ബജറ്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി

ബജറ്റ് അവതരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കൊവിഡ് കാലത്തുണ്ടായ പ്രതിസന്ധി നേരിടാന്‍ കേന്ദ്രനയം സഹായകമല്ലെന്നായിരുന്നു ധനമന്ത്രിയുടെ വിമര്‍ശനം. സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ല എന്നു മാത്രമല്ല, സംസ്ഥാനങ്ങളെ ഇടപെടുന്നതില്‍ നിന്നും വിലക്കുകയുമാണ്. ജിഎസ്ടി നടപ്പിലായതോടു കൂടി സംസ്ഥാനങ്ങളുടെ നികുതി അധികാരം ഏതാണ്ട് പൂര്‍ണമായും ഇല്ലാതായി. കൊവിഡ് കാലത്ത് സമ്പദ്ഘടനയ്ക്കും പൗരന്മാര്‍ക്കും ഉണ്ടായ ക്ഷീണവും നഷ്ടവും പരിഹരിയ്ക്കാന്‍ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായേ മതിയാകു. ജനങ്ങളുടെ കൈയിലേക്ക് പണം എത്തിച്ച് സമ്പദ്ഘടനയിലെ ഡിമാന്റ് വര്‍ധിപ്പിക്കണമെന്നും പറഞ്ഞു.
കൊവിഡ് കാലത്തും കോര്‍പ്പറേറ്റ് പ്രീണനങ്ങള്‍ തുടരാനാണ് ഭരണകൂടങ്ങള്‍ തയാറായത്. സമ്പത്ത് ഘടനയില്‍ അഭൂതപൂര്‍ണ്ണമായ മാന്ദ്യവും തകര്‍ച്ചയും ഉണ്ടായ മഹാമാരി കാലത്ത് കോര്‍പ്പറേറ്റുകളുടെ ലാഭം റിക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നു. അസമത്വം പെരുകി. സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുകയും ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയും ചെയ്യുന്ന ഈ നയങ്ങള്‍ ഏറ്റവും ക്രൂരമായി നടപ്പിലാക്കപ്പെട്ട രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. അസമത്വത്തിന്റെയും ദാരിദ്രത്തിന്റെയും ലോക റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ ലജ്ജാകരമായ അവസ്ഥയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ
മഹാമാരി സമ്പദ്ഘടനയിലും സര്‍ക്കാരുകളുടെ ധനസ്ഥിതിയിലും ദീര്‍ഘകാലം നിലനില്‍ക്കുന്ന വിപരീത പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. രണ്ടുവര്‍ഷത്തെ ഉല്‍പ്പാദനവളര്‍ച്ച ഏതാണ്ടെല്ലാ രാജ്യങ്ങള്‍ക്കും നഷ്ടമായി. ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം കൊവിഡിന് മുമ്പുണ്ടായിരുന്ന നിലവാരത്തിലേക്ക് ഇനിയും എത്തിയിട്ടില്ല. സമാനതകളില്ലാത്ത തൊഴില്‍ നഷ്ടമാണ് ഈ കാലയളവില്‍ ഇന്ത്യയില്‍ ഉണ്ടായതെന്ന് കണക്കുകള്‍. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം പുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം കൊവിഡ് കാലത്ത് കേരളത്തിലും വലിയ തോതില്‍ തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
കൊവിഡ് കാലത്ത് സമ്പദ്ഘടനയ്ക്കും പൗരന്മാര്‍ക്കും ഉണ്ടായ ക്ഷീണവും നഷ്ടവും പരിഹരിക്കാന്‍ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായേ മതിയാവു. ജനങ്ങളുടെ കൈയിലേക്ക് പണമെത്തിച്ച് സമ്പദ്ഘടനയിലെ ഡിമാന്റ് വര്‍ധിപ്പിക്കണം. അസമത്വം ലഘൂകരിക്കണം. ചെറുകിട വ്യവസായ വ്യാപാര സംഘങ്ങളെ സഹായിക്കണം. പശ്ചാത്തലമേഖലയില്‍ വലിയ തോതില്‍ പൊതുനിക്ഷേപമുണ്ടാകണം. എന്നാല്‍ ധനകാര്യ യാഥാസ്ഥിതികത്വം തലയ്ക്ക് പിടിച്ച കേന്ദ്രസര്‍ക്കാര്‍ അതിനൊന്നും തയാറാവുന്നില്ല. 2022-23 ലേക്കുള്ള കേന്ദ്രബജറ്റ് എത്ര നിരാശാജനകമാണെന്ന് എല്ലാവരും കണ്ടതാണ്. അസമത്വം ഇത്രമേല്‍ വര്‍ധിച്ചിട്ടും വരുമാന നികുതി, കോര്‍പ്പറേറ്റ് നികുതി, സ്വത്ത് നികുതി എന്നിവ ഉയര്‍ത്താന്‍ കേന്ദ്രം തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മേലുള്ള സര്‍ചാര്‍ജ് അടക്കമുള്ള സാധാരണ ജനങ്ങളെ ബാധിക്കുന്ന പരോക്ഷ നികുതികള്‍ വര്‍ധിപ്പിച്ച് ധനക്കമ്മി കുറയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. എല്‍ഐസി അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളെ വില്‍ക്കാനും നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ തുടങ്ങിയ പരിപാടിയിലൂടെ പൊതു ആസ്തികള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് ശ്രമിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും സംസ്ഥാനങ്ങളെ ഇടപെടുന്നതില്‍ നിന്നും വിലക്കുകയുമാണ്. വിഭവങ്ങളെല്ലാം കേന്ദ്രത്തിനും വികസന ക്ഷേമ ഉത്തരവാദിത്തങ്ങളെല്ലാം സംസ്ഥാനങ്ങള്‍ക്കും എന്ന മട്ടില്‍ കേന്ദ്രസംസ്ഥാന ധനകാര്യ ബജറ്റുകള്‍ മാറിയിരിക്കുന്നു. ചരക്കുസേവന നികുതി നടപ്പിലായതോട് കൂടി സംസ്ഥാനങ്ങളുടെ നികുതി അധികാരം പൂര്‍ണ്ണമായി ഇല്ലാതായി. ഈ മാറ്റം എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുമെങ്കിലും കേരളത്തെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Finance Minister budget criticis central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here