സംസ്ഥാനത്ത് വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് പദ്ധതിക്ക് കാസര്‍ഗോഡ് തുടക്കം

സംസ്ഥാനത്ത് ആദ്യമായി വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് പദ്ധതിക്ക് കാസര്‍ഗോഡ് തുടക്കമായി. ‘ചേര്‍ച്ച’ എന്ന പേരില്‍ ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ സാമൂഹിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കൗണ്‍സിലിംഗ്, വിവാഹത്തിന് മൂന്ന് മാസം മുമ്പായിരിക്കും നല്‍കുക.
കോടതി വരാന്തകള്‍ വരെ എത്തുന്ന കുടുംബ പ്രശ്‌നങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് മാതൃകാ പദ്ധതിക്കായി കാസര്‍ഗോഡ് ജില്ലയില്‍ വിവിധ വകുപ്പുകളും, ജില്ലാ ഭരണകൂടവും കൈകോര്‍ക്കുന്നത്. കാസര്‍ഗോഡ് വനിതാ സംരക്ഷണ ഓഫിസര്‍ തയ്യാറാക്കിയ രൂപരേഖയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്. സമൂഹത്തില്‍ സമീപ കാലത്തായി വര്‍ധിക്കുന്ന സ്ത്രീധന പീഡനങ്ങള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ തടയാനുള്ള ആദ്യ ചുവടുവയ്പ്പായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ജഡ്ജ് കെ.ടി.നിസാര്‍ അഹമ്മദ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ദമ്പതികളില്‍ വിവാഹത്തിന് മൂന്ന് മാസം മുമ്പാണ് കൗണ്‍സിലിംഗ് നല്‍കുക. ഇന്റര്‍ പഴ്‌സനല്‍ റിലേഷന്‍, പരസ്പര ബഹുമാനം, കുടുംബങ്ങളിലെ ജനാധിപത്യ രീതികള്‍, സാമ്പത്തിക സാക്ഷരത ഉള്‍പ്പടെ വിവിധ വിഷയങ്ങള്‍ കൗണ്‍സിലിംഗില്‍ ഉള്‍പ്പെടും. കുടുംബഭദ്രതയും സാമൂഹികവും സാമ്പത്തികവുമായ സുരക്ഷയും ഉറപ്പു വരുത്തുകയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
Story Highlights: pre marriage counselling, kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here