അരക്ഷിതാവസ്ഥ; യുക്രൈനില്‍ നിന്നും പലായനം ചെയ്തത് ഒരു ലക്ഷത്തിലധം പേരെന്ന് യു എന്‍

യൂറോപ്പിലാകെ ഭീതി പരത്തിക്കൊണ്ട് സര്‍വ്വസന്നാഹങ്ങളുമായി റഷ്യ യുക്രൈനിലേക്ക് കടന്നുകയറിയപ്പോള്‍ ഭീതിയിലും അരക്ഷിതാവസ്ഥയിലുമായത് ലക്ഷക്കണക്കിന് വരുന്ന യുക്രൈന്‍ ജനതയാണ്. പ്രതീക്ഷിച്ചതുപോലുള്ള പിന്തുണ ലോകരാജ്യങ്ങളില്‍ നിന്നും ലഭിച്ചില്ലെങ്കിലും ആകാവുന്ന വിധത്തില്‍ ചെറുത്തുനില്‍പ്പ് തുടരുകയാണ് യുക്രൈന്‍. കാര്യങ്ങള്‍ അനുനിമിഷം വഷളായിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ നാടും വീടും സമ്പാദ്യങ്ങളും പിന്നില്‍ ഉപേക്ഷിച്ച് ജീവന്‍ മാത്രം കൊണ്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ് സംഘര്‍ഷം നടക്കുന്ന പ്രദേശങ്ങളിലെ ജനത. ഒരു ലക്ഷത്തിലധികം യുക്രൈന്‍ ജനങ്ങള്‍ വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്തുകഴിഞ്ഞെന്ന് യു എന്‍ റെഫ്യൂജി ഏജന്‍സി പറഞ്ഞു.
വീടുപക്ഷേിച്ച് ഇറങ്ങിയവരില്‍ ആയിരക്കണക്കിന് ആളുകള്‍ രാജ്യത്തിന്റെ അതിര്‍ത്തി കടന്നിട്ടുണ്ടെന്നാണ് യു എന്നിന്റെ കണക്ക്. പിഞ്ചു കുഞ്ഞുങ്ങളെയും കൈയ്യിലെടുത്ത് ദാഹജലവും പേറി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന യുക്രൈന്‍ അഭയാര്‍ഥികള്‍ ലോകത്തിന്റെ നോവായി മാറുകയാണ്.
സ്ഥിതിഗതികള്‍ അതിവേഗം വഷളാകുന്ന പശ്ചാത്തലത്തില്‍ റെഫ്യൂജി ഹൈക്കമ്മീഷന്‍ വലിയ ആശങ്ക പ്രകടിപ്പിക്കുകയും അയല്‍രാജ്യങ്ങളോട് അതിര്‍ത്തികള്‍ തുറന്നുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. യുക്രൈനില്‍ നിന്നെത്തുന്ന അഭയാര്‍ഥികള്‍ക്ക് എല്ലാവിധ സഹായവും ചെയ്തുകൊടുക്കാന്‍ അയല്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട് സജ്ജീകരണങ്ങള്‍ ഒരുക്കിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെര്‍ണോബിലിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തതിന് പിന്നാലെ ഉക്രൈന്റെ സൈനികരില്‍ ചിലരെ ബന്ദികളാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ഉക്രൈന്റെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളാണ് റഷ്യ പ്രധാനമായും ആക്രമിക്കുന്നത്. ജനവാസ മേഖലകളില്‍ റഷ്യന്‍സേന ആക്രമണം നടത്തുന്നുണ്ടെന്നാണ് ഉക്രൈന്‍ പറയുന്നത്. 13 സിവിലിയന്‍സും 9 ഉക്രൈന്‍ സൈനികരും കൊല്ലപ്പെട്ടതായി ഉക്രൈന്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
റഷ്യയെ തൊട്ടാല്‍ ഇതുവരെ കാണാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പുടിന്‍.
റഷ്യന്‍ അധിനിവേശം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യുഎന്‍ പ്രതിനിധി സഭ വിളിക്കണമെന്നാണ് യുക്രൈന്റെ ആവശ്യം. ആണവ ശക്തിയായ റഷ്യ തങ്ങളെ നശിപ്പിക്കുന്നുവെന്നും അധിനിവേശം നടത്തുന്നവരെ യുഎന്‍ തടയണമെന്നും യുക്രൈന്‍ ആവശ്യപ്പെടുന്നു.
യുക്രൈന്‍-റഷ്യ സംഘര്‍ഷം യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍ യുക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന നിലപാടാണ് അമേരിക്ക അല്‍പ സമയം മുന്‍പ് അറിയിച്ചത്. നാറ്റോ അംഗരാജ്യങ്ങളെ പിന്തുണയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. യുക്രൈനെ ആക്രമിച്ചതിന്റെ പ്രത്യാഘാതം റഷ്യ നേരിടേണ്ടി വരുമെന്ന് ബൈഡന്‍ പറഞ്ഞു. ഉപരോധം കടുപ്പിക്കുന്ന നടപടികള്‍ സ്വീകരിച്ച് റഷ്യയുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്ന നീക്കങ്ങളുണ്ടാകുമെന്നാണ് ബൈഡന്‍ സൂചിപ്പിച്ചത്. യുക്രൈനിലെ സംഘര്‍ഷ മേഖലകളിലേക്ക് അമേരിക്കന്‍ സൈന്യത്തെ അയച്ച് യുദ്ധത്തിലേക്ക് കടക്കുന്നില്ലെന്നാണ് ബൈഡന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
Story Highlights: refugee crisis ukraine amid war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here