Advertisement

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി പുതുചരിത്രമെഴുതുന്നു; പ്രതിപക്ഷ നേതൃനിരയിലേക്കുയര്‍ന്ന് കെജ്രിവാള്‍

March 10, 2022
2 minutes Read

ഡല്‍ഹിക്ക് പുറത്തേക്ക്ആം ആദ്മി പാര്‍ട്ടിയുടെ കരുത്തുറ്റ തേരോട്ടം പഞ്ചാബില്‍ പുതുചരിത്രമെഴുതുകയാണ്. ഇത് ദേശീയ രാഷ്ട്രീയത്തില്‍ അരവിന്ദ് കെജ്രിവാളെന്ന നേതാവിന്റെ പ്രസക്തിയും സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനുള്ള സ്ഥാനം തങ്ങള്‍ കൈയ്യാളിക്കഴിഞ്ഞെന്നാണ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രബലര്‍ ഉള്‍ക്കൊള്ളുന്ന പ്രതിപക്ഷ നേതൃനിരയിലേക്ക് കെജ്രിവാള്‍ ഉയര്‍ന്നുകഴിഞ്ഞു.

ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് ദളിത് വോട്ടുകളെ ഒപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെ മറികടക്കാന്‍ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്ന വാഗ്ദാനത്തിലൂന്നി നടത്തിയ പ്രചരണത്തിലൂടെ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചു. സ്ഥാനാര്‍ഥികളെ പാര്‍ട്ടി തെരഞ്ഞെടുത്തതല്ല പകരം ജനങ്ങള്‍ തെരഞ്ഞെടുത്തതാണ് എന്ന തരത്തിലുള്ള പ്രചരണവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഭഗവത് മന്നിനെ പ്രഖ്യാപിച്ചതും നേട്ടമായി. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേടിയ അട്ടിമറി വിജയം ബിജെപിക്ക് രാഷ്ട്രീയ ബദലാകാനുള്ള വിശാല പ്രതിപക്ഷത്തെ അരവിന്ദ് കെജ്രിവാള്‍ നയിക്കുമെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാരഥി മമത ബാനര്‍ജി കൊതിച്ചിരുന്ന ഈ സ്ഥാനത്തേക്ക് കെജ്രിവാള്‍ ഉയര്‍ന്നുവരുന്നു എന്നതാണ് ഏറെ നിര്‍ണായകം.

Read Also : ബി.ജെ.പിക്കൊപ്പം പോയ അമരീന്ദര്‍ സിംഗിന് വന്‍ തിരിച്ചടി

കോണ്‍ഗ്രസിനേയും ബിജെപിയേയും ശിരോമണി അകാലിദളിനേയും കടപുഴക്കി ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ തേരോട്ടം തുടരുന്നതിനിടെ തങ്ങള്‍ ദേശീയ ശക്തിയായി മാറിക്കഴിഞ്ഞെന്ന ഉറച്ച പ്രഖ്യാപനവുമായി പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അഞ്ച് സംസ്ഥാങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് വ്യക്തമായ മുന്നേറ്റമുണ്ടാക്കാനായാല്‍ ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി എഎപി മാറുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഡല്‍ഹി പിടിച്ചടക്കുന്നതിനേക്കാള്‍ ഭരണ സ്വാതന്ത്ര്യം പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് ആസ്വദിക്കാനാകുമെന്നതിനാല്‍ത്തന്നെ ഇത് എഎപിയെ സംബന്ധിച്ച് സുവര്‍ണ നേട്ടമാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്തള്ളപ്പെടുന്ന ഈ ഘട്ടത്തില്‍ തങ്ങളാണ് പകരക്കാരെന്ന് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദ പറഞ്ഞു.

പഞ്ചാബില്‍ ഒടുവിലത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും പിന്നിലാണ്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി രണ്ട് സീറ്റിലും പിന്നിലാണ്. അദ്ദേഹം ഉടന്‍ രാജി വെയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടിയുമായെത്തിയ അമരീന്ദര്‍ സിംഗിനും വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്.

പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ സ്ഥാനം സമ്മര്‍ദ തന്ത്രത്തിലൂടെ കൈക്കലാക്കിയ സിദ്ദുവിന് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. അമൃത് സര്‍ ഈസ്റ്റില്‍ മത്സരിച്ച അദ്ദേഹം മൂന്നാംസ്ഥാനത്താണ്.

ഡല്‍ഹിയ്ക്ക് പുറത്ത് ഭരണം പിടിച്ചെടുക്കുകയാണ് ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യം. പഞ്ചാബില്‍ ആം ആദ്മി അധികാരത്തിലേറുമെന്നാണ് വിവിധ എക്സിറ്റ് പോളുകളുടെ പ്രവചനം. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച ശിരോമണി അകാലിദള്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസ് വിട്ട മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയുമായി ചേര്‍ന്ന് മത്സരിക്കുന്നു.

1966ലെ പഞ്ചാബ് പുനസംഘടനയ്ക്ക് ശേഷം ശിരോമണി അകാലിദളും കോണ്‍ഗ്രസും മാറിമാറിയാണ് പഞ്ചാബ് ഭരിച്ചിരുന്നത്. 2017ല്‍ പത്ത് വര്‍ഷത്തെ ശിരോമണി അകാലദള്‍-ബിജെപി സഖ്യത്തെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. 77 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍, 20 സീറ്റാണ് ആം ആദ്മി പാര്‍ട്ടിയ്ക്ക് ലഭിച്ചത്. എസ്എഡി-ബിജെപി സഖ്യം 18 സീറ്റുകളും ലോക് ഇന്‍സാഫ് പാര്‍ട്ടി രണ്ട് സീറ്റുകളും നേടി.

93 സ്ത്രീകളും രണ്ട് ട്രാന്‍സ്ജന്‍ഡര്‍മാരും ഉള്‍പ്പെടെ 1,304 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഫെബ്രുവരി 20ന് ഒറ്റ ഘട്ടമായി നടന്നത വോട്ടെടുപ്പില്‍ 71.95 ശതമാനം പോളങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമാണിത്.

Story Highlights: aravind kejriwal status national opposition leader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top