Advertisement

റഷ്യയുടെ നീക്കങ്ങള്‍ പാളി; കീവിലെ എല്ലാ അക്രമങ്ങളേയും പ്രതിരോധിച്ചെന്ന് സെലന്‍സ്‌കി

February 26, 2022
1 minute Read

കീവില്‍ റഷ്യന്‍ സൈന്യം നടത്തിവന്ന എല്ലാ അക്രമങ്ങളേയും പ്രതിരോധിക്കാന്‍ സാധിച്ചെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. തലസ്ഥാന നഗരമായ കീവ് പിടിച്ചടക്കാന്‍ റഷ്യ സര്‍വസന്നാഹങ്ങളുമായെത്തിയെങ്കിലും സാധിച്ചില്ലെന്നാണ് ഒരു വിഡിയോ സന്ദേശത്തിലൂടെ സെലന്‍സ്‌കി അറിയിച്ചിരിക്കുന്നത്. തലസ്ഥാനത്തെ പിടിച്ചടക്കി ഭരണത്തെ അട്ടിമറിക്കാനുള്ള റഷ്യയുടെ പദ്ധതികളൊന്നും ഇന്ന് നടന്നില്ലെന്നാണ് സെലന്‍സ്‌കി പറഞ്ഞത്.

യുക്രൈന്‍ പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും വിഡിയോയിലൂടെ സെലന്‍സ്‌കി പറഞ്ഞു. സ്ഥിതിഗതികളെക്കുറിച്ച് യൂറോപ്യന്‍ യൂണിയനുമായി സംസാരിച്ചെന്നും സെലന്‍സ്‌കി വ്യക്തമാക്കി. അധിനിവേശത്തില്‍ നിന്ന് ഭരണാധികാരിയെ പിന്തിരിപ്പിക്കാനും അപലപിക്കാനുമുള്ള റഷ്യന്‍ ജനതയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു. പ്രതിഷേധങ്ങള്‍ ഇരട്ടിയാക്കേണ്ട സമയമാണ് വന്നെത്തിയിരിക്കുന്നതെന്നും സെലന്‍സ്‌കി ഓര്‍മിപ്പിച്ചു.

Read Also : മോദിയുടെ സഹായം തേടി യുക്രൈൻ; ഇന്ത്യന്‍ നിലപാട് സ്വാഗതം ചെയത് റഷ്യ

റഷ്യക്കെതിരായ പോരാട്ടത്തിനിടെ സഖ്യരാജ്യങ്ങളില്‍ നിന്ന് യുക്രൈനിലേക്ക് ആയുധങ്ങള്‍ എത്താന്‍ തുടങ്ങിയെന്ന് സെലന്‍സ്‌കി അറിയിച്ചിരുന്നു. യുദ്ധ വിരുദ്ധ സഖ്യം പ്രവര്‍ത്തിച്ചുതുടങ്ങി. വിഷയത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ചു. റഷ്യക്കെതിരായ ചെറുത്തുനില്‍പ്പിന് കൂടുതല്‍ സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും യുക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് പ്രസിഡന്റിന്റെ വാക്കുകള്‍.

യുദ്ധത്തില്‍ 3500 റഷ്യന്‍ സൈനികരെ വധിച്ചതായാണ് യുക്രൈന്റെ അവകാശ വാദം. ഇരനൂറിലധികം റഷ്യന്‍ സൈനികരെ തടവിലാക്കി. റഷ്യയുടെ 14 വിമാനങ്ങളും 102 ടാങ്കുകളും എട്ട് ഹെലികോപ്റ്ററുകളും തകര്‍ത്തെന്ന് യുക്രൈന്‍ അറിയിച്ചു.

അതേസമയം പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി സെലന്‍സ്‌കി ഫോണില്‍ സംസാരിച്ചു. രാഷ്ട്രീയമായും യുഎന്‍ രക്ഷാസമിതിയിലും ഇന്ത്യയുടെ പിന്തുണ സെലന്‍സ്‌കി തേടിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടെണമെന്ന് വ്‌ളാദിമിര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു. റഷ്യന്‍ അധിനിവേശത്തെപ്പറ്റി പ്രധാനമന്ത്രിയോട് വിശദീകരിച്ചെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കി. ഒരു ലക്ഷം റഷ്യന്‍ സൈനികര്‍ യുക്രൈനില്‍ എത്തിയതായി വ്‌ളാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. കൂടാതെ ഐക്യരാഷ്രസഭയില്‍ പിന്തുണ നല്‍കാനും ഇന്ത്യയോട് യുക്രൈന്‍ അഭ്യര്‍ത്ഥിച്ചു.

Story Highlights: zelensky repelling russian attack in capital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top