റഷ്യക്കെതിരായ യുഎന്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യാതെ ഇന്ത്യ; വീറ്റോ ചെയ്ത് റഷ്യ

യുക്രെയ്‌നില്‍നിന്ന് റഷ്യന്‍ സൈനിക പിന്‍മാറ്റം ആവശ്യപ്പെടുന്ന യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ ‘യുക്രെയ്ന്‍ പ്രമേയത്തെ’ അനുകൂലിച്ച് വോട്ട് ചെയ്യാതെ ഇന്ത്യ. ചൈനയും യുഎഇയും ഇന്ത്യയൊടൊപ്പം വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം റഷ്യ വീറ്റോ ചെയ്തു.
15 അംഗ സുരക്ഷാ കൗണ്‍സിലില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. അതേസമയം യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ കൂടുതല്‍ ആക്രമണങ്ങള്‍ തുടരുകയാണ്. കീവ് വൈദ്യുത നിലയത്തിനു സമീപം സ്‌ഫോടനങ്ങള്‍ ഉണ്ടായതായി കീവ് മേയര്‍ പ്രതികരിച്ചു. മൂന്ന് മിനിറ്റിനുള്ളില്‍ അഞ്ച് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടെന്നും കീവ് മേയര്‍ അറിയിച്ചു.
നാടുവിട്ടു പോയിട്ടില്ലെന്ന വിശദീകരണവുമായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പ്രതികരിച്ചു. ഞങ്ങള്‍ കീവിലുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധം തുടരും. ട്വിറ്ററില്‍ പങ്കുവച്ച പുതിയ വിഡിയോയിലാണു സെലെന്‍സ്‌കി നിലപാടു പങ്കുവച്ചത്. യുദ്ധം മാനവികതയുടേയും രാഷ്ട്രീയത്തിന്റേയും പരാജയമെന്നു മാര്‍പാപ്പ പ്രതികരിച്ചു. പൈശാചിക ശക്തികള്‍ക്കു മുന്നില്‍ അടിയറവു പറയലാണു യുദ്ധം. ഓരോ യുദ്ധവും ലോകത്തെ മുന്‍പുള്ളതിനേക്കാള്‍ മോശമാക്കുമെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു.
Story Highlights: Russia Vetoes UN Security Action On Ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here