യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

പതിറ്റാണ്ടുകള്‍ക്കിടെ യൂറോപ്പ് കണ്ട ഏറ്റവും ഭീകരമായ പ്രതിസന്ധിയിലൂടെ യുക്രൈന്‍ കടന്നുപോകുന്ന പശ്ചാത്തലത്തില്‍ അവിടെ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിഡിയോ പങ്കുവെച്ച് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് യുക്രൈന്‍ സൈന്യം ക്രൂരമായി പെരുമാറുന്നതായുള്ള വിഡിയോയാണ് രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. യുക്രൈനില്‍ വിദ്യാര്‍ത്ഥികള്‍ ഇത്തരം പീഡനങ്ങള്‍ നേരിടുന്നത് കാണുമ്പോള്‍ തന്റെ ഹൃദയം നോവുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഒഴിപ്പിക്കല്‍ പദ്ധതി വിദ്യാര്‍ത്ഥികളുമായി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പങ്കുവയ്ക്കണമെന്ന് വിഡിയോ പങ്കുവെച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു. ഈ വിഡിയോ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും കാണുന്നുണ്ട്. ഒരു രക്ഷിതാവിനും ഈ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരരുതെന്ന് രാഹുല്‍ പറഞ്ഞു. നാം നമ്മുടെ ജനങ്ങളെ കൈവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ അധിനിവേശത്തിനിടെ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള അഞ്ചാമത്തെ രക്ഷാദൗത്യ വിമാനം അല്‍പസമയത്തിന് മുന്‍പ് ഡല്‍ഹിയിലെത്തിയിരുന്നു. റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നുള്ള വിമാനത്തില്‍ 249 പേരാണ് എത്തിയത്. ഇതോടെ യുക്രൈനില്‍ നിന്നും ഓപറേഷന്‍ ഗംഗ എന്ന രക്ഷാദൗത്യത്തിന്റെ ഭാഗമായി നാട്ടില്‍ മടങ്ങിയെത്തിയവരുടെ എണ്ണം 1156 ആയി.
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഓപ്പറേഷന്‍ ഗംഗ ഇന്നും തുടരും. ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്രം കൂടുതല്‍ ലോകരാജ്യങ്ങളുടെ സഹകരണം തേടിയിട്ടുണ്ട്. .യുക്രൈന്റെ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമാനിയ അതിര്‍ത്തികളിലൂടെ കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതിനു പുറമേ മോള്‍ഡോവ വഴിയും സംഘമെത്തും. ഇന്ത്യക്കാരെ വളരെ വേഗത്തില്‍ തിരിച്ചെത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇന്നുമുതല്‍ അഞ്ച് രാജ്യങ്ങള്‍ വഴി രക്ഷാദൗത്യം ഊര്‍ജിതമാക്കാനാണ് തീരുമാനം.
യുദ്ധാം അഞ്ചാം ദിവസവും തുടരുന്ന പശ്ചാത്തലത്തില്‍ അതിവേഗം നാടണയാന്‍ ശ്രമിക്കുന്നവരുടെ വലിയ കൂട്ടമാണ് പോളണ്ട് അതിര്‍ത്തിയിലുളളത്. പോളണ്ട് അതിര്‍ത്തിയില്‍ വന്‍ തിരക്കായതിനാലാണ് പൗരന്മാരെ ഇന്ത്യയിലെത്തിക്കാന്‍ എംബസി ഹംഗറി, റോമാനിയ അതിര്‍ത്തികളുടെ സാധ്യത കൂടി തേടിയത്. യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങള്‍ കൂടി ഇന്നെത്തും. റോമാനിയയില്‍ നിന്നും ഹംഗറിയില്‍ നിന്നും ഓരോ വിമാനങ്ങള്‍ കൂടി ഇന്ന് പുറപ്പെടും.
Story Highlights: rahuk gandhi share video of indian students struck ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here