Advertisement

ഇത് അരനൂറ്റാണ്ട് കാലത്തിന്റെ കഥ; 24ാം വയസ്സിൽ ഉപ്പുമാവുണ്ടാക്കാൻ വന്ന ആമിനയിപ്പോൾ 74 കാരി, ഊട്ടിയത് പതിനായിരത്തിലേറെ കുഞ്ഞുങ്ങളെ…

March 9, 2022
1 minute Read

ആഘോഷിക്കപ്പെടേണ്ട നിരവധി സ്ത്രീകൾ ഉണ്ട് നമുക്ക് ചുറ്റും. പ്രതിസന്ധികളെ ആത്മധൈര്യം കൊണ്ട് നേരിടുന്നവർ. അങ്ങനെയൊരാളെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. സ്നേഹത്തോടെ എല്ലാവരും വിളിക്കുന്നത് ആമിനത്താത്ത എന്നാണ്. സ്‌കൂളിലെ പാചക പുരയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ ഈ എഴുപത്തിനാലുകാരിയ്ക്ക് പറയാൻ നിരവധി കഥകളുണ്ട്. സ്വന്തം മക്കളെ വളർത്താൻ ഇരുപത്തിനാലാം വയസിൽ മാവൂർ സ്‌കൂളിലെത്തിയതാണ് ആമിനതാത്ത. ഇതിനിടയ്ക്ക് പതിനായിരത്തോളം കുട്ടികളെയാണ് ഊട്ടിയത്. ഇരുപത്തിനാലാം വയസിൽ ഉപ്പുമാവ് ഉണ്ടാക്കി തുടങ്ങിയ സ്ക്കൂളിലെ പാചകം കഞ്ഞിയും പയറും കടന്ന് ചോറിലും കറിയിലും എത്തിനിൽക്കുന്നു. അധ്യാപകരും കുട്ടികളും പുകയുള്ള പാചകപുരയും മാറിയെങ്കിലും ആമിന മാത്രം മാറിയില്ല. ഇന്നവർ സ്‌കൂളിന്റെ മാത്രമല്ല ആ ഗ്രാമത്തിന്റെ മുഴുവൻ ആമിന താത്തയാണ്.

പതിനാലാം വയസി,ലായിരുന്നു വിവാഹം. രണ്ട് മക്കൾക്ക് ജന്മം നൽകിയതിന് പിന്നാലെ ഭർത്താവ് ഉപേക്ഷിച്ചു. അന്ന് തുടങ്ങിയതാണ് പാചകപുരയിലെ ജീവിതം. രണ്ട് രൂപ എൺപത് പൈസയായിരുന്നു ആദ്യത്തെ ശമ്പളം. അന്ന് ആമിനതാത്ത ഉപ്പുമാവ് വിളമ്പി നൽകിയ കുട്ടികളുടെ മക്കളും ഇപ്പോൾ ഇവിടെ ഉണ്ട്. “എന്റെ മനസ്സിൽ എനിക്ക് ഇപ്പോഴും ഇരുപത്തിനാല് വയസ്സാണ്. എനിക്ക് ഏറ്റവും ഇഷ്ടവും ഇതാണ്. സ്‌കൂളിൽ വരുന്നതും കുട്ടികളെ കാണുന്നതും. കൊറോണ സമയത്ത് സ്‌കൂളിൽ വരാൻ സാധിക്കാത്തത് എനിക്ക് ഏറെ വിഷമകരമായ ഒന്നായിരുന്നു. കാരണം ഇവിടുത്തെ കുട്ടികളുമായി അങ്ങ് ഇണങ്ങിപോയി. ഇന്നും പണ്ട് ഇവിടെ പഠിച്ചവരിൽ പലരും എന്നെ കാണാൻ വരാറുണ്ട്. അവരെയെല്ലാം കാത്ത് ഇന്നും ഞാൻ ഇവിടെയുണ്ട്.” ആമിനത്താത്ത പറയുന്നു.

Read Also : പാലക്കാട് മാത്രമല്ല, പുറത്തും പ്രസിദ്ധമാണ് ഈ രുചി; എൺപത്തിയാറാം വയസ്സിലും അച്ചാറ് ഉണ്ടാക്കി ഉപജീവനം നടത്തുന്ന പൊന്നുമാമി…

ആയിരത്തിലേറെ കുട്ടികൾക്കാണ് ദിവസവും ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. ഇതിനു പുറമെ മുട്ടയും പാലും നൽകും. മനസും ശരീരവും സമ്മതിക്കുന്നത് വരെ സ്വയം അധ്വാനിച്ച് ജീവിക്കുമെന്നാണ് ആമിനത്താത്ത പറയുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടായി ചെയ്യുന്നത് ഒരേ ജോലിയാണ്… കാലം മാറി… സാഹചര്യം മാറി.. കുട്ടികളുടെ എണ്ണം വർധിച്ചു.. താത്തയുടെ പ്രായവും കൂടി… പക്ഷെ ഇന്നും കുട്ടികളുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട ആമിനത്താത്ത ഇവിടെത്തന്നെ ഉണ്ട്.

Story Highlights: story of Aminathatha from kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top