റേഡിയോ ആക്ടീവ് മാലിന്യം സൂക്ഷിക്കുന്ന കേന്ദ്രത്തിനുനേരെ ഷെല്‍ ആക്രമണമുണ്ടായതായി യുക്രൈന്‍

റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന കീവിലെ ഒരു കേന്ദ്രത്തിനുനേരെ റഷ്യന്‍ സൈന്യം ഷെല്‍ ആക്രമണം നടത്തിയതായി ആരോപിച്ച് യുക്രൈന്‍. കേന്ദ്രത്തിന്റെ പുറത്ത് ആക്രമണമുണ്ടായെങ്കിലും കണ്ടെയ്‌നറുകള്‍ക്ക് കേടുപാടുകള്‍ ഒന്നും സംഭവിക്കാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായെന്ന് യുക്രൈന്‍ സ്റ്റേറ്റ് ന്യൂക്ലിയര്‍ റെഗുലേറ്ററി ഇന്‍സ്‌പെക്ടറേറ്റ് അറിയിച്ചു. റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ ചോര്‍ന്നതായി നിലവില്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഇത് സ്ഥിരീകരിക്കാനായി വിദഗ്ധ സംഘം പരിശോധനകള്‍ നടത്തിവരികയാണെന്നും യുക്രൈന്‍ അറിയിച്ചു.
റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ വാസ്ലികീവ് എണ്ണ സംഭരണ കേന്ദ്രത്തിന് തീ പിടിച്ചിരുന്നു. എണ്ണ സംഭരണിക്ക് തീ പിടിച്ചതോടെ ഇത് വലിയ അപകടത്തിലേക്കും പൊട്ടിത്തെറിയിലേക്കും വഴിവെച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.
അതേയമയം, യുക്രൈനില്‍ ഏറ്റുമുട്ടല്‍ അതിരൂക്ഷമായി തുടരുകയാണ്. യുക്രൈന്‍ തലസ്ഥാനമായ കീവിലും, ഖാര്‍ക്കിവിലും കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. യുക്രൈന്റെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ പിടിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. മക്‌സറിലെ ജലവൈദ്യുത നിലയത്തിന് സമീപം റഷ്യന്‍ സേന എത്തിയെന്നാണ് റിപ്പോര്‍ട്ട്. ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ സേനയുടെ ആക്രമണം തുടരുകയാണ്.
യുക്രൈന്‍ തലസ്ഥാനമായ കീവില്‍ വന്‍ സ്‌ഫോടനങ്ങളാണ് റഷ്യ നടത്തിയിരിക്കുന്നത്. കീവിന്റെ തെക്കുപടിഞ്ഞാറായി രണ്ട് ഉഗ്ര സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നഗരമധ്യത്തില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെയാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്.
രണ്ടാമത്തെ സ്‌ഫോടനം പ്രാദേശിക സമയം പുലര്‍ച്ചെ 1 മണിക്ക് പടിഞ്ഞാറന്‍ കീവില്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാമത്തെ സ്‌ഫോടനം നഗരത്തിലെ പ്രധാന വിമാനത്താവളത്തിന്റെ ഭാഗത്ത് നിന്നുമാണ് ഉണ്ടായത്.
Story Highlights :shelling reporterd radio active waste deposit ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here