പഠനത്തോടൊപ്പം ഹോട്ടലിൽ ജോലിയും; ഒരു വർഷം കഴിഞ്ഞാൽ ഡോക്ടറാണ് ആർദ്ര…

സ്വപ്നങ്ങൾക്ക് വേണ്ടി പോരാടുമ്പോൾ നമ്മെ മുന്നോട്ട് നയിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. എല്ലാ പ്രതിസന്ധികളെയും മാറ്റി നിർത്താൻ പ്രേരിപ്പിക്കുന്ന ഒന്ന്. അങ്ങനെ നമുക്ക് പ്രചോദനമാകുന്നു നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. ഇന്ന് ഈ വനിതാ ദിനത്തിൽ പരിചയപ്പെടുത്തുന്നത് അങ്ങനെയൊരാളെയാണ്. ഹോട്ടൽ ജോലിയ്‌ക്കൊപ്പം മറൈൻ ബയോളജിയിൽ പിഎച്ച്ഡി പഠനം നടത്തുന്ന ഒരു പെൺകുട്ടി. എറണാകുളം അരൂർ സ്വദേശി ആർദ്രയാണ് അച്ഛനും അമ്മയും ചേർത്ത് നടത്തുന്ന ചെറിയ ചായക്കടയിൽ സപ്ലയർ ആയി ജോലി ചെയ്യുന്നത്. ഒരു വർഷം കൂടെ കഴിഞ്ഞാൽ ആർദ്ര ഡോക്ടർ ആണ്. ആർദ്രയ്ക്ക് പറയാനുള്ളത് സ്വപ്നങ്ങളുടെയും പ്രയത്നത്തിന്റെയും കഥയാണ്. നാളെ ഒരുപാട് പേർക്ക് പ്രചോദനമാകുന്ന ജീവിതത്തിലെ ചില പാഠങ്ങളെ കുറിച്ചാണ്.
2011 ലാണ് അച്ഛനും അമ്മയും ചേർന്ന് ഹോട്ടൽ തുടങ്ങിയത്. അന്ന് ചെറിയൊരു കടയായിരുന്നു. ആ സമയത് അച്ഛനും അമ്മയും മാത്രമേ ജോലിക്കുണ്ടായിരുന്നുള്ളു. അന്നുമുതൽ ഞാനും അനിയനും സഹായത്തിനായി ഒപ്പം നിൽക്കുമായിരുന്നു. മഹാരാജാസിൽ നിന്നാണ് ഡിഗ്രി പഠിച്ചത്. സുവോളജിയിൽ ആണ് ബിരുദം നേടിയത്. കുസാറ്റിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. അവിടെ തന്നെ പിഎച്ച്ഡിയ്ക്കും ചേർന്നു. അപ്പോഴെല്ലാം പഠനം കഴിഞ്ഞാൽ ഹോട്ടലിലും ജോലി ചെയ്യും. പോസിറ്റീവ് ആയും നെഗറ്റീവ് ആയും കമന്റുകൾ ലഭിച്ചിട്ടുണ്ട്. പക്ഷെ നമ്മൾക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക എന്നാണ് ആർദ്ര പറയുന്നത്.
2023 നവംബർ വരെ പിഎച്ച്ഡി പൂർത്തിയാക്കാൻ സമയം ഉണ്ട്. അതിനുള്ളിൽ പൂർത്തിയാക്കണം. ഗവൺമെന്റ് സർവീസ് ആണ് ആർദ്ര ലക്‌ഷ്യം വെക്കുന്നത്. എല്ലാ ജോലിയ്ക്കും അതിന്റെതായ മഹത്വം ഉണ്ട് എന്നും കൂടി ഓർമിപ്പിക്കുകയാണ് ആർദ്ര. എല്ലാ മേഖലകളിലും സ്ത്രീകൾ എത്തിപ്പെടണം. സംസാരത്തിലും ഫേസ്ബുക്കിലും മാത്രം സ്ത്രീ സമത്വം ഒതുങ്ങിപ്പോകരുത്. എല്ലായിടത്തും അത് സ്ത്രീകൾക്ക് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. ഒപ്പം നമ്മുടെ പ്രവർത്തിയിലൂടെ നമ്മുടെ സ്വപ്നങ്ങൾ നേടാൻ സാധിക്കുമെന്ന് കാണിച്ചു കൊടുക്കണമെന്നും ആർദ്ര ഓർമിപ്പിക്കുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here