Advertisement

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇന്ന് സമർപ്പിച്ചേക്കും

March 1, 2022
1 minute Read

തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇന്ന് സമർപ്പിച്ചേക്കും. വിചാരണ നടക്കുന്ന എറണാകുളം പ്രത്യേക സിബിഐ കോടതിയിലാണ് റിപ്പോർട്ട് സമർപ്പിക്കുക. മാർച്ച് ഒന്ന് വരെയാണ് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ക്രൈംബ്രാഞ്ചിന് വിചാരണാ കോടതി സമയം അനുവദിച്ചത്. എന്നാൽ അന്തിമ റിപ്പോർട്ട് വൈകാനാണ് സാധ്യത.

സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്നും താൻ അതിന് സാക്ഷിയാണെന്നുമായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ. അതേസമയം, പ്രധാന കേസിൽ വിചാരണ പൂർത്തിയാക്കാൻ കോടതി 6 മാസത്തെ സാവകാശം കൂടി തേടിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി. അതേസമയം, തുടരന്വേഷണത്തിന് ഇനി സമയം നീട്ടി നൽകരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. സമയപരിധി നീട്ടുകയല്ല അന്വേഷണം തടയുകയാണ് വേണ്ടതെന്നും ദിലീപ് കോടതിയോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകൾ ഇല്ലാതാക്കാനാണ് ഇപ്പോൾ തുടരന്വേഷണം. എന്നാൽ, തുടരന്വേഷണതിന്റെ മറവിൽ തനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് ശ്രമമെന്നും ദിലീപ് ആരോപിച്ചു.

തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുള്ളത്. കൂടാതെ ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന കാര്യവും പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. സത്യം പുറത്തു വരാനായി തുടരന്വേഷണം അനിവാര്യമാണെന്ന് ഹർജിയിൽ കക്ഷി ചേർന്ന നടിയും കോടതിയെ അറിയിച്ചിരുന്നു.

Story Highlights: actress attack case crime branch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top