യുക്രൈനെ നാറ്റോ വിപുലീകരണത്തില്‍ പങ്കാളിയാക്കുന്നതില്‍ റഷ്യയ്ക്കുള്ള എതിര്‍പ്പെന്തിന്?

1949ല്‍ യുഎസ്, കാനഡ, യുകെ, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള 12 രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സൈനിക സഖ്യമാണ് നാറ്റോ. നാറ്റോയില്‍ അംഗമായ ഏതെങ്കിലും രാജ്യത്തിനെതിരെ ആക്രമണമുണ്ടായാല്‍ പരസ്പരം സഹായിക്കുകയായിരുന്നു ലക്ഷ്യം. റഷ്യ യൂറോപ്പിലേക്ക് വളരുന്നത് തടയുക എന്നതായിരുന്നു നാറ്റോയുടെ നയം. സൈനിക ശക്തിയിലും പ്രതിരോധ ചെലവിലും റഷ്യയെക്കാള്‍ ശക്തരാണ് നാറ്റോ സേന.
നാറ്റോയുടെ കണക്കനുസരിച്ച് 2021ല്‍ 30 അംഗരാജ്യങ്ങളുടെയും ആകെ പ്രതിരോധ ബജറ്റ് 1174 ബില്യണ്‍ ഡോളറാണ്. എന്നാല്‍ മറുവശത്ത് റഷ്യ, 20202ല്‍ പ്രതിരോധത്തിനായി ചെലവഴിച്ചത് 61.7 ബില്യണ്‍ ഡോളര്‍ മാത്രമാണ്. യുക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള പാശ്ചാത്ത്യ നീക്കമാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ചൊടിപ്പിച്ചത്. നാറ്റോയെ കുറിച്ചുള്ള ഭീതിയാണ് യുദ്ധകാഹളത്തിനും വഴി തുറന്നത്.
യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് മോസ്‌കോയിലേക്കുള്ള ദൂരം വെറും 450 കിലോമീറ്റര്‍ മാത്രമാണ്. അതുകൊണ്ടുതന്ന രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹിറ്റ്‌ലര്‍ നടത്തിയ മിന്നലാക്രമണം പോലൊന്ന് ഇനിയും നടന്നാല്‍ അമേരിക്കയുടെയും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും സൈനികര്‍ മോസ്‌കോയിലെത്തിയിരിക്കും.
റഷ്യയുടെ ഈ ഭീതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്യന്‍ ശക്തികളുടെ നിയന്ത്രണ രേഖയായിരുന്നു നാറ്റോയും വാഴ്‌സ സഖ്യവും. യുദ്ധാനന്തര യൂറോപില്‍ സ്റ്റാലിന്‍ ഉയര്‍ത്തിയ സോവിയറ്റ് ഭീഷണിയെ നേരിടാന്‍ പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ അണിനിരന്നു. നാറ്റോ അന്നുമുതലേ റഷ്യയുടെ ഉറക്കം കെടുത്തിയിരുന്നു. അങ്ങനെ ബദലായി കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വാഴ്‌സ സഖ്യം രൂപീകരിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്‌ക്കൊപ്പം വാഴ്‌സ സഖ്യവും മണ്‍മറഞ്ഞു. സോവിയറ്റ് യൂണിയന്റെ പിന്തുടര്‍ച്ചാ അവകാശിയായി റഷ്യയെത്തി. സോവിയറ്റ് സൈന്യവും ആണവായുധവുമെല്ലാം റഷ്യക്ക് സ്വന്തം.
തകര്‍ച്ചയില്‍ നിന്ന് കരകയറുമ്പോള്‍ റഷ്യ ഒരു കാര്യം മാത്രം മറന്നു. നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ അഥവാ നാറ്റോയെ. സോവിയറ്റ് യൂണിയന് പാശ്ചാത്യ ലോകം നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ പില്‍ക്കാലത്ത് റഷ്യ ആവശ്യപ്പെട്ടുതുടങ്ങി. പരസ്പര വിശ്വാസം നഷ്ടപ്പെട്ട് തുടങ്ങിയ നാളുകള്‍. നാറ്റോ പിരിച്ചുവിട്ടില്ലെങ്കിലും മുന്‍ സോവിയറ്റ് സഖ്യരാജ്യങ്ങളെ ഉള്‍പ്പെടുത്തി നാറ്റോ വിപുലമാക്കരുതെന്നും അന്നേ ആവശ്യമുയര്‍ന്നു. മറ്റ് രാജ്യങ്ങളെ ആക്രമിക്കാനല്ല, യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സംരക്ഷണം നല്‍കാനാണ് നാറ്റോ രൂപീകരിച്ചതെന്ന് എതിര്‍പക്ഷം വാദിച്ചു. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ റഷ്യ തയ്യാറല്ല. റഷ്യയുടെ വല്യേട്ടന്‍ നയത്തില്‍ ശ്വാസം മുട്ടിക്കഴിഞ്ഞിരുന്ന പോളണ്ട്, ഹംഗറി, ബള്‍ഗേറിയ, റുമാനിയ എന്നീ രാജ്യങ്ങളും ബാള്‍ട്ടിക്ക് രാജ്യങ്ങളും നാറ്റോയുടെ ചിറകിന് കീഴിലെത്തി. യുക്രൈന്‍, ജോര്‍ജിയ എന്നീ രാജ്യങ്ങള്‍ അംഗത്വത്തിന് വേണ്ടി ബ്രെസല്‍സിലെത്തി.
1917ന് മുന്‍പ് റഷ്യയും യുക്രൈനും റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. റഷ്യന്‍ വിപ്ലവത്തെ തുടര്‍ന്ന് റഷ്യന്‍ സാമ്രാജ്യം വീണപ്പോള്‍ യുക്രൈന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സോവിയറ്റ് യൂണിയനില്‍ ചേര്‍ന്നു. സോവിയറ്റ് യൂണിയന്‍ വീണപ്പോള്‍ 1991ല്‍ യുക്രൈന്‍ സ്വാതന്ത്ര്യം നേടി. കിഴക്കന്‍ ഭാഗത്ത് താമസിക്കുന്ന യുക്രൈനികള്‍ റഷ്യയുമായി കൂടുതല്‍ അടുപ്പമുള്ളവരും പടിഞ്ഞാറന്‍ ഭാഗത്തുള്ളവര്‍ യൂറോപ്യന്‍ യൂണിയനോട് താത്പര്യമുള്ളവരും റഷ്യന്‍ വിരുദ്ധരുമാണ്. 2014ല്‍ റഷ്യ ക്രിമിയ പിടിച്ചെടുത്തു. ഇപ്പോഴത്തെ അധിനിവേശത്തിന് തൊട്ടുമുന്‍പ് ഡൊണറ്റ്ക്‌സിനെയും ലുഹാന്‍സ്‌കിനെയും പ്രത്യേക രാഷ്ട്രങ്ങളായി അംഗീകരിച്ചു.
Read Also : റഷ്യൻ ടാങ്കുകളെ തടയുന്നതിനായി സ്വയം പൊട്ടിത്തെറിച്ച് യുക്രൈൻ സൈനികൻ
പുടിന്റെ കണ്ണ് എന്നും യുക്രൈന് മുകളിലായിരുന്നു. സുരക്ഷിത കവചം തേടി അങ്ങനെയാണ് യുക്രൈന്‍ നാറ്റോയിലെത്തുന്നത്. അസ്വസ്ഥരായ യുക്രൈന് സാമ്പത്തിക സഹായവുമായി അമേരിക്ക രംഗത്തെത്തി. ഉറച്ച ഭരണകൂടമോ സൈനിക ശേഷിയോ ഇല്ലാതിരുന്ന യുക്രൈന് അതേറെ ആശ്വാസമായി. വിപണന സാധ്യതയുള്ള ഒരു കമ്പോളാക്കി മാറ്റുന്നതിനൊപ്പം യുക്രൈനെ തങ്ങള്‍ക്ക് അനുകൂലമായ ജനാധിപത്യ രാജ്യമാക്കി മാറ്റാമെന്നും അമേരിക്ക കണക്കുകൂട്ടി. 2014 വരെ യുക്രൈന്‍ ഭരിച്ചിരുന്നത് പുടിന്‍ അനുകൂലിയായിരുന്ന വിക്ടര്‍ യാനുകോവിച് ആയിരുന്നു. അതുവരെ അമേരിക്കയ്ക്ക് ഒരിടപെടലും നടത്താന്‍ സാധിച്ചിരുന്നില്ല.
2019ല്‍ വ്‌ളാദിമിര്‍ സെലന്‍സ്‌കി യുക്രൈന്‍ പ്രസിഡന്റായതോടെയാണ് കാര്യങ്ങള്‍ എളുപ്പമായത്. സെലന്‍സ്‌കിയുടെ നേതൃത്വത്തില്‍ യുക്രൈനെ യൂറോപ്യന്‍ യൂണിയനില്‍ അംഗമാക്കാനും അണിയറയില്‍ നീക്കങ്ങള്‍ നടന്നു. റഷ്യന്‍ അധിനിവേശം ചെറുത്ത് ലോകമേധാവിത്വം ഉറപ്പിക്കാന്‍ അമേരിക്ക ഒരു ഭാഗത്ത്. പിന്തുണയുമായി നാറ്റോയും. സൂപ്പര്‍ പവറായി ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ റഷ്യയും. യുദ്ധത്തില്‍ പങ്കാളിയായി പരാജയപ്പെട്ടാല്‍ അമേരിക്കയുടെ ഖ്യാതി മങ്ങും. റഷ്യയുടെ വിജയം പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രചിക്കപ്പെടും. നാറ്റോ സൈന്യത്തെ ആദ്യഘട്ടത്തില്‍ അയക്കാതിരുന്നത് റഷ്യക്ക് ആശ്വാസമായി. എന്നാല്‍ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും തയ്യാറാക്കി കാത്തിരിക്കുകയാണ് നാറ്റോ.
Story Highlights: russia ukraine war explaine, nato, russia-ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here