ഇന്റര്‍നെറ്റ് പുനസ്ഥാപിക്കാന്‍ ഇലോണ്‍ മസ്‌കിന്റെ സഹായം തേടി യുക്രൈന്‍

യുക്രൈനെ യുദ്ധക്കളമാക്കിക്കൊണ്ട് റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്റര്‍നെറ്റ് കണക്ഷന്‍ പുനസ്ഥാപിക്കാന്‍ സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌കിന്റെ സഹായം തേടി യുക്രൈന്‍. സ്‌പേസ് എക്‌സിന്റെ സാറ്റ്‌ലെറ്റ് ഇന്റര്‍നെറ്റ് ഡിവിഷനായ സ്റ്റാര്‍ലിങ്ക് വഴി ഇന്റര്‍നെറ്റ് പുനസ്ഥാപിക്കാനാകുമോ എന്ന സാധ്യതയാണ് യുക്രൈന്‍ തേടുന്നത്. റഷ്യയുടെ നീക്കങ്ങള്‍ക്കതെിരായി തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് മസ്‌കിനോട് യുക്രൈന്റെ ഉപപ്രധാനമന്ത്രിയും ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ മന്ത്രിയുമായ മൈഖൈലോ ഫെഡോറോവ് ആവശ്യപ്പെട്ടു.
ഭൂമിയുടെ ഏതൊരു കോണിലും സാറ്റ്‌ലൈറ്റിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്ന അവകാശത്തോടെയാണ് സ്റ്റാര്‍ലിങ്ക് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ സൈബര്‍ പോരാളികളെ ഉള്‍പ്പെടെ നേരിടുന്നതിനായി മസ്‌ക് ഒപ്പം നില്‍ക്കണമെന്നാണ് യുക്രൈന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിങ്ങള്‍ ചൊവ്വയെ കീഴടക്കാന്‍ ശ്രമിക്കുമ്പോള്‍ റഷ്യ ഭൂമിയില്‍ ഞങ്ങളുടെ രാജ്യം പിടിച്ചടക്കാന്‍ ശ്രമിക്കുകയാണെന്ന് മൈഖൈലോ ഫെഡോറോവ് ചൂണ്ടിക്കാട്ടി. യുക്രൈനെ റഷ്യന്‍ റോക്കറ്റുകള്‍ ആക്രമിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : തിരിച്ചടിച്ച് ഫേസ്ബുക്കും; റഷ്യന്‍ മാധ്യമങ്ങള്‍ക്ക് മൊണറ്റൈസേഷന്‍ നിര്‍ത്തലാക്കി
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന് വേഗം കൂട്ടിയത് കര, നാവിക, വ്യോമ ആക്രമണം മാത്രമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒളിഞ്ഞിരുന്ന് ആക്രമണം നടത്തി യുക്രൈനെ തളര്‍ത്തിയത് റഷ്യയുടെ സൈബര്‍ പോരാളികളാണ്. വിനാശകാരിയായ വൈപ്പര്‍ മാല്‍വേയറുപയോഗിച്ച് യുക്രൈന്റെ ഔദ്യോഗിക സംവിധാനങ്ങളെല്ലാം റഷ്യ നേരത്തെ തകര്‍ത്തതായി സൈബര്‍ വിദഗ്ധര്‍ പറയുന്നു.
distributed denial of service ആക്രമണം. പൊതുജന സേവനങ്ങളെല്ലാം താറുമാറാക്കുന്ന അത്യാധുനിക സൈബര്‍ അട്ടിമറി. അതാണ് യുക്രൈനില്‍ റഷ്യ തൊടുത്തുവിട്ടത്. നൂറുകണക്കിന് കമ്പ്യൂട്ടറുകളില്‍ ഡാറ്റ മറയ്ക്കുന്ന വിനാശകരമായ സോഫ്റ്റ് യെര്‍ പ്രചരിച്ചതായി ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ബിബിസി റിപ്പോര്‍ട്ട് പ്രകാരം ഒരാഴ്ച മുന്‍പ് തന്നെ യുക്രൈനിലെ നിരവധി ബാങ്കുകളുടെയും വെബ്സൈറ്റുകള്‍ നിശ്ചലമായിരുന്നു. ക്യാബിനറ്റ് മന്ത്രിമാരുടെ വരെ വെബ്സൈറ്റുകളും ആക്രമിക്കപ്പെട്ടു.
അതേസമയം റഷ്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട കമ്പനികളുടെ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തി. ക്രെംലിനുമായി ബന്ധപ്പെട്ട പേജുകള്‍ക്കും ചാനലുകള്‍ക്കും ഫേസ്ബുക്കില്‍ നിന്നുള്ള മൊണറ്റൈസേഷനും അവസാനിപ്പിച്ചിട്ടുണ്ട്. ഫേസ്ബുക്കിന്റെ സുരക്ഷാ വിഭാഗത്തിന്റെ തലവന്‍ നതാനിയേല്‍ ഗ്ലെയ്ചറാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഫേസ്ബുക്ക് മാനിക്കുന്നില്ലെന്നാണ് റഷ്യയുടെ ടെക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍ പ്രതികരിച്ചത്. വിലക്കിന്റെ വ്യക്തമായ കാരണങ്ങള്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യ മെറ്റയ്ക്ക് കത്തയച്ചിരുന്നു. തങ്ങളുടെ എല്ലാ ആവശ്യങ്ങളും മെറ്റ അവഗണിച്ചെന്നും റഷ്യ അറിയിച്ചു.
റഷ്യന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ചാനലുകളില്‍ നിന്ന് പുറത്തെത്തുന്ന വിവരങ്ങള്‍ക്ക് ഫേസ്ബുക്ക് കണ്ടന്റ് വാണിംഗ് ലേബല്‍ നല്‍കിത്തുടങ്ങിയത് റഷ്യയെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പൗരന്മാര്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കുന്നതിന് റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് മൊണറ്റൈസേഷന്‍ നിര്‍ത്തലാക്കി ഫേസ്ബുക്ക് തിരിച്ചടിച്ചത്.
Story Highlights: ukraine ask help elon musk to restore internet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here