ഏഴ് ദിവസത്തെ തുടര്‍ച്ചയായ നഷ്ടം; ഒടുവില്‍ തിരിച്ചുകയറി വിപണി

യുക്രൈന്‍ അതിര്‍ത്തിയിലേക്ക് റഷ്യന്‍ സൈന്യമെത്തിയതായുള്ള ആദ്യ സൂചനകള്‍ ലഭിച്ചപ്പോള്‍ മുതല്‍ ആ നീക്കങ്ങള്‍ വിപണിയില്‍ പ്രതിഫലിച്ചിരുന്നു. കനത്ത നഷ്ടങ്ങളുടെ നീണ്ട ഏഴ് വ്യാപാര ദിവസങ്ങള്‍ക്കൊടുവില്‍ നഷ്ടം നികത്തി ഇന്ത്യന്‍ വിപണികള്‍ പിടിച്ചുകയറുകയാണ്. നീണ്ട നഷ്ടങ്ങള്‍ക്കൊടുവില്‍ ബി എസ് ഇ സെന്‍സെക്‌സ് 1328 പോയിന്റുകള്‍ നേട്ടമുണ്ടാക്കി. ഈ നേട്ടം 2.44 ശതമാനം വരും. സെന്‍സെക്‌സ് 55858.52 പോയിന്റ് നിലയിലാണ് ഇന്ന് വിപണി അടച്ചത്. നിഫ്റ്റിയ്ക്കും ഇന്ന് നഷ്ടങ്ങള്‍ വീണ്ടെടുക്കലിന്റെ ദിവസമായിരുന്നു. 410 പോയിന്റുകളാണ് നേട്ടം. ഇത് 2.53 ശതമാനത്തോളം വരും. 16658.40 എന്ന പോയിന്റ് നിലയിലാണ് വിപണി അടച്ചത്.
ക്രൂഡ് ഓയില്‍ വിലയിലും കുറവുണ്ടായത് ആശ്വാസമാകുന്നുണ്ട്. യുദ്ധ പശ്ചാത്തലത്തില്‍ എണ്ണ വില ബാരലിന് 105 ഡോളറിനടുത്തെത്തിയിരുന്നു. കുതിച്ചുയ.ര്‍ന്ന എണ്ണ വിലയെ പിടിച്ചുനിര്‍ത്താന്‍ ശ്രമങ്ങള്‍ ഊര്‍ജിതമായതോടെ എണ്ണവില ബാരലിന് 101 ഡോളറായി താഴ്ന്നു. ഇത് ഇനിയും കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
വിപണിയില്‍ ഇപ്പോള്‍ ബോണ്ടുകളെ ആശ്രയിക്കാനുള്ള അനുകൂല കാലാവസ്ഥയല്ല നിലനില്‍ക്കുന്നതെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. സ്ഥിരവരുമാനം എന്നത് മുന്‍നിര്‍ത്തി സമീപിക്കാതെ ബാര്‍ഗെയിന്‍ ബയിംഗ് ക്വാളിറ്റി കമ്പനികളില്‍ ഈ സമയത്ത് നിക്ഷേപിക്കാനാണ് ഉപദേശം. ബ്ലൂ ചിപ് സ്റ്റോക്കുകള്‍ ഉള്‍പ്പെടെ വാങ്ങാന്‍ ഈ സമയം ഉചിതമാണെന്നാണ് വിലയിരുത്തല്‍. സോളിഡ് ബാലന്‍സ് ഷീറ്റുള്ള കമ്പനികളില്‍ വേണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍.
ഇക്വിറ്റികളിലേക്കുള്ള ആഭ്യന്തര നിക്ഷേപത്തിന് അനുയോജ്യമായ കാലയളവായിരിക്കും ഇതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഡീ മാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവും സിപിലേക്കുള്ള പ്രതിമാസ നിക്ഷേപം ഉയരുന്നതും പ്രതീക്ഷ നല്‍കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രതീക്ഷയ്ക്ക് ബലമേറുന്നത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഇന്ത്യന്‍ വിപണികളെ ദീര്‍ഘകാലത്തേക്ക് ബാധിക്കാനിടയില്ലെന്നാണ് ചരിത്രത്തിലെ മറ്റ് സംഘര്‍ഷങ്ങളുടേയും യുദ്ധങ്ങളുടേയും മുന്‍ അനുഭവങ്ങള്‍ തെളിയിക്കുന്നത്. യുദ്ധം രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ ഘട്ടത്തില്‍ കുറച്ച് ദിവസങ്ങള്‍ സൂചികകള്‍ കൂപ്പുകുത്തിയാലും വരും ദിവസങ്ങളില്‍ വളര്‍ച്ചയുടെ ഗതിവേഗം വീണ്ടെടുക്കാനാകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.
Story Highlights: sensex and nifty rose after 7 market days loss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here