പുടിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് സെലൻസ്‌കി

റഷ്യൻ പ്രസിഡന്റിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് യുക്രൈൻ പ്രസിഡന്റ്. ജെറുസലേമിൽ വച്ച് വഌദിമിർ പുടിനുമായി കൂടിക്കാഴ്ചയാകാമെന്ന് സെലൻസ്‌കി അറിയിച്ചു. ( zelensky invites putin for talks )
ഇസ്രായേൽ പ്രധാനമന്ത്രിയോട് ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാൻ സെലൻസ്‌കി ആവശ്യപ്പെട്ടു. റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 1,300 സൈനികരാണെന്നും യുക്രൈൻ പ്രസിഡന്റ് പറഞ്ഞു.
അതേസമയം, യുദ്ധം തുടങ്ങി പതിനേഴാം ദിവസവും തലസ്ഥാന നഗരമായ കീവ് ഉൾപ്പെടെ യുക്രെയ്‌നിലെ 15 സ്ഥലങ്ങളിൽ റഷ്യ വ്യാപക ആക്രമണം നടത്തി. മരിയുപോളിൽ ആളുകൾ അഭയം തേടിയിരുന്ന പള്ളിക്ക് നേരെ ഷെല്ലാക്രമണമുണ്ടായി. കാലാവസ്ഥ മോശമായതിനെ തുടർന്ന് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ വലയുകയാണ് യുക്രൈൻ ജനത.
Read Also : ‘എനിക്കാരേയും പേടിയില്ല..’ ബാങ്കോവ സ്ട്രീറ്റിൽ തന്നെയുണ്ട്; യുക്രൈനിലെ ലൊക്കേഷൻ പങ്കുവച്ച് സെലൻസ്‌കി
ഒഡേസ, സുമി, ഖാർക്കീവ്, നിപ്രോ,വാസിൽകീവ്, മിക്കോളൈവ് എന്നീ നഗരങ്ങളിൽ ഇന്നും കനത്ത ആക്രമണമുണ്ടായി.നിലവിൽ കീവിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് റഷ്യൻ വാഹന വ്യൂഹം നിലയുറപ്പിച്ചിരിക്കുന്നത്. 25 കിലോമീറ്റർ അകലെയാണ് റഷ്യൻ സൈന്യം. കീവിലെ പട്ടാള എയർഫീൽഡ് റഷ്യ തകർത്തു. ഷെല്ലാക്രമണത്തിൽ കീവിലെ ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിനും തീപിടിച്ചു. മെലിറ്റോപോൾ നഗരത്തിന്റെ മേയർ ഇവാൻ ഫെഡൊറോവിനെ റഷ്യൻ സേന തട്ടിക്കൊണ്ടുപോയി.
അതേസമയം പതിറ്റാണ്ടുകൾക്കുള്ളിലെ ഏറ്റവും വലിയ നഷ്ടമാണ് റഷ്യൻ സൈന്യത്തിന് സംഭവിച്ചതെന്ന് യുക്രൈൻ പ്രസിഡന്റ് പുതിയ വീഡിയോയിലൂടെ ആരോപിച്ചു. എന്നാൽ യുദ്ധ ബാധിത മേഖലകളിൽ നിന്ന് മാനുഷിക ഇടനാഴികൾ അനുവദിക്കാമെന്ന റഷ്യയുടെ എല്ലാ നിർദേശങ്ങളും ഉക്രെയ്ൻ നിരസിച്ചതായി റഷ്യ ആരോപിച്ചു.
ഇതിനിടെ യുക്രൈനിൽ റഷ്യയ്‌ക്കെതിരായി നേരിട്ടുള്ള സൈനിക ഇടപെടൽ നടത്തില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിച്ചു.യു.എസ് സൈന്യവും റഷ്യയുമായി ഏറ്റുമുട്ടലുണ്ടായാൽ അത് മൂന്നാം ലോകയുദ്ധമായി മാറുമെന്ന് ബൈഡൻ പറഞ്ഞു. യുക്രെയ്‌നെതിരെ റഷ്യ രാസായുധം പ്രയോഗിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയ ബൈഡൻ, അപ്രകാരം ചെയ്താൽ റഷ്യ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു മുന്നറിയിപ്പ് നൽകി. യുക്രൈനിനെ ഉടൻ ചേർക്കാനാവില്ലെന്ന് യുറോപ്യൻ യൂണിയൻ വ്യക്തമാക്കി. ലാബുകളിൽ സൂക്ഷിച്ചിരിക്കുന്ന അപകടകാരികളായ രോഗാണുക്കളെ നശിപ്പിച്ച് കളയണമെന്ന് യുക്രെയ്‌ന് ലോകാരോഗ്യ സംഘടന നിർദേശം നൽകി. റഷ്യൻ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ ലാബുകൾ തകർന്ന് രോഗാണുക്കൾ പുറത്തുവന്നേക്കാമെന്ന സാധ്യത മുന്നിൽകണ്ടാണ് നിർദേശം.
Story Highlights: zelensky invites putin for talks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here