ധോണി സൂററ്റിലെത്തി; പരിശീലന ക്യാമ്പിനു തുടക്കമിട്ട് ചെന്നൈ സൂപ്പർ കിംഗ്സ്

ഐപിഎൽ 15ആം സീസണു മുൻപുള്ള പരിശീലന ക്യാമ്പിനു തുടക്കമിട്ട് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ്. ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി അടക്കമുള്ളവർ ക്യാമ്പിലെത്തി. ധോണിയുടെ വരവ് ചെന്നൈ സൂപ്പർ കിംഗ്സ് ഔദ്യോഗികമായി അറിയിച്ചു. ‘സിംഹം സൂററ്റിൽ’ എന്ന അടിക്കുറിപ്പോടെ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇത് പങ്കുവച്ചത്. ഗുജറാത്തിലെ സൂററ്റിലാണ് ചെന്നൈയുടെ പരിശീലന ക്യാമ്പ്.
ഈ മാസം 26നാണ് ഐപിഎൽ ആരംഭിക്കുന്നത് ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് റണ്ണേഴ്സ് അപ്പായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മാർച്ച് 26 ശനിയാഴ്ച രാത്രി 7.30നാണ് മത്സരം. ലീഗ് മത്സരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. പ്ലേ ഓഫ് മത്സരങ്ങളുടെ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും.
ലീഗ് ഘട്ടത്തിൽ 70 മത്സരങ്ങളാണ് ഉള്ളത്. ഈ മത്സരങ്ങൾ മഹാരാഷ്ട്രയിലെ വാംഖഡെ സ്റ്റേഡിയം, ബ്രാബോൺ സ്റ്റേഡിയം, ഡിവൈ പാട്ടിൽ സ്റ്റേഡിയം, ജിയോ സ്റ്റേഡിയം, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നീ വേദികളിലാവും നടക്കുക. മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ 55 മത്സരങ്ങളും ബാക്കി 15 മത്സരങ്ങൾ പൂനെയിലുമാണ്. വാംഖഡെയിലും ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലും 20 മത്സരങ്ങൾ വീതം നടക്കുമ്പോൾ ബ്രാബോൺ സ്റ്റേഡിയത്തിൽ 15 മത്സരങ്ങളുണ്ടാവും.
അതേസമയം, വരുന്ന സീസണിലെ സംപ്രേഷണാവകാശം ഒന്നിലധികം പേർക്ക് നൽകിയേക്കുമെന്ന് സൂചനയുണ്ട്. ഇതിൻ്റെ വിശദാംശങ്ങൾ വ്യക്തമല്ലെങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാതൃകയിൽ ഐപിഎൽ സംപ്രേഷണാവകാശം നൽകാനാണ് ബിസിസിഐയുടെ ശ്രമമെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു.
Story Highlights: ms dhoni surat chennai super kings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here