Advertisement

‘ശാസ്ത്രജ്ഞന്‍ ആകാനായിരുന്നു ആഗ്രഹം, പക്ഷേ ആയത്…’;സൂര്യയുടെ എതര്‍ക്കും തുനിന്തവന്റെ തീപാറുന്ന ട്രെയ്‌ലര്‍ പുറത്ത്

March 2, 2022
2 minutes Read

സൂര്യയുടെ ആക്ഷനും റൊമാന്‍സും മാസും പൊളിറ്റിക്കല്‍ ത്രില്ലറും എല്ലാം എന്നും ആവേശത്തോടെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതാണ് മലയാളിയുടെ പതിവ്. സൂര്യയുടെ സിനിമകള്‍ തമ്മില്‍ ഇപ്പോള്‍ ഗ്യാപ് കൂടിയിട്ടുണ്ടെന്നതാണ് ഈ അടുത്ത കാലത്തായി ആരാധകരുടെ പരാതി. ആരാധകരുടെ കാത്തിരിപ്പ് ഒട്ടും പാഴായിപ്പോയിട്ടില്ലെന്ന് ഉറപ്പിക്കുന്ന തീപാറുന്ന ട്രെയിലറുമായാണ് സൂര്യ ഇപ്പോള്‍ എത്തിയിരിക്കുന്നത്. സൂര്യയുടെ എതര്‍ക്കും തുനിന്തവന്‍ മാര്‍ച്ച് 10ന്‌ റിലീസിനെത്തും. സൂര്യ ആരാധകരുടെ ആവേശം ഇരട്ടിപ്പിക്കുന്ന ട്രെയ്‌ലര്‍ അല്‍പ സമയത്തിന് മുന്‍പാണ് പുറത്തെത്തിയത്. ചിത്രം ആക്ഷനും ഡ്രാമയ്ക്കും ഒരു പോലെ പ്രാധാന്യം നല്‍കുന്നതായിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

പാണ്ടിരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് എതര്‍ക്കും തുനിന്തവന്‍. കലാനിധി മാരന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക അരുണ്‍ മോഹനാണ് സൂര്യയുടെ നായിക. സത്യരാജ്, ശരണ്യ പൊന്‍വര്‍ണന്‍, വിനയ് റായ് മുതലായവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററുകളില്‍ എത്താന്‍ ഇരിക്കുന്ന സൂര്യയുടെ ചിത്രം എന്ന നിലയിലും സൂര്യയുടെ കരിയറിലെ 40-ാമത് ചിത്രം എന്ന നിലയിലും എതര്‍ക്കും തുനിന്തവന്‍ ഇതിനോടകം തന്നെ വലിയ ചര്‍ച്ചയായിട്ടുണ്ട്. ചിത്രം തിയറ്ററുകള്‍ പിടിച്ചടക്കും എന്ന് ഉറപ്പിക്കുന്ന ട്രെയ്‌ലര്‍ തന്നെയാണ് പുറത്തുവന്നിരിക്കുന്നത്.

തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. പൊള്ളുന്ന സാമൂഹ്യ യാഥാര്‍ഥ്യങ്ങളും രാഷ്ട്രീയ വീക്ഷണവും മുന്നോട്ട് വെക്കുന്ന ജയ് ഭീം എന്ന ചിത്രമാണ് ഇതിന് മുന്‍പ് സൂര്യ നായകനായി പുറത്തിറങ്ങിയത്. ഇതിന് രാജ്യമെമ്പാടുമുള്ള പ്രേക്ഷകര്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആണെങ്കിലും സ്ത്രീപക്ഷ രാഷ്ട്രീയം കൂടി എതര്‍ക്കും തുനിന്തവന്‍ മുന്നോട്ടുവെക്കുന്നുണ്ടെന്നും ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്.

Story Highlights: etharkkum thuninthavan trailer released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top