ഖാർകീവിൽ ഷെല്ലാക്രമണം; ആണവ ഗവേഷണ കേന്ദ്രത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്ന് യുക്രൈൻ

ഖാർകീവിലെ ആണവ ഗവേഷണ കേന്ദ്രത്തിന് നേരെ റഷ്യ ഷെല്ലാക്രമണം നടത്തിയെന്ന് യുക്രൈൻ. റഷ്യ വെടിനിര്‍ത്തല്‍ ലംഘിച്ചെന്നും മാനുഷിക ഇടനാഴിയില്‍ ആക്രമണം തുടരുകയാണെന്നും യുക്രൈന് ആരോപിച്ചു. ഇതേതുടർന്ന് യുക്രൈനിലെ മരിയുപോള്‍ നഗരപരിധിയിലെ ഒഴുപ്പിക്കല്‍ ഇന്നും പരാജയപ്പെട്ടു. ഇതിനിടെ വിന്നിറ്റ്സ്യ നഗരത്തില്‍ റഷ്യ മിസൈലാക്രമണം നടത്തിയെന്ന് യുക്രൈന് ആരോപിച്ചു. എട്ട് മിസൈലുകള്‍ നഗരത്തില്‍ പതിച്ചെന്നാണ് യുക്രൈന് പറയുന്നത്. യുക്രൈന് മേല്‍ നോ ഫ്ലൈ സോണ്‍ ഉടന്‍ ഏര്‍പ്പെടുത്തണമെന്ന് സെലന്‍സ്കി ആവശ്യപ്പെട്ടു.
ആക്രമണം തുടരുന്നത് യുക്രൈനാണെന്നാണ് റഷ്യയുടെ വിശദീകരണം. ഇന്ത്യൻ സമയം രാത്രി 12.30 വരെ പതിനൊന്ന് മണിക്കൂർ നേരത്തേക്ക് ആക്രമണം നിർത്തിവയ്ക്കാനായിരുന്നു റഷ്യൻ സേനയും മരിയുപോൾ നഗര ഭരണകൂടവും തമ്മിൽ ധാരണയായത്. ബസുകളിലും കാറുകളിലുമൊക്കെയായി പരമാവധി പേരെ ഒഴിപ്പിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് റഷ്യ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന ആരോപണവുമായി യുക്രൈന് രംഗത്തെത്തിയത്.
അതേസമയം സപ്രോഷ്യ ആണവനിലയം ആക്രമിച്ചത് റഷ്യയല്ലെന്നും യുക്രൈന് തന്നെയാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് വിശദീകരിച്ചു. യുദ്ധം അവസാനിക്കണമെങ്കില്‍ യുക്രൈന് പോരാട്ടം നിര്‍ത്തണമെന്ന് പുടിന് ആവര്‍ത്തിച്ചു. റഷ്യയുടെ ആവശ്യങ്ങള്‍ യുക്രൈന് അംഗീകരിക്കണമെന്നും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായള്ള സംഭാഷണത്തില്‍ പുടിന് ആവശ്യപ്പെട്ടു.
കൃത്യമായ പദ്ധതിയോട് കൂടിയാണ് നിലവിലെ ഓപ്പറേഷന് നടക്കുന്നത്. യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ചര്‍ച്ചകളോട് യുക്രൈന് ക്രിയാത്മകമായി ഇടപെടുമെന്നാണ് കരുതുന്നതെന്നും ക്രെംലിന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Story Highlights: russia shelling kharkiv ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here