യുക്രൈനിൽ ഇതുവരെ കൊല്ലപ്പെട്ടത് 351 സാധാരണക്കാരെന്ന് യുഎൻ

റഷ്യൻ അധിനിവേശത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 351 സാധാരണക്കാരെന്ന് ഐക്യരാഷ്ട്ര സംഘടന. 707 പേർക്ക് പരുക്കേറ്റു. ഉറപ്പായ കണക്കുകൾ ഇതാണെങ്കിലും സംഖ്യയിൽ വർധനയുണ്ടാവാമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ മോണിട്ടറിംഗ് സെഷൻ അറിയിച്ചു.
യുക്രൈനിൽ പത്താം ദിവസവും റഷ്യൻ അധിനിവേശം തുടരുന്നതിനിടെ പ്രതീക്ഷ കൈവിടാതെ യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കി രംഗത്തെത്തിയിരുന്നു. വിജയം നേടുന്നത് വരെ പൊരുതുമെന്ന് സെലൻസ്‌കി പ്രതികരിച്ചു. വാരാന്ത്യങ്ങൾ യുക്രൈനിലില്ല. കലണ്ടറിലും ഘടികാരത്തിലും ഉള്ളതിനല്ല പ്രാധാന്യമെന്നും സെലൻസ്‌കി കൂട്ടിച്ചേർത്തു. രാജ്യത്തോടുള്ള പുതിയ അഭിസംബോധനയിലാണ് യുക്രൈൻ പ്രസിഡന്റിന്റെ പ്രതികരണം.
യുദ്ധഭീതി ഉടനെ ഒഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രൈനിൽ നിന്ന് പലായനം ചെയ്തവർക്ക് ഉടൻ മടങ്ങിയെത്താനുള്ള സാഹചര്യമുണ്ടാകും. പലായനം ചെയ്തവരെ സ്വാഗതം ചെയ്ത പോളണ്ടിന്റെ നടപടിക്കും സെലൻസ്‌കി നന്ദിയറിയിച്ചു.
അതിനിടെ താത്ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച മരിയുപോളിലെ ഒഴിപ്പിക്കൽ നടപടികൾ നിർത്തിവച്ചു. റഷ്യ ഷെല്ലാക്രമണം തുടരുന്നതിനാലാണ് ഒഴിപ്പിക്കൽ നിർത്തിവച്ചതെന്ന് യുക്രൈൻ അറിയിച്ചു. മരിയുപോളിൽ ഇപ്പോഴും റഷ്യ കനത്ത ഷെല്ലാക്രമണം തുടരുകയാണെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു.
യുക്രൈൻ നഗരമായ സുമിയിൽ നിന്ന് സ്വന്തം നിലയിൽ യാത്ര തിരിക്കരുതെന്ന് ഇന്ത്യൻ എംബസി വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾ, സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അപകട സാഹചര്യം ഒഴിവാക്കണമെന്നും എംബസി നിർദേശിച്ചു.
Story Highlights: Civilians Killed Ukraine UN
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here