‘ബിജെപിക്ക് വിജയം നേടിക്കൊടുത്ത മായാവതിക്കും ഒവൈസിക്കും പത്മവിഭൂഷനും ഭാരതരത്‌നയും നല്‍കണം’; പരിഹസിച്ച് ശിവസേന

ഉത്തര്‍പ്രദേശില്‍ ബിജെപി തുടര്‍ഭരണമുറപ്പിച്ച പശ്ചാത്തലത്തില്‍ ബിഎസ്പി അധ്യക്ഷ മായാവതിക്കും എഐഎംഐഎം നേതാവ് അസാസുദീന്‍ ഒവൈസിക്കുമെതിരെ പരിഹാസവുമായി ശിവസേന. ബിജെപിയുടെ വിജയത്തിനായി കനത്ത സംഭാവന നല്‍കിയ മായാവതിക്കും ഒവൈസിക്കും പത്മവിഭൂഷനോ ഭാരതരത്‌നയോ നല്‍കണമെന്നായിരുന്നു ശിവസേനയുടെ പരിഹാസം. ശിവസേന എംപി സഞ്ജയ് റാവത്താണ് ഇരുവര്‍ക്കുമെതിരെ രൂക്ഷ പരിഹാസവുമായി രംഗത്തെത്തിയത്.
അഖിലേഷിന്റെ സമാജ്‌വാദി പാര്‍ട്ടി തന്റെ വോട്ട് വിഹിതം വര്‍ധിപ്പിച്ചെങ്കിലും ബിജെപി മികച്ച വിജയം സ്വന്തമാക്കിയതായി സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി. ഇതിനുള്ള ക്രെഡിറ്റ് മായാവതിക്കും ഒവൈസിക്കുമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
ബിഎസ്പിയും എഐഎംഐഎമ്മും തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിച്ചതായി പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തിയിരുന്നു. ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിച്ചുപോകാന്‍ ഈ പാര്‍ട്ടികള്‍ കാരണമായതായി പലരം നിരീക്ഷിച്ചിരുന്നു. ബിജെപിക്കെതിരെ വിജയം നേടാനായില്ലെങ്കിലും സമാജ് വാദി പാര്‍ട്ടി കാഴ്ച വെച്ചത് മികച്ച പ്രകടനമാണെന്നും നിരീക്ഷിക്കപ്പെട്ടിരുന്നു.
ബിഎസ്പിയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ച ശേഷം ബിഎസ്പി അധ്യക്ഷ മായാവതി പ്രതികരണവുമായി അല്‍പ സമയം മുന്‍പ് രംഗത്തെത്തിയിരുന്നു. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയുടെ കാലത്തെ കാട്ടുഭരണം ആവര്‍ത്തിക്കാതിരിക്കാന്‍ ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ ബിജെപിയുടെ ഒപ്പം നിന്നതാണ് പരാജയകാരണമെന്ന് മായാവതി പറഞ്ഞു. ബിജെപിയോടുള്ള എതിര്‍പ്പ് കാരണം ന്യൂനപക്ഷ വിഭാഗങ്ങള്‍ അഖിലേഷിനൊപ്പം നിന്നു. ഇത് തങ്ങള്‍ക്ക് തിരിച്ചടിയായെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. അഖിലേഷ് ഒരിക്കല്‍ക്കൂടി ഭരണത്തിലെത്തുമോ എന്ന ജനങ്ങളുടെ ഭയമാണ് ബിഎസ്പിക്ക് തിരിച്ചടിയായതെന്ന വാദമാണ് മായാവതി മുന്നോട്ടുവെച്ചത്. തന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ ശേഷം ഇതാദ്യമായാണ് മായാവതി മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
ബിഎസ്പിക്കൊപ്പം നിന്നിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ ഉറപ്പിക്കാന്‍ കഴിയാത്തത് പാളിച്ചയായി മായാവതി വിലയിരുത്തുന്നുണ്ട്. ഇത് തങ്ങളെ സംബന്ധിച്ച് നിഷ്ഠുരമായ ഒരു പാഠമാണ്. തങ്ങള്‍ മുസ്ലീം വിഭാഗത്തെ വിശ്വസിച്ചിരുന്നുവെന്നും ഈ പരാജയത്തിന്റെ പാഠങ്ങള്‍ മനസില്‍ സൂക്ഷിച്ച് തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. മുസ്ലീം വിരുദ്ധ പ്രചരണപരിപാടികളിലൂടെയാണ് ഉത്തര്‍പ്രദേശ് ബിജെപി പിടിച്ചെടുത്തതെന്നും മായാവതി ആരോപിച്ചു. ബിഎസ്പിയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണ ജനങ്ങള്‍ കണ്ടത്. 2007ല്‍ 206 സീറ്റുകള്‍ നേടിയ ബിഎസ്പി 2022ല്‍ വെറും ഒരൊറ്റ സീറ്റുകളിലേക്ക് ചുരുങ്ങുന്ന കാഴ്ച ഒരേസമയം ദയനീയവും കൗതുകകരവുമായിരുന്നു.
Story Highlights: shivasena slams mayawati owaisi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here