Advertisement

ആമസോണിന് തിരിച്ചടിയായത് റിലയന്‍സിനെ വിലകുറച്ച് കണ്ടതോ?; പൊരിഞ്ഞ പോരാട്ടത്തില്‍ അംബാനി ജയിച്ചുകയറിയത് ഇങ്ങനെ

March 11, 2022
1 minute Read

അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന റീടെയില്‍ വിപണിയാണ് ഇന്ത്യയുടേത്. ഈ വിപണിയെ പിടിച്ചടക്കാനുള്ള പോരാട്ടത്തില്‍ മുകേഷ് അംബാനി വിജയിച്ചത് ഏറെ കൗതുകത്തോടെയാണ് ലോകം നോക്കിക്കണ്ടത്. പോരാട്ടത്തില്‍ റിലയന്‍സ് പിന്നിലാക്കിയതോ യുഎസിലെ ബിസിനസ് ഭീമനായ ആമസോണിനെ. റിലയന്‍സിന് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് വാര്‍ത്ത കേട്ട എല്ലാവരും ചോദിച്ചത്. നിരവധി ട്വിസ്റ്റുകളുള്ളതാണ് ആമസോണിനെ റിലയന്‍സ് മലര്‍ത്തിയടിച്ച ആ കഥ.

തര്‍ക്കത്തിന്റെ തുടക്കം

രാജ്യത്തെ പ്രമുഖ റീട്ടെയ്ല്‍ ബിസിനസ് സ്ഥാപനമായ ഫ്യൂച്ചര്‍ ഗ്രൂപ്പ് ആര് സ്വന്തമാക്കുമെന്നതിനെച്ചൊല്ലിയാണ് ഇന്ത്യയിലേയും അമേരിക്കയിലേയും ബിസിനസ് ഭീമന്മാര്‍ തമ്മില്‍ തര്‍ക്കം തുടങ്ങുന്നത്. ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്വന്തമാക്കുന്നവര്‍ക്ക് ഏറ്റവും വേഗത്തില്‍ വളരുന്ന ഈ റീടെയില്‍ വിപണി പിടിച്ചടക്കാമെന്നായിരുന്നു അക്കാലത്ത് പ്രവചനങ്ങള്‍ വന്നിരുന്നത്. ഫ്യൂച്ചറിന്റെ സാധ്യത മുന്‍കൂട്ടി കണ്ട് 2019ല്‍ ഗ്രൂപ്പുമായി ആമസോണ്‍ 200 മില്യണ്‍ ഡോളറിന്റെ ഒരു ഡീലുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്യൂച്ചറിന് റിലയന്‍സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് റീടെയില്‍ ആസ്തികള്‍ വില്‍ക്കാന്‍ കഴിയില്ല എന്നതുള്‍പ്പെടെയുള്ള അപൂര്‍ണമായ ചില ധാരണകള്‍ ആമസോണും ഫ്യൂച്ചറും തമ്മിലുണ്ടായിരുന്നു.

2020ല്‍ അപ്രതീക്ഷിതമായി കൊവിഡ് അതിതീവ്രമായി വ്യാപിച്ചു. ഇത് ഫ്യൂച്ചറിനെ വല്ലാതെ പിടിച്ചുലച്ചു. പ്രതിസന്ധി ഘട്ടത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ വന്നപ്പോള്‍ ഫ്യൂച്ചര്‍ തങ്ങളുടെ ചില ആസ്തികള്‍ റിലയന്‍സിന് വിറ്റു. എന്നാല്‍ ഇതിനെ ആമസോണ്‍ ചോദ്യം ചെയ്തതോടെയാണ് നിയമപോരാട്ടം തുടങ്ങുന്നത്.

നിര്‍ണായകമായത് റിലയന്‍സിന്റെ അപ്രതീക്ഷിത നീക്കം

ബുദ്ധിപൂര്‍വമുള്ള ഒരു കരുനീക്കത്തിലൂടെയാണ് ഫ്യൂച്ചറില്‍ റിലയന്‍സ് പിടിമുറുക്കിയത്. കമ്പനി നഷ്ടത്തിലായി തകര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ 500 ഫ്യൂച്ചര്‍ സ്റ്റോറുകളെ റിലയന്‍സ് ഏറ്റെടുത്തു. ഫ്യൂച്ചര്‍ വരുമാനത്തിന്റെ സിംഹഭാഗവും സംഭാവന ചെയ്യുന്ന സ്റ്റോറുകളാണ് റിലയന്‍സ് ഏറ്റെടുത്തത്. കടത്തില്‍ മുങ്ങി നിന്നിരുന്ന ഫ്യൂച്ചറിന്റെ ജീവനക്കാരും നൂറ് കണക്കിന് സ്റ്റോറുകളുടെ റെന്റല്‍ ലീസുകളും പയ്യെ പയ്യെ റിലയന്‍സിന്റെ കൈപ്പിടിയിലാകാന്‍ തുടങ്ങി. ഇതൊടെ രാജ്യത്തെ ഏറ്റവും വലിയ റീടെയില്‍ ശ്രംഖല റിലയന്‍സിന് കീഴിലായി. തങ്ങള്‍ കണ്ണുവെച്ചിരുന്ന ശ്രംഖലയെ റിലയന്‍സ് പിടിച്ചടക്കിയത് ആമസോണിനെ ചൊടിപ്പിച്ചു. പിന്നീടാണ് നിയമയുദ്ധം ആരംഭിക്കുന്നത്. അംബാനി ഫ്യൂച്ചറിനെ 3.4 ബില്യണ്‍ ഡോളറിന് വാങ്ങാന്‍ കരാറൊപ്പിടാനിരിക്കെയായിരുന്നു ഇതിനെ എതിര്‍ത്ത് ആമസോണ്‍ രംഗത്തെത്തിയത്.

ആമസോണ്‍ റിലയന്‍സിനെ വിലകുറച്ച് കണ്ടിരുന്നോ?

തങ്ങള്‍ മുന്‍പ് തന്നെ കരാറുണ്ടാക്കിയ ഫ്യൂച്ചറിന്റെ സ്റ്റോറുകള്‍ മറ്റാരോ കൊണ്ടുപോയി എന്നാണ് ആമസോണ്‍ കോടതിയില്‍ പറഞ്ഞത്. റിലയന്‍സിനെ ആമസോണ്‍ വിലകുറച്ച് കണ്ടിരുന്നുവെന്നും റിലയന്‍സിന്റെ നീക്കം മുന്‍കൂട്ടി കാണാന്‍ ബിസിനസ് ഭീമനായ ആമസോണിന് കഴിഞ്ഞില്ലെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 1100 സൂപ്പര്‍മാര്‍ക്കറ്റുകളുള്ള റിലയന്‍സും 1500ഓളം സറ്റോറുകളുള്ള ഫ്യൂച്ചറും ഒരുമിച്ച് നീങ്ങുന്നതോടെ റീടെയ്ല്‍ രംഗത്ത് റിലയന്‍സിനെ പിടിച്ചാല്‍ക്കിട്ടില്ലെന്നാണ് വിലിരുത്തപ്പെടുന്നുണ്ട്. ഫ്യൂച്ചറുമായുള്ള കരാറിലൂടെ പലചരക്ക് റീടെയില്‍ വ്യവസായത്തില്‍ നേട്ടമുണ്ടാക്കിയ ആമസോണിന് ഇന്ത്യന്‍ വിപണിയില്‍ ഇത് കനത്ത തിരിച്ചടിയാകും. ഇത്തരമൊരു നിര്‍ണായ ഘട്ടത്തില്‍ ചില ഒത്തുതീര്‍പ്പുകള്‍ക്ക് ആമസോണ്‍ നിര്‍ബന്ധിതരാകുകയാണ്. ഫ്യൂച്ചര്‍ ആസ്തികളില്‍ റിലയന്‍സ് ഏതുസമയത്തും പൂര്‍ണമായി ആധിപത്യം ഉറപ്പിച്ചേക്കാമെന്ന് ആമസോണ്‍ ഫ്യൂച്ചറിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Story Highlights: how reliance win battle with amazon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top