കുതിച്ചുയർന്ന് ക്രൂഡ്ഓയിൽ വില; ബാരലിന് 110 ഡോളർ കടന്നു, ഒരുമാസം കൊണ്ട് കൂടിയത് 22 ഡോളർ

ബ്രെൻഡ് ക്രൂഡ് വില ബാരലിന് 110 ഡോളർ കടന്നു. ഡബ്ല്യുടിഐ അഞ്ച് ശതമാനത്തിലധികം ഉയർന്നു. ഒരുമാസം കൊണ്ട് 22 ഡോളറാണ് കൂടിയത്. ബ്രെൻഡ് 4.88 ശതമാനം ഉയർന്ന് 110.09 ഡോളറിലെത്തിയപ്പോൾ ഡബ്ല്യുടിഐ 5.06 ശതമാനം ഉയർന്ന് 108.64 ആയി. റഷ്യ-യുക്രൈൻ പ്രതിസന്ധിയാണ് ക്രൂഡ്ഓയിൽ വില കുത്തനെ ഉയരാൻ കാരണമായതെന്നാണ് വിലയിരുത്തൽ. ലോകത്തെ ഏറ്റവും വലിയ ഊര്‍ജ ഉത്പാദന രാജ്യങ്ങളിലൊന്നായ റഷ്യയ്ക്ക് മേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായുണ്ടായ ഉപരോധം മൂലമാണ് ബ്രെൻഡ്ക്രൂഡ് ഓയില്‍ വില കുത്തനെ ഉയർന്നത് .
ഇതിനിടെ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി നിരോധിക്കുകയാണെന്ന് പ്രഖ്യാപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തി. പാശ്ചാത്യരാജ്യങ്ങളില്‍ പലതും റഷ്യക്കെതിരായി ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും രാജ്യത്ത് നിന്ന് ക്രൂഡ് ഓയില്‍, വാതക കയറ്റുമതി ഇപ്പോഴും തുടരുന്നുണ്ട്.
Read Also : റഷ്യയില്‍ പുതിയ എണ്ണ-വാതക നിക്ഷേപമില്ല; പ്രൊജക്ടുകള്‍ അവസാനിപ്പിച്ച് എക്‌സോണ്‍
റഷ്യയുടെ എണ്ണ കയറ്റുമതിയെ ഒരു പരിധിക്കപ്പുറം ആശ്രയിക്കാത്ത രാജ്യമാണ് കാനഡ. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് കാനഡ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തത്. 2021ല്‍ 289 മില്യണ്‍ കനേഡിയന്‍ ഡോളറിന്റെ എണ്ണയാണ് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എണ്ണ നിര്‍മാണത്തില്‍ ലോകരാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് കാനഡയെങ്കിലും താരതമ്യേന കുറഞ്ഞ അളവില്‍ എണ്ണ ഇറക്കുമതിക്കായി മാത്രം റഷ്യയെ ആശ്രയിക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ കാല്‍ഭാഗവും റഷ്യയില്‍ നിന്നുള്ള പെട്രോളിയം ഉത്പ്പന്നങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. 40 ശതമാനം പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നുണ്ട്.
Story Highlights: Crude oil price rise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here