പ്രതീക്ഷിച്ചതിലും ഉയരെ, മൂന്ന് മാസത്തിൽ വമ്പൻ ലാഭവുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്

രാജ്യത്തെ പ്രധാന ബിസിനസ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പദത്തിലെ ലാഭ കണക്കുകൾ പുറത്ത്. 2025 മാർച്ച് മാസത്തിൽ അവസാനിച്ച സാമ്പത്തിക പാദവാർഷികത്തിൽ 19407 കോടി രൂപയാണ് കമ്പനിയുടെ നെറ്റ് ലാഭം. മുൻവർഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം വളർച്ചയാണ് ലാഭത്തിൽ ഉണ്ടായത്.
ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തന വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 10% വളർച്ചയോടെ 2.64 ലക്ഷം കോടി രൂപയായി. ലാഭത്തിലും പ്രതീക്ഷിച്ചതിലും ആയിരം കോടി രൂപയാണ് കമ്പനിക്ക് അധികമായി കിട്ടിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലാഭവിഹിതമായി ഒരു ഓഹരിക്ക് 5.50 രൂപ നൽകാനും കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനിച്ചു. ഇതിനുപുറമേ ഒന്നോ അതിലധികമോ തവണകളായി 25000 കോടി രൂപ ബോണ്ടിലൂടെ സമാഹരിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
2024 ഡിസംബർ മാസത്തിൽ അവസാനിച്ച പാദ വാർഷികത്തിൽ കമ്പനിയുടെ ലാഭം 18,540 കോടി രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ, മാർച്ചിൽ അവസാനിച്ച പാദവാർഷികത്തിലെ ലാഭം അഞ്ച് ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ കാലയളവിൽ വരുമാനത്തിൽ 8% വളർച്ചയും രേഖപ്പെടുത്തി. അതേസമയം കമ്പനിയുടെ ഓഹരി ഇന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 1300.05 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിനുശേഷമാണ് കമ്പനിയുടെ ലാഭ കണക്ക് പുറത്തുവന്നത്. അതിനാൽ തന്നെ തിങ്കളാഴ്ച വീണ്ടും വ്യാപാരം തുടങ്ങുമ്പോൾ കമ്പനിയുടെ ഓഹരി മൂല്യത്തിൽ കുതിപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Story Highlights : Reliance Industries Ltd Q4 Profit results are out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here