മണിപ്പൂരിൽ അവകാശവാദം ഉന്നയിക്കാൻ സമയമെടുക്കും; ബിരേൻ സിംഗ്

മണിപ്പൂരിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിക്കാൻ സമയമെടുക്കുമെന്ന് ബിജെപി. പൂർണ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തുടർനടപടികൾ തീരുമാനിക്കും. പാർട്ടിയുടെ കേന്ദ്ര നേതാക്കൾ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും എൻ ബിരേൻ സിംഗ് പറഞ്ഞു. അതേസമയം ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച ബിജെപി 28 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്.
“സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ ഞങ്ങൾ സമയമെടുക്കും, ഫലം പുറത്തുവരട്ടെ. ഞങ്ങളുടെ ദേശീയ നേതാക്കൾ മുഖ്യമന്ത്രിയുടെ മുഖം തീരുമാനിക്കും. ഞങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന മന്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും” നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മണിപ്പൂർ മുഖ്യമന്ത്രി പറഞ്ഞു.
എൻ ബിരേൻ സിംഗ് ഹീൻഗാംഗ് മണ്ഡലത്തിൽ 17,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ പി.ശരത്ചന്ദ്ര സിംഗിനെ പരാജയപ്പെടുത്തിയിരുന്നു. വോട്ടെണ്ണൽ ആരംഭിക്കും മുമ്പ് ബിരേൻ സിംഗ് ഇംഫാലിലെ ശ്രീ ഗോവിന്ദജീ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷം സമാധാനത്തോടെയും വികസനത്തോടെയും നിലനിന്നു. വരാനിരിക്കുന്ന അഞ്ച് വർഷവും അതുപോലെ തുടരുമെന്നും, പൂർണ ഭൂരിപക്ഷത്തോടെ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും, ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Story Highlights: bjp-will-take-time-to-stake-claim-to-form-govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here