Advertisement

യുദ്ധം: വിപണിയില്‍ അനിശ്ചിതാവസ്ഥ തുടരുമ്പോള്‍ നിക്ഷേപകര്‍ മനസിലാക്കേണ്ടത് എന്തെല്ലാം?

February 25, 2022
1 minute Read

യുദ്ധം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും ഭീതിയും അഭയാര്‍ഥി പ്രശ്‌നങ്ങളും മരണവും വേദനയും ദാരിദ്ര്യവും ലോകത്തിലാര്‍ക്കും ഓര്‍ക്കാന്‍ കൂടി സുഖം തോന്നുന്ന കാര്യങ്ങളല്ല. എല്ലാ നയതന്ത്ര നീക്കങ്ങളും ഫലം കാണാതെ വരികയും ഭരണാധികാരികളുടെ ചടുലമായ നീക്കങ്ങള്‍ ഒടുവില്‍ ഒരു യുദ്ധത്തിലേക്ക് എത്തുകയും ചെയ്യുന്ന ഘട്ടത്തില്‍ അതിജീവിക്കുക എന്ന കാര്യം മാത്രം മുന്നില്‍ അവശേഷിക്കുന്ന സ്ഥിതിയുണ്ടാകുന്നു. ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാതെ സൈനിക നീക്കങ്ങളില്‍ നിന്ന് പിന്മാറാനാണ് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തീരുമാനിച്ചത്. അതേസമയം റഷ്യയുടെ സാമ്പത്തിക ഭദ്രതയെ പരുക്കേല്‍പ്പിച്ച് അവരെ യുക്രൈന്‍ അധിനിവേശത്തില്‍ നിന്ന് പിന്‍തിരിക്കാനുള്ള ചരടുവലികളും അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായി. യുദ്ധത്തിന്റെ സ്വാഭാവിക പരിണിതിയായി അന്താരാഷ്ട്ര ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞു. റഷ്യന്‍ സ്റ്റോക്കുകള്‍ കൂപ്പുകുത്തി. തെരുവില്‍ രക്തം കാണുമ്പോള്‍ സ്‌റ്റോക്കുകള്‍ വാങ്ങുക എന്ന വിപണിയുടെ അടിസ്ഥാന പാഠം പ്രാവര്‍ത്തികമാക്കേണ്ട ചരിത്രഘട്ടമാണ് നിക്ഷേപകര്‍ക്ക് മുന്നില്‍ വന്നെത്തിയിരിക്കുന്നത്.

മൂന്നാം ലോകമഹായുദ്ധത്തെക്കാള്‍ വിപണി ഭയക്കുന്നത് വിലക്കയറ്റത്തെയാണെന്ന് സാമ്പത്തകിക വിദഗ്ധര്‍ ഇതിനോടകം തന്നെ പ്രസ്താവിച്ചുകഴിഞ്ഞു. കൊവിഡ് മഹാമാരി വിതരണ ശ്രംഖലയില്‍ സൃഷ്ടിച്ച തകരാറുകള്‍ക്ക് യുദ്ധം ആക്കം കൂട്ടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. അസംസ്‌കൃത എണ്ണവില ബാരലിന് നൂറ് ഡോളര്‍ പിന്നിട്ടത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ നീണ്ട ഏഴ് വ്യാപാര ദിവസങ്ങള്‍ക്കൊടുവില്‍ നഷ്ടം നികത്തി ഇന്ത്യന്‍ വിപണികള്‍ പിടിച്ചുകയറുന്ന കാഴ്ചയാണ് നാം കാണുന്നത്. നീണ്ട നഷ്ടങ്ങള്‍ക്കൊടുവില്‍ ബി എസ് ഇ സെന്‍സെക്‌സ് 1328 പോയിന്റുകള്‍ നേട്ടമുണ്ടാക്കി. ഈ നേട്ടം 2.44 ശതമാനം വരും. സെന്‍സെക്‌സ് 55858.52 പോയിന്റ് നിലയിലാണ് ഇന്ന് വിപണി അടച്ചത്. നിഫ്റ്റിയ്ക്കും ഇന്ന് നഷ്ടങ്ങള്‍ വീണ്ടെടുക്കലിന്റെ ദിവസമായിരുന്നു. 410 പോയിന്റുകളാണ് നേട്ടം. ഇത് 2.53 ശതമാനത്തോളം വരും. 16658.40 എന്ന പോയിന്റ് നിലയിലാണ് വിപണി അടച്ചത്.

Read Also : യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരം റഷ്യയില്‍ നിന്ന് മാറ്റി; ഫൈനല്‍ മത്സരം പാരിസില്‍

ബോണ്ടുകളെ ആശ്രയിക്കാനുള്ള അനുകൂല കാലാവസ്ഥയല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. സ്ഥിരവരുമാനം എന്നത് മുന്‍നിര്‍ത്തി സമീപിക്കാതെ ബാര്‍ഗെയിന്‍ ബയിംഗ് ക്വാളിറ്റി കമ്പനികളില്‍ ഈ സമയത്ത് നിക്ഷേപിക്കാനാണ് ഉപദേശം. ബ്ലൂ ചിപ് സ്റ്റോക്കുകള്‍ ഉള്‍പ്പെടെ വാങ്ങാന്‍ ഈ സമയം ഉചിതമാണെന്നാണ് വിലയിരുത്തല്‍. സോളിഡ് ബാലന്‍സ് ഷീറ്റുള്ള കമ്പനികളില്‍ വേണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍.

ഇക്വിറ്റികളിലേക്കുള്ള ആഭ്യന്തര നിക്ഷേപത്തിന് അനുയോജ്യമായ കാലയളവായിരിക്കും ഇതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഡീ മാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവും സിപിലേക്കുള്ള പ്രതിമാസ നിക്ഷേപം ഉയരുന്നതും പ്രതീക്ഷ നല്‍കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രതീക്ഷയ്ക്ക് ബലമേറുന്നത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഇന്ത്യന്‍ വിപണികളെ ദീര്‍ഘകാലത്തേക്ക് ബാധിക്കാനിടയില്ലെന്നാണ് ചരിത്രത്തിലെ മറ്റ് സംഘര്‍ഷങ്ങളുടേയും യുദ്ധങ്ങളുടേയും മുന്‍ അനുഭവങ്ങള്‍ തെളിയിക്കുന്നത്. യുദ്ധം രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ ഘട്ടത്തില്‍ കുറച്ച് ദിവസങ്ങള്‍ സൂചികകള്‍ കൂപ്പുകുത്തിയാലും വരും ദിവസങ്ങളില്‍ വളര്‍ച്ചയുടെ ഗതിവേഗം വീണ്ടെടുക്കാനാകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.

Story Highlights: stock market analysis amid war

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top