സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എളുപ്പത്തില്‍ സമര്‍പ്പിക്കാം;
ആവശ്യമെങ്കില്‍ പൊലീസ് സഹായവും നിയമസഹായവും

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വനിതാ ശിശുവികസന വകുപ്പിന്റെ പോര്‍ട്ടല്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായതായി മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും തടയുന്നതിനുമുള്ള ഒരു നൂതന സംരംഭമാണ് ഈ പോര്‍ട്ടല്‍. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയാണ പോര്‍ട്ടല്‍ നാടിന് സമര്‍പ്പിച്ചത്. ഓണ്‍ലൈനായി തന്നെ പരാതി നല്‍കാനും ഓണ്‍ലൈനായി തന്നെ നടപടിയെടുക്കാനും ഇതിലൂടെ സാധിക്കും.
ഇതില്‍ നല്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. അപേക്ഷ ലഭിച്ച് മൂന്ന് പ്രവര്‍ത്തി ദിവസത്തിനകം ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ പരാതിക്കാരുമായി ബന്ധപ്പെടും. സംസ്ഥാനത്ത് നിന്നും സ്ത്രീധനം തുടച്ചുമാറ്റുന്നതിന് ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. വധുവിന്റെ കുടുംബം, വരനോ വരന്റെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സ്ത്രീധനം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി നല്‍കാം.
ലഭിക്കുന്ന രജിസ്ട്രേഷനുകള്‍ ജില്ലാ സ്ത്രീധന നിരോധന ഉദ്യോഗസ്ഥര്‍ക്ക് (ജില്ലാ ശിശുവികസന പദ്ധതി ഓഫീസര്‍) കൈമാറും. ഓരോരുത്തരും തെരഞ്ഞെടുത്ത അധികാരപരിധി അനുസരിച്ച്, അന്വേഷണം നടത്തി നോട്ടീസ് പുറപ്പെടുവിക്കും. ആവശ്യമെങ്കില്‍ പൊലീസ് സഹായവും നിയമസഹായവും നല്‍കും. സംശയങ്ങള്‍ക്ക് 0471 2346838 എന്ന നമ്പരില്‍ ബന്ധപ്പെടാം.
ഓണ്‍ലൈനായി എങ്ങനെ പരാതിപ്പെടണം?
- ആദ്യമായി http://wcd.kerala.gov.in/dowry എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- വിശദ വിവരങ്ങള്‍ വായിച്ച ശേഷം പരാതി സമര്‍പ്പിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്കി ലഭിക്കുന്ന ഒടിപി സബ്മിറ്റ് ചെയ്യുക
- അടിസ്ഥാനപരമായവ വിശദാംശങ്ങള്‍ ടെപ്പ് ചെയ്യണം
- വിവരം നല്കുന്നയാളിന്റെ പേര്, ഇ മെയില്‍ ഐഡി എന്നിവ നല്‍കണം
- ദുരിതം അനുഭവിക്കുന്ന സ്ത്രീയുടെ വിശദാംശങ്ങള്‍, സംഭവം നടന്ന സ്ഥലം, മേല്‍വിലാസം, പരാതിയുടെ സ്വഭാവം, സ്ത്രീധനമായി ആവശ്യപ്പെട്ടത് എന്താണ്, ബന്ധപ്പെടേണ്ട നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ നല്‍കണം.
- ഈ പരാതി മുമ്പ് വേറെവിടെയെങ്കിലും നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം
- രേഖകള്‍ അപ്ലോഡ് ചെയ്ത ശേഷം സെക്യൂരിറ്റി കോഡ് നല്കിയ ശേഷം സബ്മിറ്റ് ക്ലിക്ക് ചെയ്യണം
- രജിസ്റ്റര്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ എസ്.എം.എസ് അറിയിപ്പ് നല്‍കും. ഓരോ ഘട്ടത്തിലും എസ്.എം.എസ് അപ്ഡേറ്റുകള് ലഭിക്കുന്നതാണ്.
Story Highlights: Dowry related complaints can be easily submitted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here