റഷ്യൻ വ്യോമസേന ഖാർകിവിൽ ഇറങ്ങി, ആശുപത്രി ആക്രമിച്ചു: യുക്രൈൻ സൈന്യം

റഷ്യൻ അധിനിവേശം ഏഴാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ, യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ റഷ്യൻ വ്യോമസേന ഇറങ്ങി. നഗരത്തിലെ ഒരു ആശുപത്രിയെ ശത്രുസൈന്യം ആക്രമിച്ചതായി യുക്രൈനിയൻ സൈന്യം അവകാശപ്പെട്ടതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിനിടെ ചൊവ്വാഴ്ച ഒരു ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട നഗരം കൂടിയാണ് ഖാർകിവ്.
“റഷ്യൻ വ്യോമസേനാ സൈന്യം ഖാർകിവിൽ ഇറങ്ങുകയും ഒരു പ്രാദേശിക ആശുപത്രി ആക്രമിക്കുകയും ചെയ്തു. യുദ്ധം തുടരുകയാണ്,” യുക്രൈനിയൻ സേനയെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച നടന്ന റഷ്യൻ മിസൈൽ ആക്രമണത്തിൽ, നഗരത്തിന്റെ മധ്യഭാഗത്തും പാർപ്പിട പ്രദേശങ്ങളും ഭരണനിർവഹണ കെട്ടിടങ്ങളും ഉൾപ്പെടെ ബാധിച്ചതായി ഖാർകിവ് മേഖലാ മേധാവി ഒലെഗ് സിനെഗുബോവ് പറഞ്ഞു.
യുക്രൈനിയൻ പട്ടാളക്കാരും റഷ്യൻ പാരാട്രൂപ്പർമാരും തമ്മിൽ ഖാർകിവിലെ ആശുപത്രിയിൽ നടന്ന വെടിവെപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏറ്റുമുട്ടലിൽ യുക്രൈനിയൻ സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഖാർകിവ് മേഖലാ പൊലീസ് മേധാവി വോളോഡിമർ തിമോഷ്‌കോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിൽ ആശുപത്രിക്ക് സമീപമുള്ള സ്ഥിതി നിയന്ത്രണവിധേയമാണെന്നും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞതായി യുക്രൈനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റഷ്യൻ അതിർത്തിക്കടുത്തുള്ള റഷ്യൻ സംസാരിക്കുന്ന നഗരമായ ഖാർകിവിൽ ഏകദേശം 1.4 ദശലക്ഷം ജനസംഖ്യയുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുക്രൈനിൽ അധിനിവേശം ആരംഭിച്ചതുമുതൽ ഇത് റഷ്യൻ സൈന്യത്തിന്റെ ലക്ഷ്യമായിരുന്നു. കുറഞ്ഞത് 14 കുട്ടികളടക്കം 350-ലധികം സിവിലിയൻ അപകടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1,600-ലധികം പേർക്ക് പരുക്കേറ്റതായും യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു.
Story Highlights: russian-airborne-troops-land-in-kharkiv-attack-hospital-ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here