യുക്രൈന്‍ ധീരമായി പ്രതിരോധിച്ചു; 350 മില്യണ്‍ ഡോളര്‍ കൂടി സൈനിക സഹായമായി നല്‍കി അമേരിക്ക

യുക്രൈന്‍ തലസ്ഥാനമായ കീവ് പിടിച്ചടക്കുന്നതിനായി റഷ്യ സൈനിക നീക്കങ്ങള്‍ ശക്തമാക്കുന്നതിനിടെ യുക്രൈന് കൂടുതല്‍ സൈനിക സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് അമേരിക്ക. 350 മില്യണ്‍ ഡോളര്‍ സഹായം നല്‍കുമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. റഷ്യന്‍ അധിനിവേശം ക്രൂരമാണെന്നും റഷ്യയുടെ ബഹുമുഖ ആക്രമത്തെ ചെറുക്കുന്നതിനായി ഇനിയും യുക്രൈന് സൈനിക സഹായങ്ങള്‍ നല്‍കുമെന്നും യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ തുടക്കത്തില്‍ അമേരിക്ക 60 മില്യണ്‍ ഡോളറിന്റെ അടിയന്തര സഹായം യുക്രൈന് നല്‍കിയിരുന്നു. പിന്നീട് യുദ്ധം ശക്തിപ്രാപിച്ചതോടെ 200 മില്യണ്‍ ഡോളര്‍ സഹായം കൂടി നല്‍കുകയായിരുന്നു. റഷ്യയ്‌ക്കെതിരെ യുക്രൈന്‍ ധീരമായ ചെറുത്തുനില്‍പ്പ് തുടരുന്ന പശ്ചാത്തലത്തിലാണ് മൂന്നാം പാക്കേജ് പ്രഖ്യാപിക്കുന്നതെന്ന് ആന്റണി ബ്ലിങ്കെന്‍ കൂട്ടിച്ചേര്‍ത്തു.
ഈ പോരാട്ടം ഒറ്റയ്ക്കാണെന്നും താന്‍ വധിക്കപ്പെടാമെന്നും സൂചിപ്പിച്ച് വൈകാരികമായായിരുന്നു കഴിഞ്ഞ ദിവസം യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പ്രതികരിച്ചിരുന്നതെങ്കില്‍ സൈനിക സഹായങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ഇന്ന് ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം നാടിനെ അഭിസംബോധന ചെയ്തത്. കീവില്‍ റഷ്യന്‍ സൈന്യം നടത്തിവന്ന എല്ലാ അക്രമങ്ങളേയും പ്രതിരോധിക്കാന്‍ സാധിച്ചെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. തലസ്ഥാന നഗരമായ കീവ് പിടിച്ചടക്കാന്‍ റഷ്യ സര്‍വസന്നാഹങ്ങളുമായെത്തിയെങ്കിലും സാധിച്ചില്ലെന്നാണ് ഒരു വിഡിയോ സന്ദേശത്തിലൂടെ സെലന്‍സ്‌കി അറിയിച്ചിരിക്കുന്നത്. തലസ്ഥാനത്തെ പിടിച്ചടക്കി ഭരണത്തെ അട്ടിമറിക്കാനുള്ള റഷ്യയുടെ പദ്ധതികളൊന്നും ഇന്ന് നടന്നില്ലെന്നാണ് സെലന്‍സ്‌കി പറഞ്ഞത്.
യുക്രൈന്‍ പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും വിഡിയോയിലൂടെ സെലന്‍സ്‌കി പറഞ്ഞു. സ്ഥിതിഗതികളെക്കുറിച്ച് യൂറോപ്യന്‍ യൂണിയനുമായി സംസാരിച്ചെന്നും സെലന്‍സ്‌കി വ്യക്തമാക്കി. അധിനിവേശത്തില്‍ നിന്ന് ഭരണാധികാരിയെ പിന്തിരിപ്പിക്കാനും അപലപിക്കാനുമുള്ള റഷ്യന്‍ ജനതയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു. പ്രതിഷേധങ്ങള്‍ ഇരട്ടിയാക്കേണ്ട സമയമാണ് വന്നെത്തിയിരിക്കുന്നതെന്നും സെലന്‍സ്‌കി ഓര്‍മിപ്പിച്ചു.
റഷ്യക്കെതിരായ പോരാട്ടത്തിനിടെ സഖ്യരാജ്യങ്ങളില്‍ നിന്ന് യുക്രൈനിലേക്ക് ആയുധങ്ങള്‍ എത്താന്‍ തുടങ്ങിയെന്ന് സെലന്‍സ്‌കി അറിയിച്ചിരുന്നു. യുദ്ധ വിരുദ്ധ സഖ്യം പ്രവര്‍ത്തിച്ചുതുടങ്ങി. വിഷയത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ചു. റഷ്യക്കെതിരായ ചെറുത്തുനില്‍പ്പിന് കൂടുതല്‍ സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും യുക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് പ്രസിഡന്റിന്റെ വാക്കുകള്‍.
യുദ്ധത്തില്‍ 3500 റഷ്യന്‍ സൈനികരെ വധിച്ചതായാണ് യുക്രൈന്റെ അവകാശ വാദം. ഇരനൂറിലധികം റഷ്യന്‍ സൈനികരെ തടവിലാക്കി. റഷ്യയുടെ 14 വിമാനങ്ങളും 102 ടാങ്കുകളും എട്ട് ഹെലികോപ്റ്ററുകളും തകര്‍ത്തെന്ന് യുക്രൈന്‍ അറിയിച്ചു.
Story Highlights: us new military aid ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here