്നതടക്കമുള്ള വാദങ്ങള്‍ പുടിന്‍ ഇമാനുവല്‍ മാക്രോിന് മുന്നില്‍ നിരത്തിയെന്നാണ് വിവരം. പുടിനുമായി നടന്ന ഫോണ്‍സംഭാഷണത്തിന്റെ വിവരങ്ങള്‍ മാക്രോണ്‍ അല്‍പ സമയത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് വ്യക്തമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read Also : ആയുധങ്ങളുമായി പോയ റഷ്യന്‍ വിമാനം തകര്‍ന്നുവീണു; വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന് സ്ഥിരീകരണം
യുക്രൈനെ പിടിച്ചടക്കാനുള്ള റഷ്യയുടെ നീക്കങ്ങളെ ഹൗസ് ഓഫ് കോമണ്‍സില്‍ ശക്തമായ ഭാഷയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അപലപിച്ചത്. യുദ്ധം ആരംഭിച്ച പശ്ചാത്തലത്തില്‍ കടുത്ത വാക്കുകളുപയോഗിച്ചാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ ബോറിസ് ജോണ്‍സണ്‍ വിമര്‍ശിച്ചത്. എക്കാലവും പുടിന്‍ അയല്‍രാജ്യത്തെ ആക്രമിക്കാന്‍ മുതിര്‍ന്നിരുന്നുവെന്നും പുടിന്‍ ഒരു രക്തക്കറ പുരണ്ട അക്രമിയാണെന്നും ബോറിസ് ജോണ്‍സണ്‍ പറയുന്നു. റഷ്യ ഇന്നുവരെ കണ്ടിട്ടില്ലാത്ത ശക്തവും കടുത്തതുമായ ഉപരോധത്തിന്റെ പാക്കേജുകള്‍ നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
റഷ്യയുടെ സാമ്പത്തിക ഭദ്രതയെ തകര്‍ത്ത് സമ്പദ് രംഗത്തെ അസ്ഥിരപ്പെടുത്തി യുദ്ധത്തില്‍ നിന്നും പുടിനെ പിന്തിരിപ്പിക്കാന്‍ ജി-7 രാജ്യങ്ങളെല്ലാം കൈകോര്‍ക്കുമെന്നാണ് ബോറിസ് ജോണ്‍സണ്‍ അറിയിച്ചത്. റഷ്യന്‍ എണ്ണയിലും ഗ്യാസിലും ആശ്രയിച്ചിരുന്ന പതിവില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്തിരിയുമെന്നും അദ്ദേഹം അറിയിച്ചു. ലോകത്തിന്റെ മൊത്ത സമ്പദ് വ്യവസ്ഥയുടെ പകുതിയിലേറെ പങ്കും വഹിക്കുന്ന ലോകരാജ്യങ്ങളില്‍ ഇതില്‍ 2 ശതമാനത്തില്‍ താഴെ മാത്രം പങ്കുള്ള ഒരു രാജ്യത്തിനുനേരെ ഉപരോധം കടുപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ താങ്ങാനാകുന്നതിലും അപ്പുറത്താകുമെന്ന് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി.
അവസാന മണിക്കൂറുകളില്‍ പോലും യുദ്ധമൊഴിവാക്കാനായി ലോക രാജ്യങ്ങള്‍ ഇടപെട്ടിട്ടുണ്ടെന്ന് ബോറിസ് ജോണ്‍സണ്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മുന്നറിയിപ്പുകളൊന്നും യുദ്ധക്കൊതിയില്‍ റഷ്യ വകവെച്ചില്ല. ഇലക്രോണിക്‌സ്, ടെലികമ്മ്യൂണിക്കേഷന്‍സ്, എയ്‌റോസ്‌പേസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ റഷ്യയിലേക്ക് കയറ്റുമതി ചെയ്യില്ലെന്ന നിലപാടുകൂടി അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അമേരിക്കയും കടുത്ത ഉപരോധ നടപടികളിലേക്കാണ് നീങ്ങുന്നത്. അമേരിക്കയിലുള്ള റഷ്യയുടെ ആസ്തികള്‍ മരവിപ്പിക്കാനുള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് ബൈഡന്‍ പ്രഖ്യാപിച്ചത്. മുന്‍പ് പ്രതീക്ഷിക്കപ്പെട്ടിരുന്നത് പോലെ റഷ്യന്‍ ബാങ്കുകള്‍ക്കുമേലുള്ള ഉപരോധം ശക്തമാക്കുമെന്ന് തന്നെയാണ് ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് കൂടി ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുദ്ധം തെരഞ്ഞെടുത്ത വ്‌ലാദിമിര്‍ പുടിന്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ബൈഡന്‍ പ്രസ്താവിച്ചു.
Story Highlights: macron talks with putin amid war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here