Advertisement

രാജീവ് ഗാന്ധി വധക്കേസിൽ 18ആം പ്രതിയായ പേരറിവാളൻ; രണ്ട് ബാറ്ററികൾ മാറ്റിമറിച്ച ജീവിതം

March 9, 2022
2 minutes Read

31 വർഷങ്ങൾക്ക് മുൻപ്. കൃത്യമായി പറഞ്ഞാൽ 1991 മേയ് 21. ഇന്ത്യയുടെ 75 വർഷത്തെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഞെട്ടലായിരുന്നു രാജീവ് ഗാന്ധി വധക്കേസ്. വിടർന്നതും കൊഴിഞ്ഞതു ക്ഷണനേരം കൊണ്ട്. അമ്മയുടെ ചിതയെരിഞ്ഞു തീരും മുൻപേ ഏറ്റെടുക്കേണ്ടി വന്ന പ്രധാനമന്ത്രി പദം. ഏഴു വർഷം മാത്രം നീണ്ട നായകത്വം ഉച്ചസ്ഥായിൽ എത്തിനിൽക്കെ അവസാനിച്ചു.

കോയമ്പത്തൂരിലെ ശ്രീ പെരുമ്പത്തൂർ. സമയം രാത്രി 10.20. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടേറിയ കാലം. വേദിക്ക് അകലെ കാറിൽ നിന്നിറങ്ങി പൂമാലകളും പൂച്ചെണ്ടുകളും സ്വീകരിച്ചായിരുന്നു രാജീവ് ഗാന്ധി നടന്നു നീങ്ങിയത്. അനുഗ്രഹം തേടാനായി തനു എന്ന തേൻമൊഴി രാജരത്നം കാലിൽ വീഴാൻ നോക്കവെ അരയിലുറപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു. 14 പേർ ചിന്നിച്ചിതറി.

കേസിലാകെ 26 പ്രതികളാണുണ്ടായിരുന്നത്. 1998ൽ ടാഡ കോടതി പ്രതികളെ വധശിക്ഷയ്ക്കു വിധിച്ചു. അടുത്ത വർഷം പ്രതികളുടെ അപ്പീലിൽ സുപ്രിംകോടതി 19 പേരെ വിട്ടയച്ചു. നളിനി, ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ ശരിവച്ചു. ദയാഹർജിയിൽ തീർപ്പുകൽപ്പിക്കാനെടുത്ത കാലതാമസം പരിഗണിച്ച് കോടതി മറ്റുള്ളവരുടെയും ശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്‌തു. ഏകാന്ത തടവുകാരനായി നീതിക്കായി പോരാട്ടം നടത്തിയ പേരറിവാളൻ അപ്പോഴും നിരവധി ചോദ്യങ്ങളുയർത്തുന്നു.

രാജീവ് ഗാന്ധി വധിക്കപ്പെട്ട് ഒരു മാസം കഴിഞ്ഞ് 1991 ജൂൺ 18 നാണ് പേരറിവാളൻ അറസ്റ്റിലാകുന്നത്. അപ്പോൾ അദ്ദേഹത്തിനു പ്രായം 19. ഇലക്ട്രോണിക്സ് ആൻഡ് എൻജിനീയറിങ് ഡിപ്ലോമ പൂർത്തിയാക്കി നിൽക്കുന്ന സമയം. വെല്ലൂർ ജില്ലയിലെ ജോലാർപേട്ടിൽ തമിഴ് കവി കുയിൽദാസൻ എന്ന ജ്ഞാനശേഖരന്റെയും അർപുത അമ്മാളിന്റെയും മകൻ. മാതാപിതാക്കൾ പെരിയാർ ഇവി രാമസ്വാമിയുടെ ദ്രാവിഡ ആശയത്തിന്റെ അനുഭാവികൾ. 1989 മുതൽ പേരറിവാളൻ എൽടിടിഇ അനുഭാവിയാണെന്നാണ് കേസ് അന്വേഷിച്ച സിബിഐയുടെ ആരോപണം. തമിഴ് പുലികളുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങൾ തമിഴ്നാട്ടിൽ വിറ്റിരുന്ന പേരറിവാളൻ ശ്രീലങ്കയിൽ പോയി വേലുപ്പിള്ള പ്രഭാകരനെ കണ്ടതായും കുറ്റപത്രത്തിലുണ്ടായിരുന്നു. രാജീവ് ഗാന്ധി വധിക്കപ്പെടുന്നതിനു രണ്ടാഴ്ച മു‍ൻപ് എൽടിടിഇ നേതാവ് ശിവരശനു സ്വന്തം പേരിൽ പേരളിവാളൻ ബൈക്ക് വാങ്ങി നൽകിയത് തെറ്റായ മേൽവിലാസത്തിലാണെന്നും സിബിഐ വാദിച്ചു.

9 വാട്ടിൻറെ 2 ബാറ്ററികളും കുറ്റസമ്മത മൊഴിയുമാണു പേരറിവാളനു രാജീവ് ഗാന്ധി വധക്കേസിൽ പങ്കുണ്ടെന്നതിന്റെ തെളിവായി കോടതിയിൽ നൽകിയത്. രാജീവ് ഗാന്ധിയെ വധിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് ചെന്നൈയിൽ മുൻ പ്രധാനമന്ത്രി വിപി സിങ്ങ് പങ്കെടുത്ത ചടങ്ങിൽ എൽടിടിഇ പ്രവർത്തകർക്കൊപ്പം പേരറിവാളൻ സന്ദർശിച്ചുവെന്ന കുറ്റവും ചാർത്തി. മുൻ പ്രധാനമന്ത്രിമാരുടെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനായിരുന്നു സന്ദർശനമെന്നു അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ബാറ്ററി വാങ്ങി നൽകിയെന്ന അന്വേഷണ ഏജൻസിയുടെ അവകാശവാദം പേരറിവാളൻ സമ്മതിക്കുന്നുണ്ട്. ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നുവെന്ന രീതിയിൽ മൊഴി വളച്ചൊടിച്ചെന്നും പേരറിവാളൻ പറയുന്നു.

ഗൂഢാലോചനയിൽ പങ്കെടുത്തവരെന്ന് കൃത്യമായി തെളിയിക്കപ്പെട്ടവരുടെ ശിക്ഷപോലും കോടതി ഇളവ് ചെയ്തു. 10 പേരെ വെറുതെവിട്ടു. എന്നിട്ടും 18-ാം പ്രതിയായ പേരറിവാളന് നീതിയുടെ വെളിച്ചം ലഭിച്ചില്ല. ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്ന് തീർച്ചപ്പെടുത്താനാവാത്ത വിധം ദിവസങ്ങൾ തള്ളിനീക്കിയ പേരറിവാളിൻറെ അമ്മ അർപ്പുതമ്മാളും വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. പേരറിവാളൻ സ്വതന്ത്രനാവുന്ന ദിവസത്തെ കണ്ണീരോടെ കാത്തിരിക്കുന്നു വെല്ലൂരിലെ ജോലാർപ്പേട്ടിൽ അർപ്പുതമ്മാൾ.

An Appeal From The Death Row എന്ന പുസ്തകത്തിൽ പേരറിവാളൻ എഴുതിയ ഒരു വരിയുണ്ട്. എനിക്ക് പങ്കൊന്നുമില്ലായിരുന്നുവെന്ന് ഒടുവിൽ കണ്ടെത്തും. ‘ജയിലറയ്ക്കുള്ളിൽ പൊലിഞ്ഞ എന്റെ ജീവിതത്തിലെ സുവർണ വർഷങ്ങൾ ആർക്കു തിരിച്ചു നൽകാൻ കഴിയും?’

Story Highlights: rajiv gandhi ag perarivalan story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top