Advertisement

ഐപിഎൽ ടീം വിശകലനം; പ്രവചനാതീതം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

February 27, 2022
Google News 2 minutes Read
ipl kolkata knight riders

ലേലത്തിനു മുൻപ് 4 താരങ്ങളെ നിലനിർത്തിയതിനാൽ കൊൽക്കത്തയുടെ പഴ്സിൽ അധികം പണം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ലേലത്തിൽ സജീവമായി ഇടപെടാൻ അവർക്ക് സാധിച്ചതുമില്ല. എന്നാൽ, തെറ്റില്ലാത്ത ഒരു ടീമിനെ അണിനിരത്താൻ കൊൽക്കത്തയ്ക്ക് സാധിച്ചിട്ടുണ്ട്. ശ്രേയാസ് അയ്യരിൽ ക്യാപ്റ്റൻ സ്ഥാനം കണ്ട് യുവ ടീമിനെയാണ് കൊൽക്കത്ത ലേലം കൊണ്ടത്. (ipl kolkata knight riders)

ശ്രേയാസ് അയ്യർ, അലക്സ് ഹെയിൽസ്, മുഹമ്മദ് നബി, നിതീഷ് റാണ, അനുകുൾ റോയ് എന്നിവരാണ് കൊൽക്കത്ത ടീമിലെത്തിച്ചവരിൽ പ്രധാനികൾ. 12.25 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ശ്രേയാസ് അയ്യരിൽ വിശ്വസ്തനായ മൂന്നാം നമ്പർ താരവും ക്യാപ്റ്റനുമാണ് കൊൽക്കത്ത കാണുന്നത്. അത് രണ്ടും ഉത്തരവാദിത്തത്തോടെ ചെയ്യാൻ കഴിയുന്ന താരമാണ് ശ്രേയാസ്. 2015 മുതൽ ഡൽഹി ക്യാപിറ്റൽസിനുള്ള ശ്രേയാസ് ഐപിഎലിലും രാജ്യാന്തര തലത്തിലും ഏറെ മത്സരപരിചയമുള്ള താരമാണ്. 87 ഐപിഎൽ ഇന്നിംഗ്സുകളിൽ നിന്ന് 124 സ്ട്രൈക്ക് റേറ്റിൽ 2375 റൺസാണ് ശ്രേയാസിനുള്ളത്. സമീപകാലത്തെ ശ്രേയാസിൻ്റെ പ്രകടനങ്ങൾ ഈ കണക്ക് സാധൂകരിക്കുന്നില്ല. മികച്ച സ്ട്രൈക്ക് റേറ്റിൽ ആക്രമണാത്മകമായാണ് കഴിഞ്ഞ രണ്ട് വർഷങ്ങളായി താരം കളിക്കുന്നത്. ഇന്ത്യക്കായി കളിച്ച 35 മത്സരങ്ങളിൽ ശ്രേയാസിൻ്റെ സ്ട്രൈക്ക് റേറ്റ് 140 ആണ്. 736 റൺസും ഉണ്ട്. ബാംഗ്ലൂർ, ഡൽഹി, ലക്നൗ, ഗുജറാത്ത് എന്നീ ടീമുകളും ശ്രേയാസിനായി ശ്രമിച്ചിരുന്നു.

ഇംഗ്ലണ്ട് ദേശീയ ടീം തുടർച്ചയായി തഴയുന്ന ഓപ്പണറാണ് അലക്സ് ഹെയിൽസ്. പക്ഷേ, ലോകത്തെ വിവിധ ലീഗുകളിൽ കളിച്ച് പരിചയമുള്ള ഹെയിൽസ് ഒരു തകർപ്പൻ താരമാണ്. വെറും ഒന്നരക്കോടി രൂപയ്ക്ക് ഹെയിൽസിനെ ടീമിലെത്തിക്കാൻ സാധിച്ചത് കൊൽക്കത്തയുടെ നേട്ടമാണ്. ഐപിഎലിൽ 6 മത്സരങ്ങൾ കളിച്ച ഹെയിൽസ് മോശമല്ലാത്ത പ്രകടനങ്ങളാണ് നടത്തിയത്. ക്ലിക്ക് ആയാൽ ഒറ്റക്ക് മത്സരം വിജയിപ്പിക്കാൻ ശേഷിയുള്ള താരം. 60 രാജ്യാന്തര ടി-20കൾ കളിച്ച ഹെയിൽസ് 136.66 സ്ട്രൈക്ക് റേറ്റിൽ നേടിയത് 1644 റൺസ്. 146 ആണ് മറ്റ് ടി-20കളിലെ സ്ട്രൈക്ക് റേറ്റ്. ഓപ്പണിംഗിൽ ഹെയിൽസ് ക്ലിക്കായാൽ കൊൽക്കത്തയുടെ പാതി ബാറ്റിംഗ് ഓക്കെ. അടിസ്ഥാന വിലയ്ക്കാണ് താരത്തെ കൊൽക്കത്ത സ്വന്തമാക്കിയത്.

കൊൽക്കത്തയുടെ മറ്റൊരു മികച്ച വാങ്ങലാണ് അഫ്ഗാൻ ഓൾറൗണ്ടർ മുഹമ്മദ് നബി. നബി ഒരു യൂട്ടിലിറ്റി ക്രിക്കറ്ററാണ്. പവർ പ്ലേയിലും മധ്യ ഓവറുകളിലും നിയന്ത്രണത്തോടെ പന്തെറിയാനും സ്ലോഗ് ഓവറുകളിൽ അനായാസം ബൗണ്ടറി ക്ലിയർ ചെയ്യാനും കഴിയുന്ന ക്ലീൻ ഹിറ്റർ. ഐപിഎലിലും രാജ്യാന്തര രംഗത്തും കളിപരിചയം. 85 രാജ്യാന്തര ടി-20 കളിൽ നിന്ന് 143 സ്ട്രൈക്ക് റേറ്റിൽ 1501 റൺസ് നേടിയിട്ടുള്ള നബി 7.24 എക്കോണമിയിൽ 73 വിക്കറ്റുകളും സ്വന്തമാക്കി. ഐപിഎലിൽ 17 മത്സരങ്ങളിൽ നിന്ന് 151 സ്ട്രൈക്ക് റേറ്റിൽ 180 റൺസാണ് നബിക്കുള്ളത്. 7.14 എക്കോണമിയിൽ 13 വിക്കറ്റുകളും താരത്തിനുണ്ട്. അടിസ്ഥാന വില ആയ ഒരു കോടി രൂപയ്ക്കാണ് നബിയെ കൊൽക്കത്ത സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളിൽ ഒരാളാണ് നിതീഷ് റാണ. അതുകൊണ്ട് തന്നെ നിതീഷ് റാണയെ നിലനിർത്തിയത് നേട്ടമാണ്. ഓപ്പണറായോ മിഡിൽ ഓർഡർ ബാറ്ററായോ കളിക്കാൻ നിതീഷിനു സാധിക്കും. ഇന്നിംഗ്സ് ബിൽഡ് ചെയ്യാനും അടിച്ചുതകർക്കാനും താരത്തിനു കഴിയും. അങ്ങനെ നോക്കുമ്പോൾ നിതീഷ് ഒരു മികച്ച പർച്ചേസാണ്. തരക്കേടില്ലാത്ത ഒരു ബൗളിംഗ് ഓപ്ഷൻ കൂടിയാണ് നിതീഷ്. 77 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 132 സ്ട്രൈക്ക് റേറ്റിൽ 1820 റൺസാണ് നിതീഷിൻ്റെ സമ്പാദ്യം. 8 എക്കോണമിയിൽ 7 വിക്കറ്റും താരത്തിനുണ്ട്. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി മുംബൈ, ചെന്നൈ, ലക്നൗ എന്നീ ടീമുകളും ശ്രമിച്ചിരുന്നെങ്കിലും 8 കോടി രൂപ മുടക്കി കൊൽക്കത്ത തന്നെ താരത്തെ സ്വന്തമാക്കി.

കഴിഞ്ഞ സീസണുകളിൽ മുംബൈ ഇന്ത്യൻസിലുണ്ടായിരുന്ന താരമാണ് അനുകുൾ റോയ്. അധികം അവസരങ്ങൾ ലഭിച്ചില്ല. പക്ഷേ, അവസരം ലഭിച്ചാൽ മികച്ച പ്രകടനം നടത്താൻ കഴിയുന്ന താരമാണ് അനുകുൾ. നബിയെപ്പോലെ മറ്റൊരു യൂട്ടിലിറ്റി ഓൾറൗണ്ടർ. അപാര ഫീൽഡറാണ് അനുകുൾ. ഒരേയൊരു ഐപിഎൽ മത്സരം മാത്രമേ അനുകുൾ കളിച്ചിട്ടുള്ളൂ. ഒരു വിക്കറ്റും താരം നേടി. 31 ടി-20 മത്സരങ്ങൾ കളിച്ച അനുകുൾ 7 എക്കോണമിയിൽ 19 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ബാറ്റിംഗിൽ 141 സ്ട്രൈക്ക് റേറ്റിൽ 304 റൺസും താരത്തിനുണ്ട്.

ടെന്നിസ് ബോൾ ക്രിക്കറ്റിൽ അപാര പ്രകടനം നടത്തുന്ന രമേഷ് കുമാർ ഐപിഎലിൽ എങ്ങനെയെന്ന് കണ്ടറിയണം. തിളങ്ങാനായാൽ കൊൽക്കത്തയ്ക്ക് തിരിഞ്ഞുനോക്കണ്ട. കഴിഞ്ഞ സീസണിൽ ടോപ്പ് ഓർഡറിൽ പലതവണ പരീക്ഷണം നടത്തിയ കൊൽക്കത്തയ്ക്ക് ഇനി ആ മേഖലയിൽ തിരിഞ്ഞുനോക്കേണ്ടതില്ല. വെങ്കി, ഹെയിൽസ് എന്നിവർ ഓപ്പൺ ചെയ്യുമ്പോൾ ശ്രേയാസ്, നിതീഷ് എന്നിവർ അടുത്ത നമ്പരുകളിൽ കളിക്കും. അജിങ്ക്യ രഹാനെ, ഷെൽഡൻ ജാക്ക്സൺ, റിങ്കു സിംഗ്, പാറ്റ് കമ്മിൻസ്, ശിവം മവി, ടിം സൗത്തി തുടങ്ങിയ മികച്ച താരങ്ങൾ കൂടി കൊൽക്കത്തയിലുണ്ട്.

Story Highlights: ipl team analysis kolkata knight riders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here