Advertisement

ജോര്‍ജിയക്ക് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം തേടി മോള്‍ഡോവയും

March 4, 2022
Google News 1 minute Read

യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാനായി യുക്രൈനും ജോര്‍ജിയയും അപേക്ഷ നല്‍കിയതിന് പിന്നാലെ സമാനമായ നീക്കവുമായി മോള്‍ഡോവയും. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാനായി അപേക്ഷ നല്‍കിയതായി മോള്‍ഡോവ പ്രസിഡന്റ് മിയ സന്ദു ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചില സന്ദര്‍ഭങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ വളരെ വേഗത്തില്‍ എടുക്കേണ്ടതുണ്ട് എന്ന് വിശദീകരിച്ചുകൊണ്ടാണ് മിയ സന്ദു ഈ തീരുമാനം പ്രഖ്യാപിച്ചത്. സമാധാനത്തിലും സമൃദ്ധിയിലും ജീവിക്കാനും സ്വതന്ത്ര ലോകത്തിന്റെ ഭാഗമാകാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നും മോള്‍ഡോവ പ്രസിഡന്റ് തന്റെ പ്രസ്താവനയിലൂടെ വ്യക്തമാക്കി. 1991ല്‍ സോവിയേറ്റ് യൂണിയനില്‍ നിന്നും വേരറ്റതിനുശേഷം റഷ്യന്‍ അനുകൂല ശക്തികളും യൂറോപ്യന്‍ യൂണിയന്‍ അനുകൂല ശക്തികളും മോള്‍ഡോവയുടെ നിയന്ത്രണത്തിനായി ചരടുവലികള്‍ നടത്തിവന്ന ചരിത്രപശ്ചാത്തലത്തില്‍ കൂടിയാണ് ഈ നിര്‍ണായക നീക്കമെന്നത് ശ്രദ്ധേയമാണ്.

യുക്രൈന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന് ജോര്‍ജിയയും അപേക്ഷ സമര്‍പ്പിച്ചിരുന്നു. റഷ്യയുടെ അടുത്ത ലക്ഷ്യം ജോര്‍ജിയ ആണെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു ജോര്‍ജിയയുടെ നീക്കം.

അതേസമയം യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം തീവ്രമായി തന്നെ തുടരുന്ന പശ്ചാത്തലത്തില്‍ നടന്ന യുക്രൈന്റഷ്യ രണ്ടാംഘട്ട സമാധാന ചര്‍ച്ചയില്‍ യുദ്ധമില്ലാ മാനുഷിക ഇടനാഴി സജ്ജമാക്കാന്‍ ധാരണയായി. യുദ്ധഭൂമിയില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് ചില മേഖലകള്‍ മാനുഷിക ഇടനാഴികളായി പ്രഖ്യാപിക്കാന്‍ ധാരണയായത്. ഈ ഇടനാഴികളില്‍ സൈനിക നടപടികള്‍ നിര്‍ത്തിവെക്കുകയോ ഒഴിവാക്കുകയോ ചെയ്യുമെന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. അടിസ്ഥാന സൗകര്യങ്ങളില്ലാതെ സംഘര്‍ഷ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാര്‍ക്ക് സഹായമെത്തിക്കുന്നതിനായുള്ള നീക്കങ്ങള്‍ സംബന്ധിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തി.

വെടിനിര്‍ത്തല്‍ സംബന്ധിച്ചും യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ചും നിര്‍ണായക തീരുമാനങ്ങളൊന്നും ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞില്ല എന്നത് ലോകത്തിനാകെ നിരാശയുണ്ടാക്കി. വെടിനിര്‍ത്തലുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ തീരുമാനമായില്ല. രണ്ടാംവട്ട ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനം ഉണ്ടായിട്ടില്ലെന്നും യുക്രൈന്‍ പ്രതിനിധി പറയഞ്ഞു. ഇനി ചര്‍ച്ചകള്‍ക്കുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

Story Highlights: moldova application to join european union

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here