Advertisement

രണ്ടു സീറ്റിലും പരാജയമറിഞ്ഞ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി; പട്യാലയില്‍ അമരീന്ദറിനും അമൃത്സറില്‍ സിദ്ധുവിനും തോല്‍വി

March 10, 2022
Google News 2 minutes Read

എഎപിയുടെ തേരോട്ടത്തില്‍ പഞ്ചാബ് രാഷ്ട്രീയത്തിലെ പല വമ്പന്‍മാരും ഇത്തവണ കാലിടറിവീണു. നിലവിലെ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ചരണ്‍ജിത് സിങ് ഛന്നി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പരാജയപ്പെട്ടു. ബര്‍ണാല ജില്ലയിലെ ബദൗര്‍ മണ്ഡലത്തിലും ചംകോര്‍ സാഹിബ് മണ്ഡലത്തിലുമാണ് ഛന്നി പരാജയമറിഞ്ഞത്.

കോണ്‍ഗ്രസുമായി പിണങ്ങി ബിജെപി പാളയത്തില്‍ ചേക്കേറിയ അമരീന്ദര്‍ സിങ് പട്യാലയില്‍ 19,873 വോട്ടുകള്‍ക്ക് തോറ്റു. പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ധു അമൃത്സര്‍ ഈസ്റ്റില്‍ 6750 വോട്ടിന് പരാജയമറിഞ്ഞു. ഇവിടുത്തെ ശിരോമണി അകാലിദള്‍ സ്ഥാനാര്‍ഥി ബിക്രം സിങ് മജീദിയ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ഇവിടെ വിജയിച്ചത് എഎപി സ്ഥാനാര്‍ഥി ജീവന്‍ജ്യോത് കൗറാണ്.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേടിയ അട്ടിമറി വിജയം ബിജെപിക്ക് രാഷ്ട്രീയ ബദലാകാനുള്ള വിശാല പ്രതിപക്ഷത്തെ അരവിന്ദ് കെജ്രിവാള്‍ നയിക്കുമെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാരഥി മമത ബാനര്‍ജി കൊതിച്ചിരുന്ന ഈ സ്ഥാനത്തേക്ക് കെജ്രിവാള്‍ ഉയര്‍ന്നുവരുന്നു എന്നതാണ് ഏറെ നിര്‍ണായകം. പഞ്ചാബിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ഡെല്‍ഹി മോഡല്‍ ഭരണം എന്ന മുദ്രാവാക്യമുയര്‍ത്തിയത് എഎപിയുടെ വിജയത്തില്‍ നിര്‍ണായകമായി.

Read Also :പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി പുതുചരിത്രമെഴുതുന്നു; പ്രതിപക്ഷ നേതൃനിരയിലേക്കുയര്‍ന്ന് കെജ്രിവാള്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്റെ പ്രസംഗത്തിലുടനീളം ഡെല്‍ഹി മോഡല്‍ പ്രയോഗം ആവര്‍ത്തിച്ചു. ആരോഗ്യം, വൈദ്യുതി, വെള്ളം, ഗുണനിലവാരമുള്ള സര്‍ക്കാര്‍ വിദ്യാഭ്യാസം എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനമാണ് പഞ്ചാബില്‍ എഎപിക്ക് മുന്‍തൂക്കം നല്‍കിയത്.

ആരോഗ്യമേഖലയും വിദ്യാഭ്യാസവും ഏറക്കുറേ സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഒരു സംസ്ഥാനം എന്ന നിലയില്‍ ഈ മുദ്രാവാക്യങ്ങള്‍ എഎപിക്ക് ഗുണം ചെയ്തു. ആം ആദ്മിക്ക് ശക്തമായ പിന്തുണ ലഭിച്ചത് യുവാക്കളില്‍ നിന്നും സ്ത്രീ വോട്ടര്‍മാരില്‍ നിന്നുമാണ് എന്നത് ശ്രദ്ധേയമാണ്. പഞ്ചാബിലെ അഴിമതി വേരോടെ പിഴുതെറിയുമെന്ന കെജ്രിവാളിന്റെ വാഗ്ദാനങ്ങള്‍ ജനങ്ങളെ കുറച്ചൊന്നുമല്ല സ്വാധിനിച്ചത്. ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്ന യുവതീ, യുവാക്കള്‍ കൂട്ടത്തോടെ ആം ആദ്മിക്ക് വോട്ട് ചെയ്തതാണ് ഇത്രയും വലിയ ജയത്തിന് പിന്നില്‍.

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് തകര്‍ന്നടിയുമ്പോള്‍ ഹീറോ പര്യവേഷം ലഭിക്കുന്നത് എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഭഗവന്ത് മന്നിനാണ്. 59 സീറ്റാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്.

എന്നാല്‍ ഒടുവില്‍ ലഭിക്കുന്ന കണക്കനുസരിച്ച് എ.എ.പി 90 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. അതായത് അടുത്ത മുഖ്യമന്ത്രി ഭഗവന്ത്് തന്നെയെന്ന് ഉറപ്പ്. ആം ആദ്മിക്ക് ഡല്‍ഹിയില്‍ മാത്രമല്ല, പഞ്ചാബിലുമുണ്ട് പിടി എന്ന് ജനങ്ങള്‍ക്ക് തെളിയിച്ച് കൊടുക്കാന്‍ ഭഗവന്തിന് നിഷ്പ്രയാസം കഴിഞ്ഞു. അങ്ങനെ ഡല്‍ഹിക്കു പുറത്തേക്ക് വളരണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ മോഹം യാഥാര്‍ത്ഥ്യമാക്കിയ നേതാവായി അദ്ദേഹം മാറി.

Story Highlights: Punjab Chief Minister Charanjit Singh Channi lost both the seats

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here