50 ലക്ഷം പേര്‍ വരെ യുക്രൈനില്‍ നിന്ന് പലായനം ചെയ്യുമെന്ന് ഐക്യരാഷ്ട്ര സഭ

ഓരോ യുദ്ധവും ലക്ഷക്കണക്കിന് പേരെയാണ് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നത്. യുക്രൈനിലും സ്ഥിതി വ്യത്യസ്തമല്ല. റഷ്യ യുക്രെയ്നിനെ ആക്രമിച്ചതുമുതല്‍ പതിനായിരക്കണക്കിന് പേരാണ് അഭയം തേടി മറ്റ് രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്യുന്നത്. യുദ്ധം തീരുമ്പോഴേയ്ക്കും 50 ലക്ഷം പേര്‍ വരെ യുക്രെയ്നില്‍ നിന്ന് പലായനം ചെയ്തേക്കാമെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്.
ഭയന്നുവിറച്ച അമ്മമാര്‍, വിളറിവെളുത്ത കുഞ്ഞുങ്ങള്‍… എല്ലാം നഷ്ടപ്പെട്ട്, പിറന്ന മണ്ണ് വിട്ട് പലായനം ചെയ്യുന്ന ലക്ഷക്കണക്കിന് പേരെയാണ് ഓരോ യുദ്ധവും സൃഷ്ടിക്കുന്നത്. വേരുകള്‍ നഷ്ടപ്പെട്ട്, ഉടുതുണിക്ക് മറുതുണിയില്ലാതെ, രായ്ക്കുരാമാനം രാജ്യം വിടുന്നവര്‍. അപൂര്‍വം ചിലര്‍ വാഹനങ്ങളില്‍, മറ്റുചിലര്‍ കൈയില്‍ കിട്ടിയതെല്ലാം പെറുക്കിയെടുത്ത് കാല്‍നടയായി… എല്ലാ യുദ്ധങ്ങളിലെയും ദു:ഖചിത്രങ്ങളാണിത്. യുക്രൈനിലും സ്ഥിതി വ്യത്യസ്തമല്ല. റഷ്യന്‍ ആക്രമണം തുടങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ പതിനായിരക്കണക്കിന് പേരാണ് അഭയം തേടി അയല്‍രാജ്യങ്ങളെ ആശ്രയിച്ചിരിക്കുന്നത്. മധ്യ, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കാണ് ഒഴുക്ക്. ഭൂരിഭാഗവും പോളണ്ടും മോള്‍ഡോവയുമാണ് ലക്ഷ്യമിടുന്നത്. സ്ലോവാക്യയിലേയ്ക്കും ആളുകള്‍ പലായനം ചെയ്യുന്നു. മണിക്കൂറുകളോളം ക്യൂ നിന്ന്, വിശപ്പും ദാഹവും സഹിച്ച്, വാടി വീഴാറായാണ് പലരും അതിര്‍ത്തി കടക്കുന്നത്.
നേരത്തെത്തന്നെ ഇരുപത് ലക്ഷം യുക്രൈന്‍കാര്‍ക്ക് വീടായ പോളണ്ട്, യുക്രൈന്‍ അതിര്‍ത്തിയില്‍ ഒമ്പതോളം സ്വീകരണ കേന്ദ്രങ്ങളാണ് അഭയം തേടി ചെല്ലുന്നവര്‍ക്കായി ഒരുക്കിയിട്ടുള്ളത്. ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയുമെല്ലാം അഭയാര്‍ത്ഥികളെ പ്രതീക്ഷിക്കുന്നുണ്ട്. യുക്രൈനില്‍ നിന്നുള്ള രണ്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ അഭയാര്‍ത്ഥികളെയാണ് ജര്‍മനി പ്രതീക്ഷിക്കുന്നത്. അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്നതിനായി പോളണ്ട് ഉള്‍പ്പടെയുള്ള അയല്‍രാജ്യങ്ങളെ തങ്ങള്‍ സഹായിക്കുമെന്ന് ജര്‍മനി പ്രഖ്യാപിച്ചിട്ടുണ്ട്. മോള്‍ഡോവ, ഹംഗറി, ചെക്ക റിപ്പബ്ലിക്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളെല്ലാം യുക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കായി വാതില്‍ തുറന്നിട്ടുകഴിഞ്ഞു.
Story Highlights: The United Nations says up to 50 million people will flee Ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here