‘ഞാന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു’; റഷ്യന്‍ അധിനിവേശത്തെ അപലപിച്ച് ട്രംപ്

അനുനിമിഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ ശക്തമായി അപലപിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയ്‌ക്കെതിരായ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുന്ന യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി ധീരനായ നേതാവാണെന്ന് ട്രംപ് പ്രശംസിച്ചു. റഷ്യയുടെ നീക്കങ്ങള്‍ നീതികരിക്കാനാകാത്തതാണെന്നും അക്രമം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു. താന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഒരിക്കലും ഇത് അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഫ്‌ളോറിഡയില്‍ കണ്‍സര്‍വേറ്റീവുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധിനിവേശത്തിന്റെ ആദ്യ നാളുകളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ ട്രംപ് ജീനിയസ് എന്ന് അഭിനന്ദിച്ചിരുന്നു. ഇതിന് വിരുദ്ധമായ പ്രസ്താവന ട്രംപില്‍ നിന്നും ഈ ആഴ്ച ഉണ്ടാകുന്നു എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ആഴ്ചയാണ് പുടിന്റെ നീക്കങ്ങള്‍ സ്മാര്‍ട്ടാണെന്ന് ട്രംപ് അഭിനന്ദിച്ചത്.
അതേസമയം യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കിയെ ഫ്രാന്‍സിസ് മാര്‍പാപ്പ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു. യുക്രൈനിലെ സാഹചര്യത്തില്‍ അതീവ ദുഃഖിതനാണെന്ന് മാര്‍പാപ്പ സെലന്‍സ്‌കിയെ അറിയിച്ചു. കഴിഞ്ഞ ദിവസം റഷ്യന്‍ എംബസിയിലെത്തി യുദ്ധം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു.
‘സമാധാനത്തിനും വെടിനിര്‍ത്തലിനും ആഹ്വാനം ചെയ്തുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനയ്ക്ക് നന്ദി..യുക്രൈന്‍ ജനതയ്ക്ക് ആത്മീയ പിന്തുണ കൂടി ലഭിച്ചിരിക്കുകയാണ്, പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി ട്വീറ്റ് ചെയ്തു.
‘ദൈവത്തിന്റെ ആയുധങ്ങളുപയോഗിച്ച് പൈശാചിക ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാനാണ് ദൈവം നമ്മെ പഠിപ്പിച്ചിട്ടുള്ളത്. പ്രാര്‍ത്ഥനയും വിശുദ്ധിയുടെ ഉപവാസവുമാണ് അദ്ദേഹത്തിന്റെ ആയുധങ്ങള്‍. സമാധാനത്തിന്റെ രാജ്ഞി ലോകത്തെ യുദ്ധത്തില്‍ നിന്ന് സംരക്ഷിക്കട്ടെ’. മാര്‍പാപ്പ ട്വിറ്ററില്‍ കുറിച്ചു.
Story Highlights: donald trump condemns russian invasion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here