‘യുക്രൈനില്‍ കുടുങ്ങിയ കുട്ടികളെ തിരിച്ചെത്തിക്കാന്‍ എന്താണ് ഇത്ര താമസം?’; കേന്ദ്രത്തിനെതിരെ മമത ബാനര്‍ജി

യുക്രൈനെ യുദ്ധക്കളമാക്കി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ യുദ്ധമുഖത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത് ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അധിനിവേശം തുടങ്ങി ഒന്‍പത് ദിവസം കഴിഞ്ഞിട്ടും മുഴുവന്‍ ഇന്ത്യക്കാരേയും ഒഴിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് സൂചിപ്പിച്ചായിരുന്നു മമത ബാനര്‍ജിയുടെ വിമര്‍ശനം. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ എന്താണ് ഇത്രയും താമസമെന്ന് മമത ബാനര്‍ജി ചോദിച്ചു.
‘യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയോര്‍ത്ത് എനിക്ക് കടുത്ത ആശങ്കയുണ്ട്. അവരുടെ ജീവന്‍ വളരെ വിലപ്പെട്ടതാണ്. ഇവരെ മടക്കിക്കൊണ്ടുവരാന്‍ എന്തിനാണ് ഇനിയും താമസിക്കുന്നത്? എന്തുകൊണ്ട് കാര്യങ്ങള്‍ വഷളാകുന്നതിന് മുന്‍പ് തന്നെ വേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നത്? ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനായി കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഞാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു’. മമത ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു.
Read Also : സാപ്രോഷ്യ ആണവ നിലയം ആക്രമിച്ചിട്ടില്ലെന്ന് റഷ്യ യുഎന്‍ രക്ഷാസമിതിയില്‍
റഷ്യയുടെ അധിനിവേശം അതിശക്തമായി ഒന്‍പതാം ദിവസം തുടരുമ്പോഴും ആയിരത്തോളം ഇന്ത്യക്കാര്‍ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കേന്ദ്രം സ്ഥിരീകരിച്ചിരുന്നു. യുദ്ധം തീവ്രമായി ബാധിച്ച സുമിയില്‍ കുറഞ്ഞത് 700 ഇന്ത്യക്കാരും ഖാര്‍ക്കീവില്‍ 300 ഇന്ത്യക്കാരോളവും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇന്ത്യക്കാരെ സുരക്ഷിതമായി അതിര്‍ത്തികളിലെത്തിക്കുന്നതിന് വാഹനങ്ങള്‍ സംഘടിപ്പിക്കുന്നതാണ് വലിയ വെല്ലുവിളിയെന്നും ബസുകള്‍ എത്തിക്കാന്‍ ശ്രമം നടത്തി വരികയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അവസാന ഇന്ത്യക്കാരനേയും തിരിച്ചെത്തിക്കുന്നതുവരെ ഓപ്പറേഷന്‍ ഗംഗ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈനില്‍ നിന്ന് രക്ഷപ്പെടുത്തുമെന്ന് റഷ്യ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഖാര്‍ക്കിവിലും സുമിയിലും കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ രക്ഷപ്പെടുത്താന്‍ ബസുകള്‍ സജ്ജമാണെന്നും അവര്‍ അറിയിച്ചു. റഷ്യന്‍ അതിര്‍ത്തി വഴിയുള്ള രക്ഷാപ്രവര്‍ത്തനത്തിന് 150 ബസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, യുക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവേ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീവില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക്് വെടിയേറ്റത്. കേന്ദ്രമന്ത്രി വി.കെ സിംഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിയുടെ പേരോ വിവരങ്ങളോ ഇതുവരെ പുറത്ത് വന്നിട്ടില്ല.
കഴിഞ്ഞ ചൊവ്വാഴ്ച യുക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക സ്വദേശി നവീന്‍ എസ്.ജി ആണ് (21) യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവാണ് വാര്‍ത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് നവീന്‍. ഖാര്‍ക്കീവില്‍ ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെട്ടത്. ഈ വിയോഗ വാര്‍ത്ത ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് രാജ്യം മുക്തിനേടും മുന്‍പേയാണ് മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് കൂടി വെടിയേറ്റുവെന്ന വാര്‍ത്ത പുറത്ത് വരുന്നത്.
Story Highlights: mamta banerjee against centre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here