ടി-20യിൽ 50 ക്യാച്ചുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം; റെക്കോർഡ് നേട്ടവുമായി രോഹിത് ശർമ

രാജ്യാന്തര ടി-20യിൽ 50 ക്യാച്ചുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡുമായി നായകൻ രോഹിത് ശർമ്മ. ശ്രീലങ്കക്കെതിരായ രണ്ടാം ടി-20 മത്സരത്തിലാണ് രോഹിത് ഈ റെക്കോർഡ് കുറിച്ചത്. ജസ്പ്രീത് ബുംറയുടെ പന്തിൽ ദിനേഷ് ഛണ്ഡിമലിനെയാണ് (9) രോഹിത് പിടികൂടിയത്. വിരാട് കോലിയും (43) സുരേഷ് റെയ്നയുമാണ് (42) അടുത്ത സ്ഥാനങ്ങളിൽ. 34 ക്യാച്ചുകളുള്ള ഹാർദിക് പാണ്ഡ്യ പട്ടികയിൽ നാലാമതുണ്ട്.
മത്സരത്തിൽ ശ്രീലങ്ക കൂറ്റൻ സ്കോർ നേടി. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് നേടിയത്. അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ശ്രീലങ്കയെ മികച്ച സ്കോറിലെത്തിച്ചത്. 75 റൺസെടുത്ത യുവ ഓപ്പണർ പാത്തും നിസ്സങ്ക ശ്രീലങ്കയുടെ ടോപ്പ് സ്കോററായി. ദനുഷ്ക ഗുണതികല (38), ക്യാപ്റ്റൻ ദാസുൻ ഷനക (47 നോട്ടൗട്ട്) എന്നിവരും ശ്രീലങ്കക്കായി മികച്ച പ്രകടനം നടത്തി.
Story Highlights: Rohit Sharma Indian 50 Catches T20Is
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here