Advertisement

യുദ്ധത്തിനെതിരായ പ്രതിഷേധം; റഷ്യ ഇതുവരെ തടവിലാക്കിയത് ആയിരത്തിലധം പേരെ

February 25, 2022
2 minutes Read

യുക്രൈനെ പിടിച്ചടക്കാനുള്ള റഷ്യയുടെ നീക്കങ്ങള്‍ക്കതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയതിന് റഷ്യന്‍ ഭരണകൂടം തടവിലാക്കിയത് ആയിരത്തിലധികം പേരെയാണ്. യുദ്ധത്തിനെതിരെ റഷ്യയുടെ വിവിധ പ്രദേശങ്ങളില്‍ ചെറുതും അസംഘടിതവുമായ നിരവധി പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ സൈന്യം വിന്യസിച്ചപ്പോള്‍ മുതല്‍ നിരവധി പേരാണ് പുടിന്റെ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലും മോസ്‌കോയിലുമാണ് ഏറ്റവുമധികം യുദ്ധ വിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നത്. സംഘടിതമായി നടന്ന പ്രതിഷേധങ്ങളെയെല്ലാം ഭരണകൂടം വളരെ വേഗം അടിച്ചമര്‍ത്തി സമര നേതാക്കളെ ജയിലിലാക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചും ഭരണകൂടത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ റഷ്യന്‍ ജനത ഉന്നയിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരും ശാസ്ത്രജ്ഞരും മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന വലിയ കൂട്ടം ആളുകളാണ് യുദ്ധവിരുദ്ധ ചേരിയില്‍ അണിനിരന്നിരിക്കുന്നത്.

ചെര്‍ണോബിലിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തതിന് പിന്നാലെ ഉക്രൈന്റെ സൈനികരില്‍ ചിലരെ ബന്ദികളാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ഉക്രൈന്റെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളാണ് റഷ്യ പ്രധാനമായും ആക്രമിക്കുന്നത്. ജനവാസ മേഖലകളില്‍ റഷ്യന്‍സേന ആക്രമണം നടത്തുന്നുണ്ടെന്നാണ് ഉക്രൈന്‍ പറയുന്നത്. 13 സിവിലിയന്‍സും 9 ഉക്രൈന്‍ സൈനികരും കൊല്ലപ്പെട്ടതായി ഉക്രൈന്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

റഷ്യയെ തൊട്ടാല്‍ ഇതുവരെ കാണാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പുടിന്‍.
റഷ്യന്‍ അധിനിവേശം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യുഎന്‍ പ്രതിനിധി സഭ വിളിക്കണമെന്നാണ് യുക്രൈന്റെ ആവശ്യം. ആണവ ശക്തിയായ റഷ്യ തങ്ങളെ നശിപ്പിക്കുന്നുവെന്നും അധിനിവേശം നടത്തുന്നവരെ യുഎന്‍ തടയണമെന്നും യുക്രൈന്‍ ആവശ്യപ്പെടുന്നു.

യുക്രൈന്‍-റഷ്യ സംഘര്‍ഷം യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍ യുക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന നിലപാടാണ് അമേരിക്ക അല്‍പ സമയം മുന്‍പ് അറിയിച്ചത്. നാറ്റോ അംഗരാജ്യങ്ങളെ പിന്തുണയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. യുക്രൈനെ ആക്രമിച്ചതിന്റെ പ്രത്യാഘാതം റഷ്യ നേരിടേണ്ടി വരുമെന്ന് ബൈഡന്‍ പറഞ്ഞു. ഉപരോധം കടുപ്പിക്കുന്ന നടപടികള്‍ സ്വീകരിച്ച് റഷ്യയുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്ന നീക്കങ്ങളുണ്ടാകുമെന്നാണ് ബൈഡന്‍ സൂചിപ്പിച്ചത്. യുക്രൈനിലെ സംഘര്‍ഷ മേഖലകളിലേക്ക് അമേരിക്കന്‍ സൈന്യത്തെ അയച്ച് യുദ്ധത്തിലേക്ക് കടക്കുന്നില്ലെന്നാണ് ബൈഡന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

യുക്രൈനെ യുദ്ധക്കളമാക്കി മാറ്റി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തിലാണ് ഉപരോധങ്ങള്‍ കടുപ്പിച്ച് റഷ്യയെ ഒറ്റപ്പെടുത്തുമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയത്. അമേരിക്കയിലുള്ള റഷ്യയുടെ ആസ്തികള്‍ മരവിപ്പിക്കാനുള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് ബൈഡന്‍ പ്രഖ്യാപിച്ചത്. മുന്‍പ് പ്രതീക്ഷിക്കപ്പെട്ടിരുന്നത് പോലെ റഷ്യന്‍ ബാങ്കുകള്‍ക്കുമേലുള്ള ഉപരോധം ശക്തമാക്കുമെന്ന് തന്നെയാണ് ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് കൂടി ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുദ്ധം തെരഞ്ഞെടുത്ത വ്‌ലാദിമിര്‍ പുടിന്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ബൈഡന്‍ പ്രസ്താവിച്ചു.

Story Highlights: more than thousand people detained in russia anti-war protests

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top