ഉപരോധം കടുപ്പിച്ച് അമേരിക്ക;വ്യാപാര സൗഹൃദരാജ്യ പട്ടികയില്‍ നിന്ന് റഷ്യയെ നീക്കും

യുക്രൈനിലേക്കുള്ള അധിനിവേശം ശക്തമായി തുടരുന്ന റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. റഷ്യയുമായി നേരിട്ട് യുദ്ധത്തിനില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കി. വ്യാപാര സൗഹൃദരാജ്യ പട്ടികയില്‍ നിന്ന് റഷ്യയെ ഒഴിവാക്കുമെന്ന് അമേരിക്ക അറിയിച്ചു. റഷ്യയില്‍ നിന്നും വോഡ്ക, വജ്രം, സീ ഫുഡ് എന്നിവയുടെ ഇറക്കുമതി അമേരിക്ക നിരോധിച്ചിട്ടുണ്ട്.
വ്യാപാര സൗഹൃദരാജ്യങ്ങളുടെ പട്ടികയില്‍ നിന്നും റഷ്യയെ നീക്കാനുള്ള തീരുമാനം യൂറോപ്യന്‍ യൂണിയനെ അമേരിക്ക അറിയിച്ചിട്ടുണ്ട്. റഷ്യന്‍ സമ്പദ്രംഗത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനുള്ള നീക്കം തങ്ങള്‍ തുടരുമെന്നാണ് അമേരിക്ക അറിയിച്ചത്. വ്യാപാര സൗഹൃദരാജ്യങ്ങളുടെ പട്ടികയില്‍ നിന്നും റഷ്യയെ നീക്കാനുള്ള തീരുമാനമാണ് ഞങ്ങള്‍ പുതിയതായി എടുത്തിരിക്കുന്നത്. ഇത് റഷ്യയ്ക്കുള്ള അവസാന മുന്നറിയിപ്പ് ആയിരിക്കില്ല എന്നാണ് ബൈഡന് പറഞ്ഞത്. എന്നാല്‍ നേരിട്ട് അമേരിക്ക റഷ്യയുമായി യുദ്ധത്തിനിറങ്ങുമെന്ന പ്രചരണത്തെ അമേരിക്കന്‍ പ്രസിഡന്റ് തള്ളി.
Read Also : ലോകത്തിലെ തന്നെ പണക്കാരിയായ വളർത്തു മൃഗം; 36 കോടി രൂപയുടെ ഉടമ…
ഉപരോധങ്ങള്‍ തുടര്‍ച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന യുഎസും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും റഷ്യ മറുപടി നല്‍കിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ഇരുനൂറിലധികം വിദേശനിര്‍മിത വസ്തുക്കളുടെ കയറ്റുമതി റഷ്യ നിരോധിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്ന് നേരത്തെ റഷ്യയിലേക്ക് ഇറക്കുമതി ചെയ്ത കാറുകള്‍, ടെലികോം, ടെക്നോളജി, കൃഷി മേഖലകളിലെ ഉല്പന്നങ്ങള് എന്നിവയുടെ കയറ്റുമതിക്കാണ് ഈ വര്‍ഷം അവസാനം വരെ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
റഷ്യയുമായി സൗഹൃദത്തിലല്ലാത്ത നടപടികള്‍ക്ക് തുനിഞ്ഞ രാജ്യങ്ങളിലേക്കുള്ള മരത്തിന്റെ കയറ്റുമതിയും നിരോധിക്കും. പാശ്ചാത്യ ഉപരോധങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. യുഎസും യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളുമുള്‍പ്പെടെ 48 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെ ആണ് ഇതു ബാധിക്കുക.
മറ്റു രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കുക എന്നതിനെക്കാള്‍ ഉപരോധം റഷ്യയുടെ ആഭ്യന്തര വിപണിയില്‍ ക്ഷാമം സൃഷ്ടിക്കാതിരിക്കാനാണ് നേരത്തെ ഇറക്കുമതി ചെയ്ത ഉല്പന്നങ്ങള് വീണ്ടും കയറ്റുമതി ചെയ്യുന്നത് നിരോധിച്ചത്.
പാശ്ചാത്യ ഉപരോധങ്ങള്‍ മൂലം ഊര്‍ജമേഖലയില്‍ വിലക്കയറ്റമുണ്ടായതോടെ യൂറോപ്പിലെ സ്റ്റീല്‍, രാസവള ഫാക്ടറികളും പേപ്പര്‍ മില്ലുകളും പൂട്ടിത്തുടങ്ങി. റഷ്യയില്‍ നിന്നും യുക്രൈനില്‍ നിന്നുമുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ലഭ്യത കുറഞ്ഞതും റഷ്യയില്‍ നിന്ന് ഇവ വാങ്ങുന്നത് യുഎസ് വേണ്ടെന്നു വച്ചതുമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണം.
Story Highlights: Biden revokes Russia’s favoured nation trading status
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here