ഉന്നത വിദ്യാഭ്യാസരംഗത്തെ സ്വാകാര്യവത്ക്കരണം; സിപിഐഎമ്മിന്റെ നയം മാറ്റം ജനങ്ങൾ വിശ്വസിക്കില്ല: കെ.സുരേന്ദ്രൻ

ഉന്നത വിദ്യാഭ്യാസരംഗത്തെ സ്വാകാര്യവത്ക്കരണത്തെ ആദ്യം എതിർക്കുകയും പിന്നീട് ഭരണത്തിൽ വരുമ്പോൾ എതിർത്തത് നടപ്പിലാക്കുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഐഎമ്മെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഐഎമ്മിന്റെ നയം മാറ്റം കപടതയാണെന്ന് ജനങ്ങൾക്കറിയാമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ന് സിപിഐഎം നിലപാട് തിരുത്തുമ്പോൾ കേരളം ഉന്നത വിദ്യാഭ്യാസരംഗത്ത് പത്ത് വർഷം പിറകിലേക്ക് പോയിരിക്കുകയാണ്. വിദ്യാഭ്യാസമേഖലയിൽ കേന്ദ്രസർക്കാരിന്റെ നയം പിണറായി വിജയൻ മാതൃകയാക്കുന്നത് നല്ലത് തന്നെ. പക്ഷെ കേരളത്തിൽ അതിനുള്ള സാഹചര്യം ഇല്ല എന്നുള്ളതാണ് സത്യം. ഉന്നത വിദ്യാഭ്യാസരംഗത്തെ സ്വാകാര്യവത്ക്കരണത്തെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞതിനാണ് മുൻ അംബാസിഡർ ടി പി ശ്രീനിവാസനെ എസ് എഫ് ഐ ക്കാർ മർദിച്ചത്.
നരേന്ദ്രമോദി സർക്കാരിന്റെ വികസന നയമാണ് ഞങ്ങൾ മാതൃകയാക്കുന്നതെന്ന് ജനങ്ങളോട് തുറന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോൾ സ്വാശ്രയ കോളേജുകളെയും സ്വയംഭരണാധികാരത്തെയും തള്ളി പറഞ്ഞ സിപിഐഎം ഭരണത്തിലെത്തിയപ്പോൾ അതെല്ലാം നടപ്പാക്കിയവരാണെന്ന് ജനങ്ങൾക്കറിയാം.
വിദ്യാഭ്യാസപരിഷ്ക്കാരങ്ങൾക്ക് സിപിഐഎമ്മുകാർ തടസം നിന്നത് കൊണ്ടാണ് ലോകത്തിന്റെ പല ഭാഗത്തും പോയി മലയാളി വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടേണ്ടി വരുന്നത്. വിദേശത്ത് നിന്നും വിദ്യാർത്ഥികൾ പഠിക്കാനെത്തുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായും കേരളം മാറി കഴിഞ്ഞതായി സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Story Highlights: people-will-not-believe-in-cpm-s-policy-change-k-surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here