‘സത്യം പറയുക എന്നത് മാധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണെന്ന് ഓര്‍മിപ്പിക്കുന്ന ചിത്രം’; നാരദന്റെ വിശേഷങ്ങളുമായി ടൊവിനോ തോമസ്

സിനിമയെ സ്‌നേഹിക്കുന്ന എല്ലാവരും ആകാംഷയോടെ ഉറ്റുനോക്കിയിരുന്ന ആഷിഖ് അബു- ഉണ്ണി ആര്‍- ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് ഇപ്പോള്‍ തിയറ്ററുകള്‍ പ്രദര്‍ശനം തുടരുന്ന നാരദന്‍. ടൊവിനോ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ഈ ചിത്രത്തില്‍ താരം ഒരു േ്രഗ ഷേഡിലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മലയാള മാധ്യമലോകം പശ്ചാത്തലമാകുന്ന നാരദനില്‍ തന്റെ കരിയറിലെ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ ത്രില്ലിലാണ് ടൊവിനോ തോമസ്. സത്യം പറയുക എന്നത് മാധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണെന്ന് ഓര്‍മിപ്പിക്കുന്ന ചിത്രമാണ് നാരദന്‍ എന്ന് ടൊവിനോ ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു.
വ്യത്യസ്ത വേഷങ്ങള്‍ ചെയുമ്പോഴാണ് തനിക്ക് കൂടുതല്‍ സംതൃപ്തി ലഭിക്കുന്നതെന്ന് ടൊവിനോ പറഞ്ഞു. തന്റെ ചിന്താപ്രക്രിയയില്‍ മാറ്റമുണ്ടായില്ലായിരുന്നെങ്കില്‍ ഏറ്റെടുക്കാന്‍ രണ്ടാമതൊന്നുകൂടി ചിന്തിച്ചുപോകുന്ന തരത്തില്‍ വെല്ലുവിളിയായ ഒരു കഥാപാത്രമാണ് നാരദനിലേതെന്നാണ് ടൊവിനോ പറയുന്നത്. ഒരേ തരം റോളുകള്‍ മാത്രം ചെയ്താല്‍ എനിക്ക് ബോറടിക്കും. പിന്നെ നാട്ടുകാര്‍ക്കും പതുക്കെ ആ ബോറടി വരാന്‍ തുടങ്ങും. എനിക്ക് പോലും ബോറടിക്കുമ്പോള്‍ നാട്ടുകാര്‍ക്ക് ബോറടിക്കരുത് എന്ന് വാശി പിടിക്കാനാകില്ലല്ലോ. അതിനാല്‍ എനിക്കും നാട്ടുകാര്‍ക്കും ബോറടിക്കാത്ത തരം വൈവിധ്യമുള്ള റോളുകള്‍ ഏറ്റെടുക്കുന്നതിലാണ് ഇപ്പോള്‍ എന്റെ സംതൃപ്തി. ടൊവിനോ പറഞ്ഞു.
ടിവിയില്‍ വാര്‍ത്തകള്‍ കാണുന്ന എല്ലാവര്‍ക്കും കൗതുകത്തോടെ കണ്ടിരിക്കാനാകുന്ന ചിത്രമാണ് നാരദനെന്നാണ് ടൊവിനോ പറയുന്നത്. പ്രൈം ടൈം ചര്‍ച്ചകള്‍ നയിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ റോള്‍ ആയതിനാല്‍ തന്നെ സിനിമയില്‍ ആരെയും അനുകരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. നമുക്ക് ചുറ്റും സംഭവിക്കുന്ന ഒട്ടേറെ കാര്യങ്ങളും അതില്‍ ഇടപെടുന്ന ഒട്ടേറെ മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നതാണ് നാരദനിലെ കഥാപാത്രമെന്നും ടൊവിനോ പറഞ്ഞു. ഇത്തരം വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ ഏറ്റെടുക്കുമ്പോഴാണ് താന്‍ എന്ന നടന്റെ സാധ്യത കൂടുതല്‍ വര്‍ധിപ്പിക്കാനാകുന്നതെന്നും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ തന്റെ പരിമിതികള്‍ എല്ലാം ഇല്ലാതാകുന്നതായി അനുഭവപ്പെടാറുണ്ടെന്നും ടൊവിനോ തോമസ് കൂട്ടിച്ചേര്‍ത്തു.
Story Highlights: tovino thomas on naradan movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here