Advertisement

കുവൈറ്റ് യുദ്ധകാലം മുതൽ യുക്രൈൻ വരെ; ഗിന്നസിൽ പോലും ഇടംനേടിയ ഇന്ത്യൻ രക്ഷാദൗത്യങ്ങൾ

March 3, 2022
3 minutes Read
rescue missions india witnessed 24 explainer
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു യുദ്ധകാലം.. ഗൾഫ് യുദ്ധം കൊടുമ്പിരികൊണ്ടിരുന്ന സമയം…പതിനായിരക്കണക്കിന് ഇന്ത്യക്കാരെയാണ് അന്ന് കുവൈറ്റിൽ നിന്ന് ഇന്ത്യ മടക്കിക്കൊണ്ടുവന്നത്. ലോകത്തെ ഏറ്റവും വലിയ രക്ഷാദൗത്യമായിരുന്നു ഇന്ത്യ അന്ന് നടത്തിയത്. ഈ രക്ഷാദൗത്യം ഗിന്നസ് ബുക്കിലും ഇടം നേടി…കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഇന്ത്യ നടത്തിയ രക്ഷാദൗത്യങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് നിലവിൽ നടക്കുന്ന ഓപറേഷൻ ഗംഗ. ഏതൊക്കെയാണ് ഇന്ത്യ മുൻപ് നടത്തിയ രക്ഷാദൗത്യങ്ങൾ ? എങ്ങനെയായിരുന്നു ഇത് നടത്തിയിരുന്നത് ? അറിയാം…. ( rescue missions India witnessed 24 explainer )

ഗിന്നസ് ബുക്കിലിടം നേടിയ രക്ഷാദൗത്യം – 1990

1990 ലായിരുന്നു സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ രക്ഷാദൗത്യം നടക്കുന്നത്. ഇറാഖ്-കുവൈറ്റ് യുദ്ധം നടക്കുന്നതിനിടെ ഗൾഫിൽ അകപ്പെട്ടത് രണ്ട് ലക്ഷത്തോളം ഇന്ത്യക്കാരാണ്. മരണഭീതിയോടെ കഴിഞ്ഞിരുന്ന ഇവരെ രണ്ട് മാസം കൊണ്ടാണ് അന്ന് കേന്ദ്ര സർക്കാർ നാട്ടിലേക്ക് തിരികെ എത്തിച്ചത്.

യുദ്ധം നടക്കുന്ന കുവൈറ്റിൽ നിന്ന് ഇന്ത്യക്കാരെ ഏറ്റവും പെട്ടെന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക എന്ന ദൗത്യത്തിനായിരുന്നു സർക്കാരിന്റെ പ്രഥമ പരിഗണന. അതുകൊണ്ട് തന്നെ ഉന്നത തലത്തിൽ ഇടപെടൽ നടത്തി ഇന്ത്യൻ പൗരന്മാരെ ബസുകളിൽ ജോർദാനിൽ എത്തിച്ചു. അവിടെ നിന്ന് ഇന്ത്യൻ എയർലൈൻസ് വഴി നാട്ടിലേക്ക് എത്തിക്കാനായിരുന്നു നീക്കം. എന്നാൽ അന്നത്തെ എയർ ഇന്ത്യയുടെ പരിധി വച്ച് ഇത്രയധികം ആളുകളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരികയെന്നത് അത്രയെളുപ്പമല്ലായിരുന്നു.

rescue missions india witnessed 24 explainer

1990 ൽ എയർ ഇന്ത്യയിൽ 19 വിമാനങ്ങൾ മാത്രമാണ് ഉള്ളത്. മറ്റ് സർവീസുകൾ മുടക്കാതെ ജോർദാനിൽ നിന്നുള്ളവരെ ഇന്ത്യയിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. എയർ ഇന്ത്യ, ഇന്ത്യൻ എയർലൈൻസ്, ഇന്ത്യൻ വ്യോമസേന എന്നിവരുടെ സംയുക്ത ശ്രമത്തിൽ 60 ദിവസമെടുത്ത് 1,70,000 ഇന്ത്യക്കാരെയാണ് രാജ്യത്തേക്ക് മടക്കിക്കൊണ്ടുവന്നത്. ഈ ദൗത്യത്തിന് സർക്കാർ പ്രത്യേക പേരൊന്നും നൽകിയിരുന്നില്ല.

സിവിൽ എയർലൈൻ നടത്തിയ ഏറ്റവും വലിയ രക്ഷാദൗത്യ എന്ന പേരിൽ എയർ ഇന്ത്യയുടെ പേര് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചു.

ഓപറേഷൻ സുകൂൻ- 2006

വർഷം 2006, ഇസ്രായേലും ലെബനീസ് സംഘമായ ഹെസ്ബുല്ലയും തമ്മിൽ സംഘർഷം നടന്ന വർഷം. അന്ന് പതിനായിരത്തോളം ഇന്ത്യക്കാരാണ് ലബനനിൽ താമസിച്ചിരുന്നത്. ഇതിൽ 2000 പേരും സംഘർഷഭൂമിയിലായിരുന്നു.

അന്ന് യുദ്ധലികപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ഓപറേഷൻ സുകൂൻ. അന്നത്തെ രക്ഷാദൗത്യത്തിൽ ഇന്ത്യക്കാർക്ക് പുറമെ നേപ്പാൾ ശ്രീലങ്ക എന്നിവിടിങ്ങളിലെ പൗരന്മാരേയും ഇന്ത്യ മടക്കിക്കൊണ്ടുവന്നു.

ഓപറേഷൻ സേഫ് ഹോം കമിംഗ് – 2011

2011 ലെ ലിബിയൻ ആഭ്യന്തര യുദ്ധകാലത്തും പതിനായിരക്കണക്കിന് പൗരന്മാരെ ഇന്ത്യ രക്ഷപ്പെടുത്തിയിട്ടുണ്ട്.

2011 ലാണ് ലിബിയയിലെ വിമതർ അന്നത്തെ സ്വേഛാദിപതിയായ നേതാവ് മുഅമ്മർ ഗദ്ദാഫിയെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ പദ്ധതിയിടുന്നതും, ഇതിന്റെ ഭാഗമായി ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നതും. ബംഗാസിയിലെ ഏറ്റുമുട്ടൽ കൂടി കഴിഞ്ഞതോടെ സ്ഥിതി അതീവ രൂക്ഷമായി.

Read Also : ‘ഞങ്ങൾ ഒന്നുകിൽ ഇവിടെ പട്ടിണി കിടന്ന് മരിക്കും, അല്ലെങ്കിൽ ആക്രമണത്തിൽ മരിക്കും’; മലയാളി വിദ്യാർത്ഥിനി 24നോട്

ആയിരക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഇവിടുത്തെ സ്ഥിതി വിവരങ്ങൾ കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നുണ്ടായിരുന്നു. സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ ‘ഓപറേൻ സേഫ് ഹോം കമിംഗ്’ എന്ന ദൗത്യം ആവിഷ്‌കരിച്ച് 15,400 ഇന്ത്യക്കാരെ സർക്കാർ മടക്കിക്കൊണ്ടുവന്നു.

ലിബിയ, ഈജിപ്റ്റ്, മാൾട്ട എന്നിവിടിങ്ങളിൽ നിന്ന് ഒൻപത് പ്രത്യേക വിമാനത്തിലും, ഇന്ത്യൻ നാവിക സേന കടൽ മാർഗവുമാണ് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത്.

ഓപറേഷൻ മൈത്രി 2015

2015 ഏപ്രിൽ 25ന് നേപ്പാളിനെ പിടിച്ചുലച്ചുകൊണ്ട് ഭൂമി കുലുങ്ങി. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിൽ 9000 പേർക്കാണ് ജീവൻ നഷ്ടമായത്. 21,000 പേർക്ക് പരുക്കേറ്റു.

operation maitri

ദുരന്തം സഭവിച്ച് 15 മിനിറ്റനകം തന്നെ ഇന്ത്യൻ രക്ഷാസേന സജ്ജമായി. ഇന്ത്യൻ വ്യോമ സേനയും, സിവിൽ എയർക്രാഫ്റ്റും ചേർന്ന് 5,000 ഇന്ത്യക്കാരെയാണ് നേപ്പാളിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഇന്ത്യക്കാർക്ക് പുറമെ, അമേരിക്ക, ബ്രിട്ടൻ, റഷ്യ, ജർമനി എന്നീ പൗരന്മാരേയും ഇന്ത്യ രക്ഷപ്പെടുത്തിയിരുന്നു.

ഐഎൽ-76, സി-130ജെ, സി-17 ഗ്ലോബ്മാസ്റ്റർ, എംഐ-17 ഹെലികോപ്റ്റർ എന്നിവ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം.

ഓപറേഷൻ റാഹത്ത് 2015

യമൻ സർക്കാരും ഹൂതി വിമതരും തമ്മിലുള്ള സംഘർഷം യെമനിൽ പൊട്ടിപ്പുറപ്പെടുന്നത് ഏപ്രിൽ 2015 ലാണ്. യെമനിൽ നിന്ന് അന്ന് അന്ത്യ രക്ഷപ്പെടുത്തിയത് 6,688 പേരെയാണ്. ഇതിൽ 4,741 പേർ ഇന്ത്യക്കാരും 1947 പേർ വിദേശ പൗരന്മാരുമായിരുന്നു.

വന്ദേഭാരത് മിഷൻ – 2021

കൊവിഡ് മഹാമാരിക്കാലത്താണ് കുവൈറ്റ് യുദ്ധകാലത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിന് രാജ്യം സാക്ഷ്യം വഹിച്ചത്. 1.8 മില്യൺ ഇന്ത്യൻ പൗരന്മാരേയാണ് 15 ഘട്ടങ്ങളിലായി രാജ്യത്തേക്ക് മടക്കിക്കൊണ്ടുവന്നത്.

വിമാനമാർഗം മാത്രമല്ല, കപ്പൽ മാർഗവും 3,987 ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു. വ്യോമയാന മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 30,000 ഫ്‌ളൈറ്റുകളാണ് ഓഗസ്റ്റ് 2021 വരെയുള്ള കാലയളവിൽ വന്ദേ ഭാരത് മിഷന്റെ ഭാഗമായി സർവീസ് നടത്തിയത്.

ഓപറേഷൻ ഗംഗ – 2022

rescue missions india witnessed 24 explainer

റഷ്യ-യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ യുക്രൈനിൽ കുടുങ്ങിയ പതിനായിരത്തോളം ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ദൗത്യമാണ് ഓപറേഷൻ ഗംഗ.

Story Highlights: rescue missions India witnessed 24 explainer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement