മധ്യപ്രദേശിൽ 4 ജെഎംബി ഭീകരർ അറസ്റ്റിൽ

ജമാത്ത് ഉൾ മുജാഹിദ്ദീൻ ബംഗ്ലാദേശ് (ജെഎംബി) എന്ന ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നാല് ബംഗ്ലാദേശി പൗരന്മാരെ മധ്യപ്രദേശിലെ തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ഭോപ്പാലിലെ ഐഷ്ബാഗ്, കരൗണ്ട് പ്രദേശങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആയുധങ്ങൾ ഉൾപ്പെടെ വൻതോതിൽ ജിഹാദി പുസ്തകങ്ങളും ഒരു ഡസനിലധികം ലാപ്‌ടോപ്പുകളും സംശയാസ്പദമായ രേഖകളും കണ്ടെടുത്തിട്ടുണ്ട്.
ഫസ്ഹർ അലി എന്ന മെഹമൂദ് (32), മുഹമ്മദ് അഖീൽ എന്ന അഹമ്മദ് (24), സഹൂറുദ്ദീൻ എന്ന ഇബ്രാഹിം എന്ന മിലോൺ പത്താൻ എന്ന ജൗഹർ അലി (28), ഫസ്ഹർ സൈനുൽ അബ്ദീൻ എന്ന അക്രം അൽ ഹസൻ എന്ന ഹുസൈൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മൂന്ന് മാസമായി ഐഷ്ബാഗ് പൊലീസ് സ്റ്റേഷന് സമീപമുള്ള വീട്ടിലാണ് ഭീകരർ താമസിച്ചിരുന്നത്. പ്രതികൾ മൂന്ന് മാസമായി ഈ മുറിയിൽ താമസിക്കുന്നുണ്ട്. അപൂർവമായേ വീടിനു പുറത്തിറങ്ങാറുള്ളൂ. തിരിച്ചറിയൽ കാർഡ് നൽകുകയോ ആരോടും സംസാരിക്കുകയോ ചെയ്തില്ലെന്നും ഉടമ പറഞ്ഞു.
അതീവ രഹസ്യമായി നടത്തിയ അറസ്റ്റ് ഞായറാഴ്ച ഉച്ചവരെ ലോക്കൽ പൊലീസ് പോലും അറിഞ്ഞിരുന്നില്ല. അറസ്റ്റിന് ശേഷം എടിഎസ് പ്രതികളെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു. എടിഎസിനൊപ്പം ഐബി ഉൾപ്പെടെയുള്ള എൻഐഎയും അന്വേഷണത്തിൽ പങ്കാളികളായി. ഐഷ്ബാഗ് പൊലീസ് സ്റ്റേഷനിൽ നിന്ന് അര കിലോമീറ്റർ അകലെ ഫാത്തിമ മസ്ജിദിന് സമീപമുള്ള ലെയിനിലേക്ക് പുലർച്ചെ തന്നെ കനത്ത പൊലീസ് സേന എത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here