സ്വിസ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി റഷ്യ

സ്വിസര്‍ലാന്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി റഷ്യ. രാജ്യത്തിന്റെ ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയായ റോസാവിയറ്റ്‌സിയയാണ് ഇക്കാര്യം അറിയിച്ചത്. സ്വിസര്‍ലാന്‍ഡിന്റെ സമാനനീക്കത്തിന് പ്രതികാരമായാണ് റഷ്യന്‍ നടപടിയെന്നും റഷ്യ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, യുക്രൈനില്‍ നിന്നുള്ള പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടി ചൈന തുടങ്ങിയതായി ചൈനീസ് സ്റ്റേറ്റ് മീഡിയ അറിയിച്ചു. കരിങ്കടല്‍ തുറമുഖ നഗരമായി ഒഡേസയില്‍ നിന്ന് 400 വിദ്യാര്‍ത്ഥികളും യുക്രൈന്റെ തലസ്ഥാനമായ കീവിലുള്ള 200 വിദ്യാര്‍ത്ഥികളും തിങ്കളാഴ്ച രാജ്യംവിട്ടതായി ചൈനീസ് എംബസിയെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
1000 പൗരന്മാരെ ഇന്ന് അയല്‍ രാജ്യങ്ങളിലേക്ക് ഒഴിപ്പിക്കാമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനീസ് പൗരന്മാരെ കൊണ്ടുവരുന്നതിനുള്ള ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകള്‍ ചൈന നേരത്തെ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ യുക്രൈനെതിരേ റഷ്യ യുദ്ധം ശക്തിപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ചൈനയുടെ അടിയന്തര ഇടപെടല്‍.
മറ്റു രാജ്യങ്ങള്‍ അവരുടെ പൗരന്മാരോട് റഷ്യന്‍ അധിവേശം ആരംഭിക്കുന്നതിന് മുമ്പ് തന്നെ യുക്രൈന്‍ വിടണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചൈന അത്തരത്തിലൊരു നിര്‍ദേശം ആദ്യഘട്ടത്തില്‍ നല്‍കിയിരുന്നില്ല. റഷ്യ മോസ്‌കോയില്‍ നിന്ന് യുദ്ധത്തിന് തയാറെടുക്കുന്നുവെന്ന് അമേരിക്ക പറഞ്ഞപ്പോഴും അത്തരത്തിലൊരു നീക്കമില്ലെന്ന നിലപാടാണ് ചൈനീസ് എംബസി സ്വീകരിച്ചത്. അതാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് കാരണമെന്ന് ചൈനയ്‌ക്കെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ സഹാചര്യങ്ങള്‍ക്ക് അനുസൃതമായി യഥാസമയം മുന്നറിയുപ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് ചൈന കഴിഞ്ഞ ദിവസം പ്രതികരിച്ചു. യുക്രൈനില്‍ 6000 ചൈനീസ് പൗരന്മാര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Read Also : യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് യുക്രൈന്‍; അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പുവച്ചു
അതേസമയം, യുക്രൈനിലെ ഖാര്‍ക്കീവ് നഗരത്തില്‍ മിസൈലാക്രമണം നടന്നു. ഫ്രീഡം സ്‌ക്വയറില്‍ സര്‍ക്കാരിന്റെ ബഹുനില കെട്ടിടം മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. ഖാര്‍ക്കീവിലെ താമസക്കാര്‍ അടുത്തുള്ള അഭയകേന്ദ്രങ്ങളിലേക്ക് മാറാനാണ് നിര്‍ദേശം.
യുക്രൈനിലെ ഖേഴ്‌സന്‍ നഗരം പൂര്‍ണമായും റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായി.നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും റഷ്യന്‍ സേന അടച്ചു. ചെക്‌പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 40 മൈല്‍ ദൂരത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹം ഉടന്‍ കീവില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കീവിലെ സ്ഥിതി അതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യക്കാര്‍ എത്രയും വേഗം കീവ് വിടണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ട്രെയിനുകളോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിക്കാനാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. കീവിലെ മുസോവയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ആക്രമണമുണ്ടായി. കഴിഞ്ഞ 48 മണിക്കൂറിനിടെ ഖാര്‍ക്കീവിലാണ് ഏറ്റവും കൂടുതല്‍ ആക്രമണമുണ്ടായത്. ഖാര്‍ക്കീവില്‍ മാത്രം 12ലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് ലക്ഷത്തിലധികം പേര്‍ ഇവിടെ നിന്നും പലായനം ചെയ്‌തെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്.
Story Highlights: Russia responds to Swiss sanctions with tit-for-tat flight ban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here