Advertisement

ക്ലൈമാക്സ് ട്വിസ്റ്റുമായി രാജസ്ഥാൻ റോയൽസ്

March 2, 2022
Google News 2 minutes Read
ipl team rajasthan royals

ലേലത്തിൽ സമർത്ഥമായി ഇടപെട്ട ടീമുകളിലൊന്നാണ് രാജസ്ഥാൻ റോയൽസ്. സഞ്ജു, ബട്‌ലർ, യശസ്വി എന്നിവരെ നിലനിർത്തിയ രാജസ്ഥാന് കഴിഞ്ഞ സീസണുകളിലെ വിടവുകൾ കൃത്യമായി മനസ്സിലാക്കി അവിടേക്ക് റീപ്ലേസ്മെൻ്റുകൾ നടത്താൻ സാധിച്ചു. സ്കൗട്ട് കണ്ടെത്തലായ ചേതൻ സക്കരിയയെ വിട്ടുകൊടുക്കേണ്ടിവന്നത് തിരിച്ചടിയാണെകിലും ചില മികച്ച വാങ്ങലുകൾ രാജസ്ഥാൻ നടത്തിയിട്ടുണ്ട്. അവസാന റൗണ്ടിൽ റസ്സി വാൻഡർ ഡസ്സൻ, ജിമ്മി നീഷം, ഡാരിൽ മിച്ചൽ എന്നീ താരങ്ങളെ ചുളുവിലക്ക് ടീമിലെത്തിച്ച രാജസ്ഥാൻ ശ്രദ്ധാപൂർവമാണ് കരുക്കൾ നീക്കിയത്. (ipl team rajasthan royals)

ട്രെൻ്റ് ബോൾട്ട്, റസ്സി വാൻഡർ ഡസ്സൻ, ഷിംറോൺ ഹെട്‌മെയർ, യുസ്‌വേന്ദ്ര ചഹാൽ, ആർ അശ്വിൻ, ദേവ്ദത്ത് പടിക്കൽ, നതാൻ കോൾട്ടർനൈൽ എന്നിവരാണ് രാജസ്ഥാൻ സ്വന്തമാക്കിവരിൽ ശ്രദ്ധേയ താരങ്ങൾ. കഴിഞ്ഞ രണ്ട് സീസണിൽ മുംബൈക്കായി അവിസ്മരണീയ പ്രകടനം നടത്തിയ ശേഷമാണ് ട്രെൻ്റ് ബോൾട്ട് രാജസ്ഥാനിലേക്ക് വരുന്നത്. യുഎഇയിലെ ട്രാക്കുകളിൽ അതിഗംഭീര പ്രകടനം നടത്തിയ ബോൾട്ട് ഇന്ത്യൻ പിച്ചുകളിൽ അത്ര എഫക്ടീവായില്ലെങ്കിലും മികച്ച പ്രകടനങ്ങൾ തന്നെയാണ് നടത്തിയത്. കഴിഞ്ഞ സീസണുകൾ രാജസ്ഥാന് ഇല്ലാതിരുന്ന വിദേശ എലീറ്റ് പേസർ ബോൾട്ടിലൂടെ നികത്തപ്പെട്ടു. 62 ഐപിഎൽ മത്സരങ്ങൾ കളിച്ച ബോൾട്ട് 8.4 എക്കോണമിയിൽ 76 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 44 രാജ്യാന്തര ടി-20കളിൽ നിന്ന് 8.13 എക്കോണമിയിൽ 62 വിക്കറ്റുകളും ബോൾട്ട് സ്വന്തമാക്കി. ഈ പ്രകടനം തുടരാനായാൽ സഞ്ജുവിനും സംഘത്തിനും ഇത്തവണ പ്രതീക്ഷ വെക്കാം. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ബോൾട്ടിനായി ബാംഗ്ലൂരും മുംബൈയും ശ്രമിച്ചെങ്കിലും 8 കോടി രൂപയ്ക്ക് രാജസ്ഥാൻ തന്നെ ബോൾട്ടിനെ ലേലം കൊണ്ടു.

റസ്സി വാൻഡർ ഡസ്സൻ്റെ ശേഷിയെന്തെന്നത് ഐപിഎൽ ടീമുകൾ കൃത്യമായി മനസ്സിലാക്കിയിട്ടില്ലാത്ത കാര്യമാണ്. ഏകദിനത്തിൽ 74.53 ഉം ടി-20യിൽ 38.88 ഉം ആണ് ഡസ്സൻ്റെ ശരാശരി. വിശ്വസിക്കാവുന്ന ടോപ്പ് ഓർഡർ താരം. നാലോ അഞ്ചോ നമ്പറിലിറങ്ങി സാഹചര്യത്തിനനുസരിച്ച് ബാറ്റ് വീശാൻ ഡസ്സനു സാധിക്കും. ഇന്നിംഗ്സ് കെട്ടിപ്പടുക്കാനും സ്ലോഗ് ഓവറുകളിൽ തകർത്തടിക്കാനും കഴിയുന്ന താരം. ഐപിഎലിൽ കളിച്ചിട്ടില്ലെന്നത് പ്രധാനപ്പെട്ട കാര്യമാണ്. എങ്കിലും കഴിഞ്ഞ സീസണുകളിൽ ടീമിൽ ഇല്ലാതിരുന്ന മധ്യനിരയിലെ വിശ്വസ്തനായ വിദേശ താരം ഡസ്സനിൽ ഭദ്രമാണ്. 34 രാജ്യാന്തര ടി-20കളിൽ നിന്ന് 131 സ്ട്രൈക്ക് റേറ്റിൽ 933 റൺസാണ് ഡസ്സൻ നേടിയിട്ടുള്ളത്. അടിസ്ഥാന വിലയായ വെറും ഒരു കോടി രൂപയ്ക്കാണ് ഡസ്സനെ രാജസ്ഥാൻ ലേലം കൊണ്ടത്.

എട്ടരക്കോടി രൂപയ്ക്കാണ് ഹെട്മെയറെ രാജസ്ഥാൻ സ്വന്തമാക്കിയത്. മറ്റേത് വിൻഡീസ് താരത്തെയും പോലെ അനായാസം ബൗണ്ടറി ക്ലിയർ ചെയ്യാനുള്ള കഴിവാണ് ഷിംറോൺ ഹെട്മെയറുടെ കഴിവ്. ഫിനിഷർ റോളീൽ പെർഫക്ട് ഫിറ്റ്. ഫിനിഷർ റോൾ ആയതുകൊണ്ട് തന്നെ സ്ഥിരത കുറവാവാം. എങ്കിലും അവസാന ഓവറുകളിൽ ഇംപാക്ട്ഫുൾ ഇന്നിംഗ്സുകളിലൂടെ കളിയുടെ ഗതി മാറ്റിമറിക്കാൻ കഴിയുന്ന താരമാണ്. കഴിഞ്ഞ സീസണുകളിൽ ഡൽഹിയുടെ മികച്ച പ്രകടനങ്ങൾക്ക് പിന്നിൽ ഹെട്മെയറുടെ പങ്ക് ഒഴിച്ചുകൂടാൻ കഴിയാത്തതാണ്. കഴിഞ്ഞ സീസണുകളിൽ രാജസ്ഥാന് ഫിനിഷർ റോളിലും എസ്റ്റാബ്ലിഷ്ഡ് ആയ ഒരു താരം ഉണ്ടായിരുന്നില്ല. അതിനുള്ള ഉത്തരമാണ് ഹെട്മെയർ. 31 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 151 സ്ട്രൈക്ക് റേറ്റിൽ 517 റൺസാണ് ഹെട്മെയറുടെ സമ്പാദ്യം. 42 രാജ്യാന്തര ടി-20കൾ കളിച്ച താരം 118 സ്ട്രൈക്ക് റേറ്റിൽ 666 റൺസും നേടി. ഒന്നരക്കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ഡൽഹി വാശിയോടെ ലേലം വിളിച്ചെങ്കിലും രാജസ്ഥാൻ വിട്ടുകൊടുത്തില്ല.

പുരുഷ ടി-20യിൽ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരമാണ് യുസ്‌വേന്ദ്ര ചഹാൽ. ചഹാലിനായി രാജസ്ഥാൻ ആറരക്കോടി രൂപ മുടക്കി. എല്ലായ്പ്പോഴും വിക്കറ്റിനായി ശ്രമിക്കുന്ന താരം. രാജ്യാന്തര ക്രിക്കറ്റിലും ഐപിഎലിലും മത്സരപരിചയം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിരയിൽ സ്ഥിരതയോടെ പ്രകടനം നടത്തിവന്ന താരം. പോയ വർഷത്തെ മോശം പ്രകടനങ്ങളിൽ വിലയിരുത്തി ചഹാലിനെ ഒരു തവണ പോലും ലേലം വിളിക്കാതിരുന്ന ബാംഗ്ലൂർ അത്ഭുതപ്പെടുത്തി. 114 ഐപിഎൽ മത്സരങ്ങളും 54 രാജ്യാന്തര മത്സരങ്ങളും കളിച്ച ചഹാൽ യഥാക്രമം 7.6, 8.2 എക്കോണമിയിൽ 139, 68 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഫോമൗട്ടല്ലെങ്കിൽ ചഹാൽ രാജസ്ഥാന് നേട്ടമുണ്ടാക്കിക്കൊടുക്കുമെന്നുറപ്പ്. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ഡൽഹിയും മുംബൈയും ഹൈദരാബാദുമാണ് രാജസ്ഥാനു വെല്ലുവിളി ഉയർത്തിയത്.

ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ബ്രെയിനായ ആർ അശ്വിനു വേണ്ടി രാജസ്ഥാൻ ചെലവഴിച്ചത് 5 കോടി രൂപയാണ്. തന്ത്രശാലിയായ ക്രിക്കറ്റർ എന്നതിലുപരി ടീം സ്ട്രാറ്റജിയിൽ നിർണായക സ്വാധീനം ചെലുത്തുന്ന താരം. ക്യാപ്റ്റൻസി പരിചയം. രാജ്യാന്തര തലത്തിലും ഐപിഎലിലും വർഷങ്ങൾ നീണ്ട മത്സര പരിചയം. എല്ലായ്പ്പോഴും ടീമിനു വേണ്ടി ക്വാളിറ്റി പ്രകടനങ്ങൾ നടത്തുന്ന താരം. ചഹാൽ-അശ്വിൻ സഖ്യം രാജസ്ഥാൻ്റെ ബൗളിംഗ് കോർ ആവും. 167 ഐപിഎൽ മത്സരങ്ങൾ കളിച്ച അശ്വിൻ 6.91 എക്കോണമിയിൽ നേടിയത് 145 വിക്കറ്റ്. രാജ്യാന്തര ടി-20യിൽ 6.8 എക്കോണമിയിൽ 61 വിക്കറ്റുകളും അശ്വിൻ നേടി. കഴിഞ്ഞ സീസണിൽ തങ്ങൾക്കായി കളിച്ച അശ്വിനെ നിലനിർത്താൻ ഡൽഹി ശ്രമിച്ചെങ്കിലും രാജസ്ഥാൻ വിട്ടുകൊടുത്തില്ല.

കഴിഞ്ഞ രണ്ട് സീസണുകളായി ആർസിബിയിലും ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്കായും സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന താരമാണ് ദേവ്ദത്ത്. പവർപ്ലേയ്ക്ക് ശേഷം സ്ട്രൈക്ക് റേറ്റ് കുറയുന്നത് ഒരു തിരിച്ചടിയാണെങ്കിലും ആദ്യ 6 ഓവറുകളിൽ അനായാസം സ്കോർ ചെയ്യാൻ കഴിയുന്ന താരമാണ് ദേവ്ദത്ത്. 29 ഐപിഎൽ മത്സരങ്ങൾ കളിച്ച ദേവ്ദത്ത് 125 സ്ട്രൈക്ക് റേറ്റിൽ 884 റൺസാണ് നേടിയിട്ടുള്ളത്. 2 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ദേവ്ദത്തിനായി ബാംഗ്ലൂരും ചെന്നൈയും മുംബൈയും ശ്രമിച്ചെങ്കിലും 7.75 കോടി രൂപ മുടക്കി രാജസ്ഥാൻ തന്നെ യുവ ഓപ്പണറെ സ്വന്തമാക്കുകയായിരുന്നു.

നതാൻ കോൾട്ടർനൈൽ വളരെ നിശബ്ദമായി പ്രകടനം നടത്തുന്ന താരമാണ്. കഴിഞ്ഞ രണ്ട് സീസണുകളിൽ മുംബൈ ഇന്ത്യൻസിൽ കളിച്ച താരത്തെ അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് രാജസ്ഥാൻ സ്വന്തമാക്കി. ഇംപാക്ട്ഫുൾ താരമല്ലെന്ന് തോന്നുമ്പോഴും വേരിയേഷനുകളിലൂടെ വിക്കറ്റ് വീഴ്ത്തുന്ന താരമാണ് കോൾട്ടർനൈൽ. 38 ഐപിഎൽ മത്സരങ്ങൾ കളിച്ച കോൾട്ടർനൈൽ 7.5 എക്കോണമിയിൽ 48 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 28 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 8.3 എക്കോണമിയിൽ 34 വിക്കറ്റുകളും താരം സ്വന്തമാക്കി. വാലറ്റത്ത് ഭേദപ്പെട്ട ബാറ്റർ കൂടിയാണ് താരം.

ഹിറ്റ് ദ ഡെക്ക് വിക്കറ്റ് ബൗളറായ പ്രസിദ്ധ് കൃഷ്ണയും മികച്ച വാങ്ങലാണെങ്കിലും ഇന്ത്യൻ പിച്ചുകളിൽ എങ്ങനെ കളിക്കുമെന്നത് കണ്ടറിയേണ്ടതുണ്ട്. സമീപകാല പ്രകടനം ഒരു പോസിറ്റീവ് ഘടകമാണെങ്കിലും ഐപിഎലിൽ 9നു മുകളിൽ എക്കോണമിയുള്ള പ്രസിദ്ധ് എത്രത്തോളം മികച്ചുനിൽക്കുമെന്ന് കാണേണ്ടതുണ്ട്.

ജിമ്മി നീഷം, ഡാരിൽ മിച്ചൽ, ഒബേദ് മക്കോയ്, കുൽദീപ് യാദവ്, റിയൻ പരഗ്, ധ്രുവ് ജൂറൽ, കരുൺ നായർ തുടങ്ങി മികച്ച താരങ്ങൾ കൂടി ഉൾപ്പെട്ട ടീമാണ് രാജസ്ഥാൻ. പക്ഷേ, 4 വിദേശ താരങ്ങളെന്ന നിബന്ധന രാജസ്ഥാനു തിരിച്ചടിയാണ്. ജോസ് ബട്‌ലർ, ട്രെൻ്റ് ബോൾട്ട് എന്നിവർ ടീമിൽ സ്ഥിരമാവുമ്പോൾ നീഷം, ഹെട്‌മെയർ, മിച്ചൽ, കോൾട്ടർനൈൽ, ഡസ്സൻ എന്നീ മികച്ച താരങ്ങളിൽ രണ്ട് പേരേ ടീമിലെത്തൂ. അതിലൊരു സ്ഥാനം ഹെട്‌മെയർ തന്നെ ആയേക്കും. അങ്ങനെയാണെങ്കിലും മികച്ച രണ്ട് വിദേശ താരങ്ങൾ ബെഞ്ചിലിരിക്കും. ഇതോടൊപ്പം കഴിഞ്ഞ സീസണിൽ നിലനിർത്തിയ യശസ്വിയും ബട്‌ലറും ഉള്ളപ്പോൾ മറ്റൊരു മികച്ച, യുവ ഓപ്പണറായ ദേവ്ദത്ത് ഏത് പൊസിഷനിൽ ഇറങ്ങുമെന്നത് ചോദ്യ ചിഹ്നമാണ്. യശസ്വി ഓപ്പൺ ചെയ്ത് ദേവ്ദത്ത് മൂന്നാം നമ്പറിലാവുമെന്നാണ് സൂചനയെങ്കിലും സ്ഥിരം പൊസിഷനായ മൂന്നാം നമ്പറിൽ നിന്ന് സഞ്ജുവിനെ മാറ്റുന്നത് തിരിച്ചടിയാവുമോ എന്ന് കണ്ടറിയണം.

Story Highlights: ipl team analysis rajasthan royals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here